പുതിയ അധ്യയന വർഷാരംഭമായ ഞായറാഴ്ച സ്കൂളിലെത്തിയ കുട്ടികളെ അധ്യാപകർ സ്വീകരിക്കുന്നു
യാംബു: സൗദിയിലെ വിദ്യാലയങ്ങൾ പുതിയ അധ്യയനവർഷത്തിന് തുടക്കംകുറിച്ച് ഞായറാഴ്ച തുറന്നു. വേനലവധിക്കുശേഷം കുട്ടികൾ വിദ്യാലയങ്ങളിലേക്ക് തിരിച്ചെത്തി. പുതുതായി പ്രവേശനം നേടിയ കുട്ടികൾ പുതിയൊരു ലോകത്തിലെത്തിയ അമ്പരപ്പും പരിഭ്രമവുമായാണ് ക്ലാസിലിരുന്നത്. കെ.ജി, പ്രീ സ്കൂൾ, ഒന്നാംക്ലാസ് വിദ്യാർഥികളായ മക്കളോടൊപ്പം അധ്യയന വർഷാരംഭത്തിലെ ആദ്യ രണ്ടുദിനങ്ങളിൽ സ്കൂളിൽ എത്താൻ രക്ഷിതാക്കൾക്ക് അനുവാദം നൽകിയിരുന്നു. അവർക്കാവശ്യമായ സൗകര്യമൊരുക്കാൻ അധ്യാപകരടക്കമുള്ള ജീവനക്കാരോട് വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചു. ഇത്തരം ജീവനക്കാർക്ക് സ്കൂൾ അധികൃതരുമായി ഏകോപനം നടത്തി രാവിലെ 10 ന് ഡ്യൂട്ടിയിൽ എത്തിയാൽ മതിയെന്നും നിർദേശം നൽകിയിരുന്നു.
സ്കൂളുകൾക്ക് കീഴിലുള്ള കഫത്തീരിയകളും കാന്റീനുകളും തുറന്നുപ്രവർത്തിച്ചതും സൗകര്യമായി. വിദ്യാർഥികൾക്കാവശ്യമായ പാഠപുസ്തകങ്ങളുടെ വിതരണം പൂർത്തിയായി വരുന്നതായി മന്ത്രാലയം അറിയിച്ചു. കുട്ടികളുടെ പ്രാതൽ, യൂനിഫോം, പഠനോപകരണങ്ങൾ എന്നിവ തിരഞ്ഞെടുക്കുന്നതിൽ അവരുടെ കൂടി പങ്കാളിത്തം ഉറപ്പുവരുത്താനും രക്ഷിതാക്കൾക്ക് നിർദേശം നൽകിയിരുന്നു.
രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കാലോചിതമായ മാറ്റങ്ങൾക്ക് മന്ത്രാലയം നടപടി സ്വീകരിച്ചിരുന്നു. വിഷൻ 2030 ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് തൊഴിൽ മേഖലയിലെ സൗദി പൗരന്മാരുടെ എണ്ണം വർധിപ്പിക്കുക എന്നതാണ്. ഇത് സുഗമമാക്കുന്നതിന് രാജ്യത്ത് തൊഴിൽപരവും സാങ്കേതികവുമായ പരിശീലന സൗകര്യങ്ങളുടെ കുതിച്ചുചാട്ടം ഉണ്ടാക്കിയിട്ടുണ്ട്.
പ്രൈമറി, സെക്കൻഡറി തലങ്ങളിൽ രാജ്യത്തെ സ്കൂളുകളുടെ എണ്ണം ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവിധാനങ്ങളും പഠനനിലവാരവും മറ്റും നിരീക്ഷിക്കാൻ വിദ്യാഭ്യാസ ഉദ്യോഗസ്ഥന്മാരുടെ സന്ദർശന പരിപാടി സജീവമാക്കാനും അവലോകന യോഗങ്ങൾ സംഘടിപ്പിക്കാനും മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. അധ്യാപകരുടെ സ്ഥലമാറ്റ നടപടിക്രമങ്ങൾ, വേനൽക്കാല വിദ്യാഭ്യാസ പ്രഫഷനൽ ഡെവലപ്മെന്റ് പ്രോഗ്രാമുകൾ എന്നിവയും പുതിയ അധ്യയന വർഷത്തിന്റെ മുന്നോടിയായി പൂർത്തിയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.