സൗദി സൈബർ സുരക്ഷാ നിയമങ്ങൾ കർശനമാക്കുന്നു

യാംബു: സൗദിയുടെ ദേശീയ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാൻ സൈബർ സുരക്ഷാ നിയമങ്ങൾ കൂടുതൽ കർശനമാക്കാനൊരുങ്ങി പബ്ലിക് പ്രോസിക്യൂഷൻ. സൈബർ ക്രൈം വിരുദ്ധ നിയമം പഴുതടച്ച രീതിയിൽ നടപ്പാക്കുന്നതിലൂടെ സൈബർ സുരക്ഷ ഉറപ്പുവരുത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

ദേശീയ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുക എന്നതാണ് ആന്റി സൈബർ ക്രൈം നിയമം ലക്ഷ്യമിടുന്നതെന്ന് പബ്ലിക് പ്രോസിക്യൂഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. സൈബർ കുറ്റകൃത്യങ്ങൾ കുറക്കുന്നതിന് സൈബർ ക്രൈം വിരുദ്ധ നിയമങ്ങളും കുറ്റകൃത്യങ്ങൾക്കെതിരെ നിർദേശിച്ചിട്ടുള്ള പിഴകളും ഏറെ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

രാജ്യത്തെ താമസക്കാർക്ക് വ്യവസ്ഥാപിതമായ സുരക്ഷ കൈവരിക്കാനും പൊതുതാൽപര്യങ്ങൾ സംരക്ഷിക്കാനും സൈബർ സുരക്ഷാ നിയമങ്ങൾ കർശന നമാക്കേണ്ടതുണ്ടെന്ന വിലയിരുത്തലിലാണ് ബന്ധപ്പെട്ടവർ. ഇന്റർനെറ്റിന്റെയും വിവര സാങ്കേതിക ശൃംഖലകളുടെയും നിയമാനുസൃതമായ ഉപയോഗത്തിൽനിന്ന് ഉണ്ടാകുന്ന അവകാശങ്ങൾ വകവെച്ചുനൽകേണ്ടതുണ്ട്.

അതോടൊപ്പം ദേശീയ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുക എന്ന ലക്ഷ്യവും നിർവഹിക്കപ്പെടണം. ഒരു വർഷത്തിൽ കവിയാത്ത തടവും 5,00,000 റിയാലിൽ കൂടാത്ത പിഴയും ശിക്ഷിക്കപ്പെടുന്നതിനുള്ള വ്യവസ്ഥ സൈബർ കുറ്റകൃത്യങ്ങൾക്ക് നൽകപ്പെടും. കാമറ ഘടിപ്പിച്ച മൊബൈൽ ഫോണുകൾ ദുരുപയോഗം ചെയ്തുകൊണ്ട് ആളുകളുടെ സ്വകാര്യ ജീവിതത്തിന് ഹാനിവരുത്തുന്ന ഓരോ വ്യക്തിയും ശിക്ഷയുടെ പരിധിയിൽപെടും. വിവരസാങ്കേതിക ഉപകരണങ്ങളുടെ വിവിധ മാർഗങ്ങളിലൂടെ മറ്റുള്ളവരെ അപകീർത്തിപ്പെടുത്താനും ഉപദ്രവിക്കാനും ശ്രമിക്കുന്നവർക്ക് മൂന്നു വർഷത്തിൽ കൂടാത്ത തടവും രണ്ടു മില്യൺ റിയാലിൽ കൂടാത്ത പിഴയും അല്ലെങ്കിൽ ഈ രണ്ടു പിഴകളിൽ ഒന്ന് നൽകാൻ വ്യവസ്ഥ ചെയ്യുന്നു.

ബാങ്കിലെ ഡേറ്റയോ സെക്യൂരിറ്റികളുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളോ നിയമവിരുദ്ധമായി ചോർത്തുന്നത് നാലു വർഷത്തിൽ കൂടാത്ത തടവും മൂന്നു മില്യൺ റിയാലിൽ കൂടാത്ത പിഴയും ശിക്ഷിക്കപ്പെടുന്നതിനുള്ള വ്യവസ്ഥയാണ് അനുശാസിക്കപ്പെടുന്നത്.

വിവര സാങ്കേതിക ശൃംഖലയിലൂടെയോ കമ്പ്യൂട്ടറിലൂടെയോ പൊതുക്രമം, മതമൂല്യങ്ങൾ, പൊതു ധാർമികത അല്ലെങ്കിൽ ആളുകളുടെ സ്വകാര്യ ജീവിതത്തിന്റെ പവിത്രത എന്നിവയെ ബാധിക്കുന്ന വസ്തുക്കൾ നിർമിക്കുകയും തയാറാക്കുകയും ചെയ്യുന്നതും കുറ്റകരമാണ്.

മനുഷ്യക്കടത്ത് കൈകാര്യം ചെയ്യാനും ഇടപാട് സുഗമമാക്കാനും വിവരശൃംഖലയിൽ വെബ്‌സൈറ്റുകൾ സൃഷ്ടിക്കുന്നതും മയക്കുമരുന്ന് കടത്ത്, അശ്ലീല ശൃംഖലകൾ, അല്ലെങ്കിൽ അധാർമിക പ്രവർത്തനങ്ങൾ എന്നിവ പ്രസിദ്ധീകരിക്കലും വെബ്‌സൈറ്റുകൾ സ്ഥാപിക്കുന്നതും കുറ്റത്തിന്റെ ഗണത്തിൽപെടും.

കുറ്റത്തിന്റെ വകുപ്പനുസരിച്ച് 10 വർഷത്തിൽ കൂടാത്ത തടവും അഞ്ചു മില്യൺ റിയാലിൽ കൂടാത്ത പിഴയും ശിക്ഷിക്കപ്പെടുന്നതിനുള്ള വ്യവസ്ഥ നിശ്ചയിച്ചിട്ടുണ്ട്.

തീവ്രവാദ സംഘടനകൾക്കായി ഇന്റർനെറ്റിൽ വെബ്‌സൈറ്റുകൾ സൃഷ്‌ടിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതും സൈബർ കുറ്റമാണ്. സൈബർ ക്രൈം വിരുദ്ധ നിയമത്തിൽ അനുശാസിക്കുന്ന ഏതെങ്കിലും കുറ്റകൃത്യങ്ങൾ ചെയ്യാൻ ആരെയെങ്കിലും പ്രേരിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്നവർ ശിക്ഷിക്കപ്പെടുമെന്ന വ്യവസ്ഥകൂടി നടപ്പാക്കുമെന്നറിയുന്നു. സൈബർ സുരക്ഷാ സംവിധാനങ്ങളുടെ അനിവാര്യത കൂടുതൽ ജാഗ്രതയോടെ എല്ലാവരും ഏറ്റെടുക്കേണ്ടുന്ന ഒരു സമകാലീന സന്ദർഭമാണിപ്പോഴെന്ന് സൗദി സൈബർ സുരക്ഷാ വിദഗ്ധൻ അബ്ദുല്ല അൽ ഗുമൈജാൻ ഒരു പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സൈബർ കുറ്റവാളികൾ അവരുടെ ആക്രമണം തുടരുമെന്നും അതിനാൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവർ സൈബർ സുരക്ഷയെക്കുറിച്ച് അവബോധമുണ്ടാകേണ്ടതും പ്രതിരോധ നടപടികളിൽ ശ്രദ്ധ കൊടുക്കേണ്ടതും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Saudi tightens cyber security rules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.