യാംബു: ഗസ്സയിൽ തുടരുന്ന വംശഹത്യ തടയാൻ ഇസ്രായേൽ നടപടി സ്വീകരിക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയെ സൗദി അറേബ്യ സ്വാഗതം ചെയ്‌തു. ദക്ഷിണാഫ്രിക്ക നൽകിയ കേസിൽ ഇടക്കാല വിധി പുറപ്പെടുവിച്ച കോടതി ഗസ്സക്ക് ആവശ്യമായ മാനുഷിക സഹായം നൽകാൻ ഇസ്രായേൽ സാധ്യമാവുന്നതെല്ലാം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. ഗസ്സയിൽ ഇസ്രായേൽ തുടരുന്നത് വംശഹത്യ തന്നെയാണെന്ന് ദക്ഷിണാഫ്രിക്ക കോടതിയിൽ തെളിവുകൾ നിരത്തിയിരുന്നു. ഗസ്സയിൽ മാരകമായ കൂട്ട നശീകരണായുധങ്ങളാണ് ഇസ്രായേൽ പ്രയോഗിക്കുന്നതെന്നും സിവിലിയന്മാരെ വലിയതോതിൽ വംശഹത്യക്ക് ഇരയാക്കുന്ന ഇസ്രായേൽ യു.എൻ സമ്മേളനത്തിൽ എടുത്ത തീരുമാനങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടത്തുന്നതെന്നും സൗദി ശക്തമായി ഇതിനെ അപലപിക്കുകയാണെന്നും വിദേശ മന്ത്രാലയം ചൂണ്ടിക്കാട്ടി. ദക്ഷിണാഫ്രിക്കയുടെ ശ്രമങ്ങളെ മന്ത്രാലയം പ്രശംസിക്കുന്നതായും ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കാനും ഫലസ്തീൻ ജനതക്ക് പൂർണമായ സംരക്ഷണം നൽകാനും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനങ്ങൾക്ക് ഇസ്രായേലി അധിനിവേശ സേനയെ ഉത്തരവാദിയാക്കാനും അന്താരാഷ്ട്ര സമൂഹം കൂടുതൽ നടപടികൾ കൈക്കൊള്ളേണ്ടതിെൻറ പ്രാധാന്യവും മന്ത്രാലയം ഊന്നിപ്പറഞ്ഞു.
ഫോട്ടോ: ഹേഗിൽ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് മുന്നിൽ കോടതി നടപടികൾ വീക്ഷിക്കാൺ ഫലസ്തീൻ പതാകകളുമായി ഒത്തുകൂടിയവർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.