ഷിഞ്ജു സാമൂഹികപ്രവർത്തകരോടൊപ്പം

ദുരിതപർവം താണ്ടി ഷിഞ്ജു ഒടുവിൽ നാട്ടിലെത്തി

ബുറൈദ: ദുരിതപൂർണമായ പ്രവാസം അവസാനിപ്പിച്ച് കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷിഞ്ജു താജുദ്ദീൻ നാട്ടിലേക്ക് മടങ്ങി. മൂന്ന് വർഷമായി സൗദിയിലെ ഖസീം പ്രവിശ്യയിൽ പ്രവാസിയായ ഇദ്ദേഹം രേഖകൾ ഇല്ലാതെയും സ്​പോൺസറുടെ അടുത്തുനിന്ന്​ ഒളിച്ചോടിയെന്ന 'ഹുറൂബ്​' കേസിൽ പെട്ടും കഴിയുകയായിരുന്നു. ഇതിനിടെ സൗദിയിൽ പലയിടങ്ങളിലായി ജോലി ചെയ്തു.

കഴിഞ്ഞ ഒരു വർഷമായി ഖസീം പ്രവിശ്യയിലെ ബുഖൈരിയയിൽ ജോലി ചെയ്തുവരികയായിരുന്നു. രണ്ടാഴ്ചമുമ്പ് കൈകാലുകൾക്ക് തളർച്ച അനുഭവപ്പെട്ടതിനെതുടർന്ന് നടക്കാൻ പോലും ബുദ്ധിമുട്ടിയിരുന്ന ഇദ്ദേഹത്തെ ബുഖൈരിയ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗാവസ്ഥ ഗുരുതരമായിരുന്നിട്ടുകൂടി ഭാരിച്ച ചികിത്സാ ചെലവ് താങ്ങാൻ സാധിക്കാതെ വന്നപ്പോൾ താമസസ്ഥലത്തേക്ക് തിരികെ കൊണ്ടുവരേണ്ടിവന്നു. ഇദ്ദേഹത്തിന്‍റെ നിസ്സഹായാവസ്ഥ ഖസീം പ്രവാസി സംഘം ബുഖൈരിയ യൂനിറ്റ്​പ്രവർത്തകരായ സാജിദ് ചെങ്കളം, അൻസാദ് കരുനാഗപ്പള്ളി എന്നിവരുടെ ശ്രദ്ധയിൽപ്പെടുകയും കേന്ദ്ര ജീവകാരുണ്യ വിഭാഗത്തെ അറിയിക്കുകയുമായിരുന്നു.

ഖസീം പ്രവാസി സംഘം കേന്ദ്ര ജീവകാരുണ്യ വിഭാഗം കൺവീനർ നൈസാം തൂലിക, സാമൂഹിപ്രവർത്തകൻ ഹരിലാൽ എന്നിവരുടെ നേതൃത്വത്തിൽ വിഷയം ഇന്ത്യൻ എംബസിയെ അറിയിച്ചു. എംബസിയുടെ കൂടി ശ്രമഫലമായി ബന്ധപ്പെട്ട സൗദി വകുപ്പുകളും ഉദ്യോഗസ്ഥരും സഹായഹസ്തവുമായി മുന്നോട്ടുവന്നതോടെ ഷിഞ്ജുവിന് നാട്ടിലേക്കുള്ള വഴിയൊരുങ്ങി. കഴിഞ്ഞിദിവസം രാവിലെയുള്ള ഇൻഡിഗോ വിമാനത്തിൽ ഷിഞ്ജു നാട്ടിലെത്തി.

Tags:    
News Summary - shinju thajudeen return from saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.