കേരളത്തിൽ നിന്നെത്തിയ വനിതാ ഹജ്ജ് വളന്റിയർമാർ

ഹാജിമാർക്ക് തുണയായി ഏഴ് മലയാളി വനിതാ വളന്റിയർമാരും

മക്ക: കേരളത്തിൽ നിന്നെത്തി ഹജ്ജിൽ തീർഥാടകർക്കൊപ്പം കർമങ്ങൾക്ക് കൂടെനിന്നു മുഴുവൻ കാര്യങ്ങളിലും തുണയായവരിൽ ഏഴ് മലയാളി വനിതാ വളന്റിയർമാരും. വിവിത സർക്കാർ വകുപ്പുകളിൽ ജോലി ചെയുന്ന ഇവർ ഡെപ്യൂട്ടേഷനിൽ എത്തിയതാണ്. 'നോൺ മഹ്‌റം' (പുരുഷ തുണ വേണ്ടാത്ത) വിഭാഗത്തിൽ എത്തിയ ഹാജിമാർക്കാണ് ഇവർ സേവനം ചെയ്യുന്നത്.

40 ദിവസം സൗദിയിൽ ചെലവഴിച്ചു നാട്ടിലേക്ക് മടങ്ങുമ്പോഴേക്കും ഓരോ ഹാജിക്കും ഇവർ സ്വന്തക്കാരെ പോലെയായി മാറുന്നു. ഇന്ത്യയിൽ നിന്ന് ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തുന്ന ഹാജിമാർ അതത് സംസ്ഥാന കമ്മിറ്റികളുടെ മേൽനോട്ടത്തിലാണ് ഹജ്ജ് നിർവഹിക്കുന്നത്. ഇവരെ നയിക്കാനായി 150 ഹാജിമാർക്ക് ഒരു വളന്റിയർ എന്ന തോതിലാണ് 'ഖാദിമുൽ ഹുജ്ജാജ്മാരെ' അയക്കുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാർ സർവിസിലുള്ള ഉദ്യോഗസ്ഥരെയാണ് ഇതിന് നിയോഗിക്കാറുള്ളത്.

പുരുഷന്മാരായിരുന്നു ഇത്തരത്തിൽ വളന്റിയർമാരായി എത്താറുണ്ടായിരുന്നത്. 2018 മുതലാണ് പുരുഷബന്ധുക്കൾ കൂടെയില്ലാതെ വനിതകൾക്ക് ഹജ്ജ് തീർഥാടനത്തിനായി വരാൻ സൗദി അനുവാദം നൽകിയത്. 'നോൺ മഹ്‌റം' വിഭാഗത്തിൽ വനിതകൾ ഇങ്ങനെ ബന്ധുക്കളൊ മാറ്റ് സഹായികളൊ ഇല്ലാതെ ഹജ്ജിന് എത്താൻ തുടങ്ങിയതോടെയാണ് അവർക്ക് കൂട്ടായി വനിതാ വളന്റിയർമാരെ അനുവദിച്ചുതുടങ്ങിയത്. ഇവരുടെ സേവനം വിലമതിക്കാനാവാത്തതായി മാറുകയാണ്. നാട്ടിൽ നിന്ന് പോരുന്നത് മുതൽ നാട്ടിലേക്ക് തിരിച്ചെത്തുന്നത് വരെ ഇവരുടെ മുഴുവൻ കാര്യങ്ങളിലും കൂടെയുള്ളത് വളന്റിയർമാരാണ്.

കേരളത്തിൽ നിന്ന് ഇത്തവണ എത്തിയത് വിവിധ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന സുമയ്യ കൊച്ചുകലുങ്ക് (അധ്യാപിക -മണക്കാട് ഗവൺമെന്റ് സ്കൂൾ), ലൈജമോൾ (പൊലീസ് ഓഫീസർ -മൂന്നാർ), സുഹറാബി പെരുമ്പടപ്പിൽ (അധ്യാപിക -ജി.എച്ച്.എസ്.എസ് പൊന്നാനി), നദീറ ബീവി (ടൂറിസം വകുപ്പ്), സീനത്ത് (ട്രഷറി ഉദ്യോഗസ്ഥ -ഇടുക്കി), എം. ഫെമിന (മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥ -രാമനാട്ടുകര), കെ.കെ. നൗസിയ (മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടമെന്റ് -കോഴിക്കോട്) എന്നിവരാണ്.

അഞ്ചോ ആറോ മണിക്കൂർ ഉറക്കം ഒഴിച്ചാൽ മുഴുവൻ സമയവും ഹാജിമാർക്ക് സേവനം ചെയ്യുന്നതിൽ മുഴുകുകയായിരുന്നു എന്ന് ഇവർ പറയുന്നു. അസുഖമുള്ള ഹാജിമാർക്കൊപ്പം ആശുപത്രികളിൽ കഴിയുക ഉൾപ്പെടെ ഏറെ പ്രയാസം നിറഞ്ഞ സേവനങ്ങൾ പുരുഷ വളന്റിയർമാരെ പോലെ ഇവരും നിർവഹിച്ചു. നാട്ടിൽനിന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെയും സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെയും രണ്ട് ദിവസം നീണ്ട പരിശീലനത്തിൽ പങ്കെടുത്താണ് ഇവർ ഹാജിമാർക്കൊപ്പം എത്തിയത്. പ്രയാസങ്ങളൊന്നും കൂടാതെ ഹജ്ജ് നിർവഹിച്ച സന്തോഷത്തിൽ ചാരിതാർഥ്യത്തോടെ ഹാജിമാരോടൊപ്പം നാട്ടിലേക്കു മടങ്ങാൻ ഒരുങ്ങുകയാണ് ഇവർ. ഇത്തവണ 2,300 വനിതകളാണ് ഇത്തരത്തിൽ പുരുഷ സഹായമില്ലാതെ ഹജ്ജിന് എത്തിയത്. ഇതിൽ 1,650 വനിതാ തീർഥാടകരാണ് കേരളത്തിൽ നിന്നും വന്നത്.

Tags:    
News Summary - Seven Malayali women volunteers helped the pilgrims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.