സൈക്കിളിൽ ലോകംചുറ്റുന്ന സോമൻ ദേബ്നാഥിന് ജുബൈൽ റോയൽ കമീഷനിൽ സ്വീകരണം നൽകുന്നു
ജുബൈൽ: സൈക്കിളിൽ ലോകസഞ്ചാരം നടത്തുന്ന സോമൻ ദേബ്നാഥിന് ജുബൈലിൽ സ്വീകരണം നൽകി. റോയൽ കമീഷനിലെ ഗതാഗതവിഭാഗം ഏരിയയിൽ ബെക്ടെൽ പ്രോഗ്രാം മാനേജർ സുനിൽ തക്യർ ഫ്ലാഗ്ഓഫ് ചെയ്തു. ദരരാജ് സൈക്ലിങ് ക്ലബിലെ അബ്ദുറഹ്മാൻ അൽ-ഷെഹ്രി, ബൽദേവ് സിങ് എന്നിവരോടൊപ്പം ഡെഫി പാർക്കിൽ സവാരി നടത്തി.
ലോക രാജ്യങ്ങൾ മുഴുവൻ സൈക്കളിൽ സഞ്ചരിച്ച് എയ്ഡ്സ് ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ 2004ൽ പശ്ചിമ ബംഗാളിൽനിന്നാണ് പര്യടനം ആരംഭിച്ചത്. 1.8 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചതായി സോമൻ പറഞ്ഞു. 190ഓളം രാജ്യങ്ങൾ സന്ദർശിച്ചു. ഏഷ്യ, യൂറോപ്പ്, ഗ്രീൻലാൻഡ്, ആഫ്രിക്ക, സൗത്ത് പോൾ, കാനഡ തുടങ്ങിയ രാജ്യങ്ങൾ പിന്നിട്ട് ഇപ്പോൾ പശ്ചിമേഷ്യയിലാണ് സഞ്ചാരം നടത്തുന്നത്. ദിവസം എട്ടു മണിക്കൂർ യാത്ര ചെയ്യും.
പോകുന്ന സ്ഥലങ്ങളിലെല്ലാം ഒരു വൃക്ഷത്തൈ നട്ടുപിടിപ്പിക്കും. പോളണ്ട്, ജർമനി, അമേരിക്ക എന്നിവിടങ്ങിൽവെച്ച് സൈക്കിൾ മോഷണം പോയി. നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. സമൂഹങ്ങളെ തമ്മിൽ ബന്ധിപ്പിക്കാനും വിവിധ സംസ്കാരങ്ങൾ അടുത്തറിയാനും യാത്രമൂലം സാധിച്ചു. ഇന്ത്യക്കാരൻ എന്ന നിലയിൽ വലിയ സ്വീകാര്യതയാണ് തന്റെ യാത്രക്ക് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വഹീദ് ലത്തീഫ്, അതീഖ് റഹ്മാൻ, ജയൻ തച്ചമ്പാറ, സഫയർ മുഹമ്മദ്, നൂഹ് പാപ്പിനിശ്ശേരി, പി.കെ. നൗഷാദ്, നാസർ കായംകുളം, കസീസിയാവുദ്ദീൻ, ഷെരീഫ് അബുൽ ഗൈത്, അരുൺ എന്നിവർ പങ്കെടുത്തു. ലുലുവിൽ നൽകിയ സ്വീകരണത്തിൽ ഡോ. പി.കെ. ജൗഷീദ്, പി.കെ. നൗഷാദ് തിരുവനന്തപുരം, ശാന്തി രേഖ, എൽന രാജൻ, മെരാജ് അൻസാരി, തോമസ് മാത്യു മമ്മൂടൻ, ബൈജു അഞ്ചൽ, പ്രജിത് കോറോത്ത്, അനിൽകുമാർ, ജിനേഷ്, ഫാറൂഖ്, ദാസ്, കുങ്കുൻ, നസീർ കഴക്കൂട്ടം, രാകേഷ് പട്ടേൽ, അഷ്റഫ് മൂവാറ്റുപുഴ, അഭിഷേക് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.