'സവാനി' ഒട്ടകപ്പാൽ ഉൽപ്പാദന കമ്പനിയിൽ നിന്ന്

‘സവാനി’; സൗദിയിൽ മാതൃകാ ഫാമും ഒട്ടകപ്പാൽ ഫാക്ടറിയും ആരംഭിച്ചു

റിയാദ്​: സൗദി പൊതുനിക്ഷേപ ഫണ്ടിന്റെ ഉടമസ്ഥതയിലുള്ളതും ‘നൗഗ്​’ ബ്രാൻഡ് ഉടമയുമായ 'സവാനി' കമ്പനി രാജ്യത്ത് മാതൃകാ ഫാമും ഒട്ടകപ്പാൽ ഫാക്ടറിയും ആരംഭിച്ചു. ആധുനിക പാൽ കറക്കൽ സംവിധാനങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ ജർമ്മൻ കമ്പനിയായ ജി.ഇ.എയുമായി സഹകരിച്ചാണ്​ ലോകോത്തര നിലവാരത്തിലുള്ള ഫാമും ഒട്ടകപ്പാൽ ഫാക്​ടറിയും നിർമിച്ചിരിക്കുന്നത്. പ്രാദേശികമായും അന്തർദേശീയമായും ഒട്ടക പാൽ മേഖലയിൽ സൗദിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതാണ്​ കമ്പനിയുടെ പുതിയ ചുവട്​വെപ്പ്​.

ഫാമിൽ 10,000ത്തിലധികം ഒട്ടകങ്ങളെ ഉൾക്കൊള്ളാൻ കഴിയുമെന്നും ഉൽപാദന ശേഷി പ്രതിമാസം ഏകദേശം അഞ്ച് ലിറ്ററിൽ എത്തുമെന്നും കൃഷി, ഒട്ടക മേഖല മേധാവി ഫൗസാൻ അൽമാദി പറഞ്ഞു.

ഏറ്റവും പുതിയ അന്താരാഷ്ട്ര സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഗുണനിലവാരത്തിന്റെയും ഭക്ഷ്യസുരക്ഷയുടെയും ഉയർന്ന മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒട്ടകപ്പാലിന്റെ ഉയർന്ന പോഷകമൂല്യം കണക്കിലെടുത്ത് കുട്ടികൾ ഉൾപ്പെടെയുള്ള വിവിധ ഉപഭോക്തൃ വിഭാഗങ്ങളെ ലക്ഷ്യമിട്ട് കമ്പനി വിവിധ രുചികളിലും വലിപ്പങ്ങളിലുമുള്ള ദീർഘകാല ഒട്ടക പാൽ ഉൽപ്പന്നങ്ങൾ നേരത്തെ പുറത്തിറക്കുകയും പ്രാദേശിക വിതരണവും കയറ്റുമതിയും ആരംഭിക്കുകയും ചെയ്​തിട്ടുണ്ടെന്നും അൽമാദി പറഞ്ഞു.

പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 22 ലക്ഷത്തിലധികം ഒട്ടകങ്ങളുള്ള സൗദി അറേബ്യ, ലോകത്തിലെ ഏറ്റവും വലിയ ഒട്ടകങ്ങളുള്ള രാജ്യങ്ങളിലൊന്നാണ്. മാംസത്തിന്റെയും പാലിന്റെയും ഉൽപാദനത്തിൽ വലിയ സാമ്പത്തിക പങ്ക് അത്​ വഹിക്കുന്നു.

ജനിതക വൈവിധ്യവും സാംസ്കാരിക പൈതൃകവും സൗദിയിലെ ഒട്ടകങ്ങളെ വ്യത്യസ്തമാക്കുന്നു. പാലുൽപ്പാദിപ്പിക്കുന്ന ഒട്ടക ഇനങ്ങളെ വികസിപ്പിക്കാനും മികച്ച പ്രവർത്തന, വെറ്ററിനറി രീതികളെ അടിസ്ഥാനമാക്കി സുസ്ഥിരമായ ഒരു ഉൽപാദന സംവിധാനം കെട്ടിപ്പടുക്കാനുമാണ്​ സവാനി ശ്രമിക്കുന്നത്​. ഈ സുപ്രധാന മേഖലയിലെ രാജ്യത്തിന്റെ അഭിലാഷങ്ങൾക്ക് അനുസൃതമായി ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും ഉൽപ്പന്ന ഗുണനിലവാരം ഉയർത്തുന്നതിനുമുള്ള ലക്ഷ്യത്തോടെയാണിത്.

പ്രാദേശിക വിപണിയിൽ ആരോഗ്യകരമായ പാൽ ഓപ്ഷൻ നൽകുന്നതിനും പ്രാദേശിക, അന്തർദേശീയ വിപണികളിലേക്ക് വിതരണം വ്യാപിപ്പിക്കുന്നതിനും ഒട്ടകപ്പാൽ വ്യവസായത്തിലെ ഒരു പ്രമുഖ ദേശീയ ബ്രാൻഡെന്ന നിലയിൽ സവാനിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നു. സൗദിയുടെ വിശാലമായ ഒട്ടക സമ്പത്ത് മുതലെടുക്കുന്നതിനും പുതിയ സംരംഭം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അൽമാദി പറഞ്ഞു.

Tags:    
News Summary - ‘Savani’; Model farm and camel milk factory launched in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.