എ ഡിവിഷൻ എച്ച്.എം.ആർ റിയൽ കേരള എഫ്.സി, അർകാസ് ബ്ലാസ്റ്റേഴ്‌സ് എഫ്.സി മത്സരത്തിൽ നിന്ന്.
ജിദ്ദ: കിങ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്നുവരുന്ന സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സിഫ് റബിഅ ടീ ചാമ്പ്യൻസ് ലീഗിലെ കഴിഞ്ഞ വാരം നടന്ന മത്സരങ്ങളിൽ എ ഡിവിഷനിലെ വാശിയേറിയ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ എച്ച്.എം.ആർ റിയൽ കേരള എഫ്.സി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് അർകാസ് ബ്ലാസ്റ്റേഴ്‌സ് എഫ്.സിയെ പരാജയപ്പെടുത്തി ലീഗ് റൗണ്ടിൽ മൂന്ന് പോയിന്റ് സ്വന്തമാക്കി. കളിയുടെ തുടക്കം മുതൽ അവസാന വിസിൽ വരെ ആവേശം വാരിവിതറിയ മത്സരത്തിൽ റിയൽ കേരള എഫ്.സിക്ക് വേണ്ടി ഈസ്റ്റ് ബംഗാൾ താരം അമൻ രണ്ട് ഗോളുകളും, മുൻ ഇന്ത്യൻ താരം വി.പി സുഹൈർ ഒരു ഗോളും നേടി. റിയൽ കേരളയുടെ മിക്ക ആക്രമണങ്ങൾക്കും വഴിയൊരുക്കിയ വി.പി സുഹൈർ ആയിരുന്നു മത്സരത്തിലെ 'പ്ലയർ ഓഫ് ദി മാച്ച്'. സുഹൈറിനുള്ള പവർ ഹൗസ് അവാർഡ് മുഖ്യാതിഥികളായിരുന്ന പ്രമുഖ യൂട്യൂബർമാരായ 'കൊമ്പൻകാട് കോയയും കുഞ്ഞാപ്പു'വും സംയുക്തമായി സമ്മാനിച്ചു.
ബി ഡിവിഷനിലെ ആവേശകരമായ ആദ്യ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കാഫ് ലോജിസ്റ്റിക് ഫ്രണ്ട്സ് ജിദ്ദയെ തോൽപ്പിച്ച് ആർച്ചുണ് അഡ്വെർടൈസിങ് ആൻഡ് ഇവന്റ്സ് എ.സി.സി എഫ്. സി ബി ടീം തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി. രണ്ടു ഗോളിന് പിന്നിൽ നിന്ന ശേഷം ഉജ്ജ്വലമായി തിരിച്ചടിച്ചാണ് എ.സി.സി ബി ടീം നിർണായക വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ അവസാന നിമിഷത്തിൽ ഫ്രണ്ട്സ് ജിദ്ദ ടീമിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഉജ്ജ്വല സേവിങ്ങിലൂടെ കൈപ്പിടിയിലൊതുക്കി ടീമിന്റെ വിജയം ഉറപ്പിച്ച എ.സി.സി എഫ്.സി ബി ടീം ഗോൾകീപ്പർ മുഹമ്മദ് റാസിയെയാണ് മത്സരത്തിലെ കേമനായി തിരഞ്ഞെടുത്തത്. സാമൂഹ്യ പ്രവർത്തകൻ വാസു ട്രോഫി സമ്മാനിച്ചു.
ബി ഡിവിഷനിൽ എ.സി.സി എഫ് സി ബി ടീം ഗോൾകീപ്പർ മുഹമ്മദ് റാസി പന്ത് ഡൈവ് ചെയ്തു പിടിക്കുന്നു.
ബി ഡിവിഷൻ രണ്ടാം മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ബൂക്കാറ്റ് എഫ്.സി സോക്കർ ഫ്രീക്‌സ് സീനിയേഴ്‌സിനെ പരാജയപ്പെടുത്തി അഹ്‌ദാബ് ഇന്റർനാഷനൽ സ്‌കൂൾ ന്യൂ കാസിൽ എഫ്.സി ടൂർണമെന്റിലെ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി. മത്സരത്തിലെ മികച്ച കളിക്കാരനായ ന്യൂ കാസിൽ എഫ്.സിയുടെ മുഹമ്മദ് ഷുഹൈബിന്, മുഹ്‌സിൻ (എൻ. കംഫർട്ട്) ട്രോഫി സമ്മാനിച്ചു.
