മദീന: റൊട്ടികൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് മദീന മുനിസിപ്പാലിറ്റി പ്രത്യേക മാനദണ്ഡങ്ങൾ നിശ്ചയിച്ചു. ഉപഭോക്താവിന് ഉൽപന്നം സുരക്ഷിതമായും നിലവാരം നഷ്ടപ്പെടാതെ ലഭിക്കാനും ലക്ഷ്യമിട്ടാണിത്.
ആരോഗ്യസുരക്ഷ നിബന്ധനകളുടെ അടിസ്ഥാനത്തിൽ റൊട്ടി വാഹനങ്ങൾക്ക് ഉണ്ടായിരിക്കേണ്ട മാനദണ്ഡങ്ങളാണ് മുനിസിപ്പാലിറ്റി നിർണയിച്ചിരിക്കുന്നത്. വൃത്തിയാക്കാനും അണുമുക്തമാക്കാനും എളുപ്പത്തിൽ സാധിക്കുന്ന സ്റ്റൈയിൻലസ് ഷെൽഫുകൾ വാഹനത്തിൽ ഉണ്ടായിരിക്കണം.
ഭക്ഷ്യ ഉൽപന്നങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിന് കൂളിങ് യൂനിറ്റ്, തൊഴിലാളികൾക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് എന്നിവ പ്രധാന മാനദണ്ഡങ്ങളിലുൾപ്പെടും. വാഹനത്തിനുള്ളിലെ താപനില 25 ഡിഗ്രി സെൽഷ്യസിൽ കൂടരുത്. ശീതീകരിച്ച ഉൽപന്നങ്ങളാണെങ്കിൽ നാലു ഡിഗ്രി സെൽഷ്യസിൽ കവിയുകയും ചെയ്യരുത്. വാഹന തറയിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കരുത്.
ഉൽപന്നങ്ങൾ നല്ല നിലയിൽ സൂക്ഷിക്കാൻ കഴിയുന്ന സംവിധാനങ്ങളാണ് വാഹനത്തിൽ ഉണ്ടാകേണ്ടത്. വാഹനത്തിനു പുറത്ത് സ്ഥാപനത്തിെൻറ പേര്, ബന്ധപ്പെടാനുള്ള നമ്പറുകൾ എന്നിവ വ്യക്തമായി എഴുതിയിരിക്കണം. വാഹനത്തിനകത്തെ വസ്തുക്കൾ എന്താണെന്ന് അറിയാൻ അവയുടെ ചിത്രങ്ങൾ പുറത്ത് പതിക്കണം. വശങ്ങളിലും പിറകിലുമുള്ള ഡോറുകളും പൂട്ട് ഉപയോഗിച്ച് അടച്ചിടണം തുടങ്ങിയവയും പാലിക്കേണ്ട നിബന്ധനകളിലുൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.