ജിദ്ദ: അൽ ഹറമൈൻ എക്സ്പ്രസ് ട്രെയിൻ സർവീസ് സൗദി ഭരണാധികാരി സൽമാൻ രാജാവ് ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും. ഗതാഗതമന്ത്രി ഡോ. നബീൽ അൽആമൂദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതി ഉദ്ഘാടനം ചെയ്യാൻ മുന്നോട്ടുവന്നതിലും പദ്ധതിക്ക് വേണ്ട നിർലോഭമായ സഹായങ്ങൾ നൽകിയതിനും ഗതാഗതമന്ത്രി സൽമാൻ രാജാവിന് നന്ദി രേഖപ്പെടുത്തി. മുഴുവൻ സ്വദേശികൾക്കും അഭിമാനിക്കാവുന്ന പദ്ധതിയാണിത്. ഹജ്ജ്, ഉംറ തീർഥാടകർക്ക് നൽകുന്ന സേവനങ്ങളിൽ അതിമഹത്തുമാണ്. വിഷൻ 2030 െൻറ ഭാഗമായി തീർഥാടകരുടെ എണ്ണം കൂടുന്നതിനാൽ മികച്ച സേവനം നൽകാൻ സൽമാൻ രാജാവും കിരീടാവകാശിയും നിർദേശങ്ങൾ നൽകാറുണ്ടെന്നും ഗതാഗത മന്ത്രി പറഞ്ഞു. മേഖലയിലെ ആദ്യത്തെ ഇലക്ട്രിക് എക്സ്പ്രസ് ടെയിൻ പദ്ധതിയാണ് അൽഹറമൈൻ റെയിവേയെന്ന് പൊതുഗതാഗത അതോറ്റി മേധാവി ഡോ.റുമൈഹ് അൽറുമൈഹ് പറഞ്ഞു. 450 മീറ്ററാണ് നീളം. ഇരട്ടപാതകളോട് കൂടിയ പദ്ധതിക്ക് കീഴിൽ മക്ക, ജിദ്ദ, ജിദ്ദ വിമാനത്തവളം, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി, മദീന എന്നിവിടങ്ങളിലായി അഞ്ച് സ്റ്റേഷനുകളുണ്ട്.
ട്രെയിൻ വേഗത മണിക്കൂറിൽ 300 കിലോമീറ്ററാകുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ആദ്യഘട്ടം ഭൂമി നിരപ്പാക്കുന്നത് അടക്കമുള്ള ഉപരിതല ജോലികളായിരുന്നു. 138 പാലങ്ങളും 850 കനാലുകളും നിർമിച്ചു. റെയിൽവേ കടന്നുപോകാൻ 150 ദശലക്ഷം ക്യുബിക് മീറ്റർ മണൽ, പാറകൾ നീക്കം ചെയ്തു. ദേശീയ, അന്താരാഷ്ട്ര അലയൻസ് കമ്പനികളാണ് ഇൗ ഘട്ടം നടപ്പിലാക്കിയത്. രണ്ടാംഘട്ടം നാല് സ്റ്റേഷനുകളുടെ നിർമാണമായിരുന്നു. ഇസ്ലാമിക വാസ്തുശിൽപ ചാരുതയിലാണ് ഒരോ സ്റ്റേഷനുകളും നിർമിച്ചിരിക്കുന്നത്. ജിദ്ദ വിമാനത്താവള സ്റ്റേഷെൻറ നിർമാണവും പൂർത്തിയായിട്ടുണ്ട്. റെയിൽവേ ലൈനുകൾ സ്ഥാപിക്കുക, സിഗ്നൾ, കൺട്രോൾ, ടിക്കറ്റിങ്, കമ്യൂണിക്കേഷൻ സംവിധാനങ്ങൾ ഇറക്കുമതി ചെയ്യലും ഘടിപ്പിക്കലുമായിരുന്നു മൂന്നാംഘട്ടം.
എക്സ്പ്രസ് ട്രെയിൻ ഒാപറേഷൻ രംഗത്ത് വിദഗ്ധരായ സ്പാനിഷ് കമ്പനിയായിരിക്കും 12 മാസം ട്രെയിൻ പ്രവർത്തിപ്പിക്കുക. പദ്ധതിക്കാവശ്യമായ വൈദ്യുതി ഒരുക്കിയിട്ടുണ്ട്. ഇതിനായി റെയിൽവേ കടന്നുപോകുന്ന റൂട്ടിൽ ആറു വൈദ്യുതി സ്റ്റേഷനുകൾ നിർമിച്ചിട്ടുണ്ട്. 35 ട്രെയിനുകളാണ് പദ്ധതിക്ക് കീഴിലുണ്ടാകുക. ഒരോന്നിലും 417 സീറ്റുകളുണ്ട്. സുഗമമായ യാത്രക്ക് വേണ്ട നുതനമായ സംവിധാനങ്ങളും സജ്ജീകരണങ്ങളും ട്രെയിനികത്തുണ്ട്. ഉദ്ഘാടന വേളയിൽ അമീറുമാർ, മന്ത്രിമാർ, ദേശീയ, അന്തരാഷ്ട്ര രംഗത്ത് അറിയപ്പെട്ട പ്രമുഖ വ്യക്തിത്വങ്ങൾ, നിക്ഷേപകർ, പദ്ധതി നടപ്പിലാക്കിയ കമ്പനി പ്രതിനിധികൾ തുടങ്ങിയ പെങ്കടുക്കുമെന്നും പൊതുഗതാഗത അതോറിറ്റി മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.