സ്വദേശിവത്കരണം കൂടുതല്‍ തൊഴിലുകളിലേക്ക്

റിയാദ്: തൊഴില്‍ മന്ത്രാലയം വിവിധ മേഖലകളില്‍ നടപ്പാക്കിവരുന്ന സ്വദേശിവത്കരണം മലയാളികളുള്‍പ്പെടെ നിരവധി വിദേശികള്‍ ജോലി ചെയ്യുന്ന ഫാര്‍മസികളിലേക്കും നീളുന്നു. ഇതിന്‍െറ തുടക്കമെന്നോണം ഫാര്‍മസികള്‍, കണ്ണട കടകള്‍, പ്രകൃതി ചികിത്സ മരുന്നുകടകള്‍ എന്നിവയില്‍ സ്വദേശി വനിതകളെ നിയമിക്കാനാണ് ആരോഗ്യ മന്ത്രാലയം ഉദ്ദേശിക്കുന്നത്. 
ഫാര്‍മസി ബിരുദമുള്ള വനിതകള്‍ക്ക് ആരോഗ്യ മന്ത്രാലയം നല്‍കുന്ന ലൈസന്‍സ് ഉപയോഗിച്ച് നഗരങ്ങളിലെ ഷോപ്പിങ് മാളുകള്‍ക്കകത്തുള്ള ഫാര്‍മസികളിലും കടകളിലും ജോലി ചെയ്യാമെന്ന് അധികൃതര്‍ വ്യക്തമാക്കി. വനിത ജീവനക്കാര്‍ക്ക്് നിശ്ചയിച്ചിട്ടുള്ള സൗകര്യങ്ങളും മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് നിയമനം നടക്കുക. 
ഇത്തരത്തില്‍ തെരഞ്ഞെടുക്കുന്ന ഫാര്‍മസികളില്‍ സ്ത്രീ ജോലിക്കാര്‍ മാത്രമായിരിക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. 47,000ലധികം ഫാര്‍മസിസ്റ്റുകള്‍ സൗദിയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് സൗദി ചേംബര്‍ കൗസിലിന്‍െറ കണക്ക്. ഇതില്‍ 8,000 പേരാണ് സ്വദേശികളായുള്ളത്. 39,000 വിദേശികളുടെ സ്ഥാനത്ത് ഇനിയങ്ങോട്ട് സ്വദേശികളെ നിയമിക്കാനാണ് തൊഴില്‍, ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നതെന്ന് സൗദി ചേംബറിലെ ഡോ. ഇസ്ഹാഖ് അല്‍ഹാജിരി പറഞ്ഞു. രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ പത്തിലധികം ഫാര്‍മസ്യൂട്ടിക്കല്‍ കോളേജുകളുണ്ട്. ഇതില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന സ്വദേശികള്‍ക്ക് തൊഴില്‍ മേഖലയില്‍ അവസരം സൃഷ്ടിക്കേണ്ടതുണ്ട്. സ്ത്രീകള്‍ക്ക് ഏറ്റവും അനുയോജ്യമായ മേഖല എന്ന നിലക്ക് ഫാര്‍മസികളില്‍ സ്വദേശി വനിതകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുമെന്നും ഡോ. ഇസ്ഹാഖ് അല്‍ഹാജിരി കൂട്ടിച്ചേര്‍ത്തു. തീരുമാനം നടപ്പാകുന്നതോടെ നിരവധി വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടും. മൊബൈല്‍ ഫോണ്‍ വില്‍പന, അറ്റകുറ്റപ്പണി എന്നീ മേഖലകളില്‍ സമ്പൂര്‍ണ സൗദിവത്കരണം നടപ്പാക്കിയത് വിജയമായതോടെയാണ് മറ്റു മേഖലകളിലും സ്വദേശികളെ നിയമിക്കുന്നതിനായി തൊഴില്‍ വകുപ്പ് പദ്ധതികളാവിഷ്കരിക്കുന്നത്. സെപ്റ്റംബര്‍ മുതലാണ് മൊബൈല്‍ കടകളില്‍ നിന്ന് വിദേശികള്‍ പുറത്തായത്. ഇതിന് പിറകെയാണ് ഫാര്‍മസികളിലും സ്വദേശികള്‍ വരുന്നത്. ആദ്യ പടിയെന്നോണമാണ് ഷോപ്പിങ് മാളുകളിലെ ഫാര്‍മസികളില്‍ വനിതകള്‍ക്ക് ജോലി ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ജീവനക്കാരെ ലഭ്യമാകുന്ന മുറക്ക് മുഴുവന്‍ ഫാര്‍മസികളിലും സ്വദേശികളെ നിയമിക്കാന്‍ ആലോചിക്കുന്നതായി തൊഴില്‍ വകുപ്പ് നേരത്തേ അറിയിച്ചിരുന്നു. 

Tags:    
News Summary - saudisation in various category

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.