ബി ഡിവിഷൻ മൂന്നാം മത്സരത്തിൽ വിജയ് മസാല ബി.എഫ്.സി ജിദ്ദ ബ്ലൂസ്റ്റാർ സീനിയേഴ്‌സ്, ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് വെൽ കണക്ട് സെക്യൂരിറ്റി സൊല്യൂഷൻസ് യൂത്ത് ഇന്ത്യ ക്ലബ്ബിനെ പരാജയപ്പെടുത്തി തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി. ബി.എഫ്.സി ജിദ്ദക്ക് വേണ്ടി മുഹമ്മദ് ഷഫീഖ്, മുഹമ്മദ് സുഹൈർ, മുഹമ്മദ് അൻസാഹ് എന്നിവരാണ് ഗോളുകൾ സ്കോർ ചെയ്‌തത്. കളിയിലെ താരമായ ബി.എഫ്.സി ജിദ്ദയുടെ മുഹമ്മദ് സുഹൈറിനു വിജയ് മസാല മാനേജിങ് ഡയറക്ടർ സാജു മൂലൻ ട്രോഫി കൈമാറി.
മത്സരങ്ങൾ കാണാനായി തടിച്ചുകൂടിയ ജനക്കൂട്ടം.
17 വയസ്സിനു താഴെയുള്ള കുട്ടികളുടെ ടീമുകൾ മത്സരിക്കുന്ന ഡി ഡിവിഷനിലെ നിർണായക മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പവർ സ്പോട് ഫിറ്റ്നസ് സ്പോർട്ടിങ് യുനൈറ്റഡിനെ തോൽപ്പിച്ചു കൊണ്ട് ഗ്രീൻ ബോക്സ് ലോജിസ്റ്റിക് ടാലന്റ് ടീൻസ് തുടർച്ചയായ രണ്ടാം ജയത്തോടെ സെമിഫൈനൽ ഉറപ്പിച്ചു. ടാലന്റ് ടീൻസിനു വേണ്ടി രണ്ടു ഗോളുകളും നേടിയ മുഹമ്മദ് ഷിഹാനെ മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കുകയും സിഫ് വൈസ് പ്രസിഡന്റ് സലാം കാളികാവ് ട്രോഫി സമ്മാനിക്കുകയും ചെയ്തു.
നാഫി കുപ്പനാത്ത് (മാർക്കറ്റിങ് ഡയറക്റ്റർ, റബിഅ ടി), മുഹമ്മദ് നൗഫൽ (എം.ഡിഎച്ച്.എം.ആർ), ജോയ് മൂലൻ, സാജു മൂലൻ, പ്രവീൺ മൂലൻ (വിജയ് മസാല), ഷംസീദ് (എം.ഡി, സമാ പ്ലാസ്റ്റിക്), ശിൽജാസ് (എം.ഡി, അനാലിറ്റിക്‌സ്), സമീർ (എം.ഡി ഐവ ഫുഡ്‌സ്), ഫസലുറഹ്മാൻ (മാർക്കറ്റിങ് മാനേജർ, ദിവാർ ഹോട്ടൽ), ഉണ്ണീൻ പുലാക്കൽ (മാനേജർ, സഹ്‌റ തോബ്), അംജദ് വാഴക്കാട് (റിയൽ കേരള) എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.
അടുത്ത വെള്ളിയാഴ്ച ജിദ്ദ കിംഗ് അബ്ദുൽ അസിസ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരങ്ങളിൽ എ ഡിവിഷനിൽ നിലവിലുള്ള ചാമ്പ്യന്മാരായ ബാൻ ബേക്കറി മഹ്ജർ എഫ്.സി തങ്ങളുടെ ആദ്യ മത്സരത്തിൽ ശക്തരായ എൻകംഫർട് എ.സി.സി എ ടീമിനെ നേരിടും. ഡി ഡിവിഷനിൽ ഒരു മത്സരവും, ബി ഡിവിഷനിൽ മൂന്ന് മത്സരങ്ങളും ഉൾപ്പടെ അടുത്ത വെള്ളിയാഴ്ച്ച മൊത്തം അഞ്ചു മത്സരങ്ങൾ ഉണ്ടായിരിക്കുമെന്ന് സിഫ് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.