ദമ്മാം: ദമ്മാം ഇൻറർനാഷണൽ സ്കൂൾ ഭരണ സമിതി തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനക്ക് ശേഷം തിങ്കളാഴ് ചയാണ് അന്തിമ പട്ടിക സ്കൂൾ അധികൃതർ പുറത്ത് വിട്ടത്. പട്ടികയിലെ ഏക മലയാളി എറണാകുളം കലൂര്‍ സ്വദേശി രാമങ്കാട് മുഹമ്മദ് സുനിലാണ്. 17 പേരാണ് പത്രിക നൽകിയത്. എട്ട് പത്രികകൾ തള്ളി. ഏക മലയാളി ഉൾപ്പെടെ ഒമ്പത് പേരാണ് മത്സര രംഗത്തുണ്ടാവുക. കേരളത്തെയും ബിഹാറിനെയും പ്രതിനിധീകരിച്ച് ഏക സ്ഥാനാർഥികളായതിനാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. അതേസമയം ഭരണ സമിതിയുടെ മൂന്നാം വര്‍ഷത്തില്‍ കേരളത്തിെൻറ പ്രാതിനിധ്യം ഉണ്ടാവില്ലെന്ന് ഉറപ്പായി. മുഹമ്മദ് സുനിലിന് രണ്ട് വര്‍ഷം മാത്രമേ രക്ഷിതാവെന്ന നിലയില്‍ സ്‌കൂള്‍ ഭരണ സമിതിയില്‍ തുടരാന്‍ സാധിക്കൂ. മൂന്നാം വര്‍ഷം ഭരണ സമിതിയില്‍ മലയാളി പ്രാതിനിധ്യം ഉണ്ടാവില്ല.
മുൻ ഭരണ സമിതിയംഗങ്ങളായ റഷീദ് ഉമർ, അബ്ദുല്ല മാഞ്ചേരി എന്നിവരാണ് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട രണ്ട് മലയാളികൾ. വിദ്യാഭ്യാസ മന്ത്രാലയത്തിലെയും ഇന്ത്യൻ എംബസിയിലെയും പ്രതിനിധികളടങ്ങുന്ന തെരഞ്ഞെടുപ്പ് കമീഷനാണ് സൂക്ഷ്മ പരിശോധനക്ക് ശേഷം സ്ഥാനാർഥി പട്ടികക്ക് അനുമതി നൽകിയത്. മെയ് നാലിനാണ് തെരഞ്ഞെടുപ്പ്. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തുടക്കത്തിൽ മലയാളികൾക്കിടയിൽ സമവായത്തിനായുള്ള ശ്രമങ്ങൾ ഉണ്ടായിരുന്നു. മലയാളികൾക്കിടയിൽ നിന്ന് ഒരു സ്ഥാനാർഥിയെന്ന നിലയിൽ ചർച്ച നടന്നെങ്കിലും പലകാരണങ്ങളാൽ ഫലം കണ്ടില്ല. പിന്നീട് റഷീദ് ഉമറിനെയും അബ്ദുല്ല മാഞ്ചേരിയെയും പിന്തുണച്ച് ചില സംഘടനകൾ മുന്നോട്ടുവന്നു. ഇതോടെ, ചർച്ച മുറുകുകയും സംഘടനകൾ പല തട്ടിലാവുകയും ചെയ്തു.
ഇത്തരത്തിൽ മുഖ്യധാര മലയാളി സംഘടനകൾക്കിടയിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച സ്ഥാനാർഥി നിർണയ ചർച്ചകൾക്കൊടുവിലാണ് അന്തിമ പട്ടിക അധികൃതർ പുറത്തുവിട്ടത്. എട്ട് പേരുടെ പത്രിക തള്ളാനുണ്ടായ കാരണം സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. വരും ദിവസങ്ങളില്‍ ഇത് രക്ഷിതാക്കളുടെയും സംഘടനകളുടെയും പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കാനാണ് സാധ്യത. മുമ്പും സ്കൂളിെൻറ ഭാഗത്ത് നിന്നുണ്ടായ ഏക പക്ഷിയ തീരുമാനങ്ങള്‍ രക്ഷിതാക്കളുടെ എതിര്‍പ്പിനും നിയമ നടപടികള്‍ക്കും കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.