കൊടും തണുപ്പിന്്ആശ്വാസം; താപനില ഉയരുന്നു 

റിയാദ്: മരം കോച്ചുന്ന തണുപ്പിന് മീതെ നേരിയ മഴ വീണതോടെ സൗദിയില്‍ ശൈത്യകാലം പിന്‍വാങ്ങുന്നതിന്‍െറ ലക്ഷണം കണ്ടുതുടങ്ങി. തണുപ്പിന്‍െറ കാഠിന്യം കുറഞ്ഞ്  താപനില ഉയര്‍ന്നുതുടങ്ങി. രാജ്യത്തിന്‍െറ പല ഭാഗങ്ങളിലും തിങ്കളാഴ്ച ചാറ്റല്‍ മഴയുണ്ടായി. എങ്കിലും ഇത് ശക്തി പ്രാപിച്ചില്ല. മഴയുടെ നേരിയ സാന്നിധ്യം എല്ലായിടത്തും അനുഭവപ്പെട്ടു. 
 മൈനസ് അഞ്ചുവരെ താപനില താഴുകയും മരുഭൂമിയിലെ ജലാശയങ്ങളില്‍ പോലും മഞ്ഞുറയുകയും ചെയ്ത റിയാദ് പ്രവിശ്യയിലാണ് പൊടുന്നനെ പ്രകടമായ കാലാവസ്ഥാ മാറ്റമുണ്ടായത്. ചൊവ്വാഴ്ച കൂടിയ താപനില 17ഉം കുറഞ്ഞത് ആറും രേഖപ്പെടുത്തി. ക്രമേണ താപനിലയുയര്‍ന്ന് വെള്ളിയാഴ്ചയോടെ 25-ല്‍ എത്തുമെന്നാണ് പ്രവചനം. തിങ്കളാഴ്ച ചെറിയ മഴക്കുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷകര്‍ കാണുന്നുണ്ട്. ഈ ദിവസങ്ങളിലെല്ലാം ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. കഴിഞ്ഞ ഞായറാഴ്ച മുതല്‍ ആകാശം മേഘാവൃതമാകുമെന്നും താപനില ക്രമേണയായി ഉയര്‍ന്നു തുടങ്ങുമെന്നും നിരീക്ഷകര്‍ പ്രവചിച്ചിരുന്നു. 

റിയാദില്‍ നടക്കുന്ന ജനാദ്രിയ പൈതൃകോത്സവത്തേയും മഴ നനച്ചു. കുടുംബങ്ങളടക്കമുള്ള സന്ദര്‍ശകര്‍ അപ്രതീക്ഷിത മഴയിലും മഞ്ഞുവീഴ്ചയിലും നനഞ്ഞു കുതിര്‍ന്നു. പെട്ടെന്നുണ്ടായ മഴയില്‍ നിന്ന് രക്ഷ നേടാന്‍ ആളുകള്‍ മേല്‍പുരകള്‍ തേടി ഓടുന്നതും മഴക്കോട്ടുകള്‍ കൊണ്ട് തലയടക്കം മൂടുന്നതും കുടകള്‍ ചൂടുന്നതും ഉത്സവ നഗരിയിലെ കാഴ്ചകളായി. ഉത്സവത്തിന്‍െറ ആദ്യ ദിനങ്ങളില്‍ മാത്രം രണ്ടരലക്ഷം സന്ദര്‍ശകരാണ് എത്തിയത്. കൊടും തണുപ്പിനെ അവഗണിച്ചും ഇത്രയധികം ആളുകള്‍ കുട്ടികളും സ്ത്രീകളും വൃദ്ധരും അടക്കം സന്ദര്‍ശകരായി എത്തുന്നത് സംഘാടകരെ  വിസ്മയിപ്പിച്ചു. 

എന്നാല്‍ മഴച്ചാറ്റലുണ്ടായ തിങ്കളാഴ്ചയും സന്ദര്‍ശകര്‍ക്ക് കുറവൊന്നുമുണ്ടായില്ല. അന്ന് മാത്രം ഒരു ലക്ഷത്തി എഴുപതിനായിരത്തോളം സന്ദര്‍ശകരത്തെിയിട്ടുണ്ടെന്ന്  സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കാലാവസ്ഥ കുറച്ചുകൂടി മെച്ചപ്പെടുന്നത് സന്ദര്‍ശകരുടെ ഒഴുക്ക് വര്‍ധിപ്പിക്കും എന്നും കണക്ക് കൂട്ടുന്നുണ്ട്. അതേസമയം ഗള്‍ഫ് മേഖലയില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത് അര നൂറ്റാണ്ടിനിടയിലുണ്ടായ ഏറ്റവും കടുത്ത തണുപ്പാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സൗദി അറേബ്യ കൂടാതെ ഒമാന്‍, ബഹ്റൈന്‍ അടക്കമുള്ള മറ്റ് രാജ്യങ്ങളിലേയും ഏകദേശം എല്ലാ മേഖലകളിലും പൂജ്യം ഡിഗ്രിക്കും താഴേക്ക് താപനില കുറഞ്ഞത് സമീപകാലത്തൊന്നുമുണ്ടാകാത്തതാണെന്നും കാലാവസ്ഥ വിദഗ്ധര്‍ വിലയിരുത്തുന്നു. 

Tags:    
News Summary - saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.