റിയാദ് അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് നടന്ന ആംഗ്യഭാഷാ ശിൽപശാലയിൽ നിന്ന്.
റിയാദ്: റിയാദിൽ നടന്നു വരുന്ന അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടിയുടെ ഭാഗമായി 'ആംഗ്യഭാഷ പഠിക്കാനുള്ള നിങ്ങളുടെ ആദ്യ ചുവട്' എന്ന പേരിൽ ശിൽപശാല സംഘടിപ്പിച്ചു. ആംഗ്യഭാഷാ വിദഗ്ധൻ ഡോ. ഖാലിദ് അൽദകീർ നയിച്ച പരിപാടിയിൽ ഇതുമായി ബന്ധപ്പെട്ടുള്ള നിരവധി പേർ പങ്കെടുത്തു. സൗദി ആംഗ്യഭാഷാ അക്ഷരമാലയിലും ദൈനംദിന ജീവിതത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആംഗ്യങ്ങളിലുമായിരുന്നു ശിൽപശാല പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രായോഗിക പരിശീലനങ്ങളിലൂടെയും സംവേദനാത്മകമായ അഭ്യാസങ്ങളിലൂടെയും, യഥാർത്ഥ സാഹചര്യങ്ങളിൽ ആംഗ്യഭാഷ ഉപയോഗിച്ച് ആശയവിനിമയം നടത്താനുള്ള കഴിവുകൾ നേടാൻ ഇത് പങ്കെടുത്തവരെ സഹായിച്ചു.
ഈ ഭാഷയുടെ അടിസ്ഥാന കാര്യങ്ങളെക്കുറിച്ചും, ബധിരരുമായും കേൾവിക്കുറവുള്ളവരുമായും ബന്ധപ്പെടാനുള്ള ഒരു പാലം എന്ന നിലയിൽ ഇതിനുള്ള പ്രാധാന്യത്തെക്കുറിച്ചും സന്ദർശകരെ ബോധവൽക്കരിക്കുക എന്നതായിരുന്നു ശിൽപശാലയുടെ ലക്ഷ്യം. സൗദി വിഷൻ 2030 ഊന്നിപ്പറയുന്ന സാമൂഹിക ഉൾക്കൊള്ളലിൻ്റെയും സംയോജനത്തിൻ്റെയും മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഇത് സഹായകമാകും.
വിദ്യാഭ്യാസപരവും സാമൂഹികവും സാംസ്കാരികവുമായ അവകാശങ്ങൾ ബധിരർക്ക് പ്രാവർത്തികമാക്കുന്നതിൽ ആംഗ്യഭാഷ വഹിക്കുന്ന സുപ്രധാന പങ്ക്, പരസ്പര ധാരണയിലും ബഹുമാനത്തിലുമധിഷ്ഠിതമായ ആശയവിനിമയത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ചും ശിൽപശാല ചർച്ച ചെയ്തു. അറിവിൻ്റെ ചക്രവാളങ്ങൾ വികസിപ്പിക്കാനും കൂടുതൽ അവബോധമുള്ളതും ആശയവിനിമയശേഷിയുള്ളതുമായ ഒരു സമൂഹം കെട്ടിപ്പടുക്കാനും ലക്ഷ്യമിട്ടുള്ള ഗുണമേന്മയുള്ള പരിപാടികളും പ്രവർത്തനങ്ങളുമായി റിയാദ് അന്താരാഷ്ട്ര പുസ്തകമേള തുടരുകയാണ്. ഒക്ടോബർ 11 വരെ നടക്കുന്ന പുസ്തകമേളയിലേക്ക് എല്ലാ ദിവസവും രാവിലെ 11 മുതൽ രാത്രി 12 വരെ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.