റിയാദിൽ നിന്നുള്ള മലയാളി വിദ്യാർഥി ബാഴ്സലോണയിൽ ഇന്ന് ബൂട്ടണിയും

റിയാദ്: ബാഴ്സലോണയുടെ ലോക പ്രശസ്തമായ നൗ കാമ്പ് സ്റ്റേഡിയത്തിൽ തിങ്കളാഴ്ച റിയാദിൽ നിന്നുള്ള മലയാളി അഞ്ചാം ക്ലാസ് വിദ്യാർഥി സഹൽ സഹീഷ് റഫീഖ് ബൂട്ടണിയും.20 ലധികം രാജ്യങ്ങളിലെ ബാഴ്സലോണ അക്കാദമിയുടെ ടീമുകൾ പസ്പരം മാറ്റുരക്കുന്ന അണ്ടർ 11 ടൂർണമ​െൻറിലാണ് ഈ കൊച്ചുമിടുക്കന് അപൂർവ അവസരം കൈവന്നത്. റിയാദിലെ ബാഴ്സലോണ സൗദി അക്കാദമിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 13 കളിക്കാരിലെ ഏക ഇന്ത്യക്കാരൻ കൂടിയാണ് സഹൽ. സ്വകാര്യ ഇൻഷൂറൻസ് കമ്പനിയിലെ ജീവനക്കാരനായ കണ്ണൂർ സ്വദേശി സഹീഷ് റഫീഖ് – സംറീന ദമ്പതികളുടെ മൂത്ത മകനായ ഈ 10 വയസുകാരൻ റിയാദ് മോഡേൺ മിഡിൽ ഈസ്റ്റ് ഇൻറർനാഷനൽ സ്കൂളിൽ വിദ്യാർഥിയാണ്.

കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീമിലെ മുൻ അംഗവും കണ്ണൂർ ജില്ലാ ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡൻറുമായ അബ്ദുൽ റഫീഖി​െൻറ പൗത്രനാണ് ഇൗ കൊച്ചുപ്രതിഭ. വല്യൂപ്പയുടെ പാത പിന്തുടർന്ന് കാൽപ്പന്തുകളിയിൽ കമ്പം കൂടിയതോടെയാണ് മാതാപിതാക്കൾ സഹലിന് ഫുട്ബാൾ പരിശീലനത്തിന് അവസരം ഒരുക്കിയത്. തുടക്കത്തിൽ റിയാദിലെ അൽയമാമ അക്കാദമിയിൽ പരിശീലനം ആരംഭിച്ച സഹലി​െൻറ മികവ് കണ്ട പരിശീലകർ കൂടുതൽ മികച്ച കേന്ദ്രത്തിലേക്ക് അയക്കുകയായിരുന്നു. സൗദി ബാഴ്സലോണ അക്കാദമിയിലേക്ക് വഴിതുറന്നത് ഇങ്ങനെയാണ്.

ഒരു വർഷം മുമ്പാണ് ഇവിടെ അംഗത്വം ലഭിച്ചത്. ഇവിടെയും സഹൽ പ്രതിഭ തെളിയിച്ചതോടെ സംഘാടകർക്ക് താൽപര്യമേറുകയും കൂടുതൽ വിദഗ്ധ പരിശീലനം നൽകുകയും ചെയ്തു. ഒടുവിൽ ബാഴ്സലോണയിലേക്ക് പോകാൻ അവസരം ഒരുക്കുകയും ചെയ്തു. റിയാദിലെ ബാഴ്സലോണ അക്കാദമിയിലെ 75ലധികം കളിക്കാരിൽ നിന്നാണ് സഹൽ തെരഞ്ഞെടുക്കപ്പെട്ടത്. സപാനിഷ് കോച്ചിന് പുറമെ സൗദി, ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരും ഇവിടെ പരിശീലകരായുണ്ട്. 14ാം തീയതി വരെ തുടരുന്ന ഫുട്ബാൾ ടൂർണമ​െൻറിൽ പങ്കെടുക്കുന്നതിന് ഞയാറാഴ്ച രാവിലെയാണ് റിയാദിൽ നിന്ന് സഹൽ ബാഴ്സലോണയിലേക്ക് വിമാനം കയറിയത്. 33 പരിശീലന കേന്ദ്രങ്ങളിൽ നിന്നുളളവർ തിങ്കളാഴ്ച മുതൽ  ലോകത്തെ എണ്ണം പറഞ്ഞ കളിക്കാർ പിറവിയെടുത്ത നൗ കാമ്പ് കളിമൈതാനിയിൽ പന്ത് തട്ടുമ്പോൾ കേരളത്തി​െൻറ പ്രതീക്ഷയായി സഹലും ബൂട്ടണിയും.

Tags:    
News Summary - saudi sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.