ജിദ്ദ: മക്ക ജിദ്ദ എക്സ്പ്രസ് റോഡിലെ ശുമൈസി ചെക്ക്പോസ്റ്റ് കേന്ദ്രം വികസനം അവസാന ഘട്ടത്തിലെത്തി. മക്ക വികസന അതോറിറ്റിയാണ് പദ്ധതി നടപ്പാക്കിയത്. പദ്ധതി ഏതാണ്ട് പൂർത്തിയായതോടെ പ്രവർത്തിപ്പിക്കാനും ഉപയോഗപ്പെടുത്താനും സുരക്ഷ, സേവന വകുപ്പുകൾക്ക് കീഴിൽ കൈമാറുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതിനായി പദ്ധതി ആസ്ഥാനത്ത് കഴിഞ്ഞ ദിവസം യോഗം ചേർന്നു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന ഹജ്ജ്, ഉംറ തീർഥാടകർ കടന്നുപോകുന്ന പ്രധാന റോഡിലെ പ്രവേശന കവാടമെന്ന നിലയിൽ ഏറ്റവും മികച്ച വാസ്തുവിദ്യയിലാണ് പദ്ധതി നടപ്പാക്കിയത്.
സ്ഥലത്തെ കാഴ്ച നന്നാക്കുന്നതോടൊപ്പം തിരക്കേറിയ സമയങ്ങളിൽ ചെക്ക്പോസ്റ്റിലെ കാത്തിരിപ്പ് സമയം കുറച്ച് ആളുകളുടെ പോക്കുവരവുകൾ എളുപ്പമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 16 ട്രാക്കുകളാണ് റോഡിന്. റോഡ് ഉപയോഗിക്കുന്നവർക്ക് വേണ്ട സേവനം നൽകുന്നതിന് വിവിധ ഗവൺമെൻറ് ഏജൻസി ഒാഫിസുകളും പാർപ്പിട സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസലിെൻറ നിർദേശ പ്രകാരം നടപ്പിലാക്കിയ പദ്ധതി ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിച്ച് നിശ്ചിത കാലയളവിൽ പൂർത്തിയാക്കിയിട്ടുണ്ട്. പദ്ധതി കൈമാറുന്നതിനായുള്ള യോഗത്തിൽ ഹജ്ജ്-ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മുശാത്, മക്ക വികസന അതോറിറ്റി സി.ഇ.ഒ എൻജിനീയർ അഹ്മദ് അൽആരിദ്, റോഡ് സുരക്ഷ പ്രത്യേക സേന കമാൻഡർ മേജർ ജനറൽ അബ്ദുൽ അസീസ് മുസ്അദ്, മുനിസിപ്പൽ അണ്ടർ സെക്രട്ടറി എൻജിനീയർ സുഹൈർ സഖാത്, മേഖല സുരക്ഷ, ധനകാര്യ, ഗതാഗത രംഗത്തെ മുതിർന്ന ഉദ്യോഗസ്ഥരും പെങ്കടുത്തു.
കൂടാതെ മക്കയിലും പുണ്യസ്ഥലങ്ങളായ മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലായി വിപുലമായ വികസന പദ്ധതികളാണ് അതോറിറ്റി നടപ്പാക്കിവരുന്നത് . 14ഒാളം വികസന പദ്ധതികളാണ് മക്കയിലും പുണ്യസ്ഥലങ്ങളായ മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലും നടപ്പാക്കുന്നത്. ഇതിലേറ്റവും എടുത്തുപറയേണ്ടതാണ് മക്ക പൊതുഗതാഗത പദ്ധതി.
172 കിലോമീറ്റർ നീളത്തിൽ 347 സ്റ്റേഷനുകളോടുകൂടിയാണ് ലോക്കൽ ബസ് പാത ഒരുക്കുന്നത്. 103 കിലോമീറ്ററിൽ 103 സ്റ്റേഷനുകളോട് കൂടിയതാണ് എക്സ്പ്രസ് ബസ് പാത. നാല് കേന്ദ്ര സ്റ്റേഷനുകൾ, ഏഴ് പാലങ്ങൾ, 11 സ്മാർട്ട് ജങ്ഷനുകൾ, 455 സ്റ്റോപ്പുകൾ എന്നിവയും പദ്ധതിക്ക് കീഴിലുണ്ട്. മൊത്തം 400 ബസുകളാണ് സർവിസിനുണ്ടാകുക. പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. രണ്ടാമത്തെയും മൂന്നാമത്തെയും റിങ് റോഡുകളും നടപ്പാക്കിവരുന്ന പദ്ധതികളിലുൾപ്പെടും. കിങ് അബ്ദുല്ല പാലത്തിന് സമാനമായി കാൽനട പാലം, പുണ്യസ്ഥലങ്ങളിലെ വിവിധ ഭാഗങ്ങളിൽ സർവിസ് റോഡുകൾ, ഭൂഗർഭ ക്രോസിങ്ങുകൾ, അറവുശാല മാലിന്യ സംസ്കരണ പ്ലാൻറിെൻറ പൂർത്തീകരണം, മലകളിൽനിന്ന് പാറകൾ വീണുണ്ടാകുന്ന അപകടങ്ങളൊഴിവാക്കാൻ വേണ്ട സുരക്ഷ മതിലുകളുടെ നിർമാണം എന്നിവയും പദ്ധതികളിലുൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.