യാമ്പു: പുതിയഘട്ടം സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നതിനെ തുടർന്ന് തൊഴിൽ മന്ത്രാലയത്തിെൻറ പരിശോധന രാജ്യവ്യാപകമായി പുരോഗമിക്കുന്നു. വ്യവസായ നഗരിയായ യാമ്പുവിൽ രാപകൽ ഭേദമില്ലാതെ കഴിഞ്ഞ ദിവസങ്ങളിലും പരിശോധന തുടർന്നു. റെഡിമെയ്ഡ്, പുരുഷ വസ്ത്രങ്ങൾ വിൽക്കുന്ന കടകൾ പലതും ഇപ്പോഴും പലയിടത്തും അടഞ്ഞു കിടക്കുകയാണ്. വിദേശികളിൽ യമനികളാണ് കൂടുതൽ ഈ മേഖലയിൽ യാമ്പുവിൽ ജോലി ചെയ്തിരുന്നത്. മലയാളികൾ കൂടുതലായി പ്രവർത്തിക്കുന്ന മാളുകളിൽ പലതിലും സൗദി തൊഴിലാളികളെ നിയമിച്ച് വേണ്ട മാറ്റങ്ങൾ വരുത്തി തുറന്നു പ്രവർത്തിക്കുന്നുണ്ട്.
നേരത്തെ ഉണ്ടായിരുന്ന മലയാളികൾ അടക്കമുള്ള വിദേശിക ളിൽ പലരും ജോലി നഷ്ടത്തിെൻറ വക്കിലാണെന്ന് ജീവനക്കാർ പറഞ്ഞു. ഇവരിൽ രണ്ട് പതിറ്റാണ്ടിലധികമായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവരും ഉണ്ട്. കോഴിക്കോട് സ്വദേശി അബ്ദുറഷീദ് നാട്ടിലേക്കുള്ള മടക്കത്തിന് ഒരുങ്ങി നിൽക്കുകയാണ്. ‘നീണ്ട കാലം സൗദിയിൽ കാര്യമായ പ്രയാസങ്ങളൊന്നുമില്ലാതെ ജോലി ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. നമ്മുടെ നാട്ടിലും പ്രവാസികൾക്ക് ചെയ്യാൻ കഴിയുന്ന ധാരാളം തൊഴിലുകൾ ഉണ്ട്. അതുകൊണ്ട് തന്നെ വരും നാളുകളിൽ നാട്ടിൽ സാധ്യമാകുന്ന തൊഴിലെടുത്ത് കഴിയാമെന്നതിൽ ഒരു ആശങ്കയും ഇല്ല’ ^റഷീദ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. മാളുകളിൽ സൗദിവത്‌കരണം നടപ്പാക്കേണ്ട മേഖലകളിൽ അത് ഉറപ്പാക്കി മുന്നോട്ടു പോയാൽ വിദേശികളെ നിയമിക്കുന്നതിനേക്കാൾ സാമ്പത്തിക ബാധ്യത കുറയുന്നുണ്ടെന്നാണ് യാമ്പുവിലും മറ്റും മാൾ നടത്തുന്ന ഒരു കച്ചവടക്കാരൻ പ്രതികരിച്ചത്.
വസ്ത്ര രംഗത്ത് പ്രവർത്തിച്ച പല മലയാളികളും തൊഴിൽ മേഖല മാറി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നില്ല. അവർക്ക് മുന്നിൽ ഭാവി ഒരു ചോദ്യചിഹ്നമായി നിൽക്കുകയാണ്. ദീർഘകാലം ജോലി ചെയ്തിട്ടും കട ബാധ്യത തീർക്കാനാകാത്തവരും വീട് പണികൾ പൂർത്തിയാക്കാൻ കഴിയാത്തവരും ഇവരിലുണ്ട്. സഹോദരിമാരുടെ വിവാഹം നടത്തിയതിെൻറ ബാധ്യത തീർക്കാനാകാതെ മടങ്ങേണ്ടി വരുമോ എന്ന ആശങ്കയിലാണ് മലപ്പുറം സ്വദേശിയായ ഫൈസലും കൊടുവള്ളിക്കാരൻ അബ് ദുല്ലയും ചെമ്മാട്ടുകാരൻ സുബൈറുമെല്ലാം. ഇങ്ങനെയുള്ളവരുടെ നീണ്ടനിരയാണ് തൊഴിൽ നഷ്ടപ്പെട്ടവരിൽ ഏറെയും. സായന്തനങ്ങളിൽ മലയാളികൾ കൂടിയിരിക്കുന്ന പലയിടങ്ങളിലും ചർച്ചകൾ ഏറെയും തൊഴിൽ രംഗത്തെ പുതിയ അവസ്ഥ തന്നെയാണ്. നവംബറിൽ വാച്ച്, ഇലക്ട്രിക്,- ഇലക്ട്രോണിക്സ്, കണ്ണട കടകളിൽ കൂടി സ്വദേശിവത്കരണം നീളുന്നതോടെ ധാരാളം തൊഴിലാളികൾക്ക് ഇനിയും തൊഴിൽ നഷ്ടപ്പെടുമെന്ന് ഉറപ്പാണ്.
നേരത്തെ മൊബൈൽ മേഖല സ്വദേശിവത്‌കരിച്ചപ്പോൾ മലയാളികൾ അടക്കമുള്ള വിദേശികൾ തൊഴിൽ മാറ്റം നടത്തിയ മേഖലയായിരുന്നു ഇലക്ട്രിക്-, ഇലക്ട്രോണിക്സ് മേഖല. ഈ മേഖലകളിലെ കടകളിൽ പലതിലും ഇതിനകം സ്റ്റോക്ക് കുറച്ചു കൊണ്ടിരിക്കുകയാണ്. പലരും പുതിയ സാധനങ്ങളുടെ ഇറക്കുമതി നിറുത്തി വെച്ചിട്ടുണ്ട്. വിദേശികൾ മാത്രം ഉണ്ടായിരുന്ന പല കടകളും ഇപ്പോൾ അടഞ്ഞു കിടക്കുകയാണ്. നിയമപ്രകാരം സ്വദേശികൾ ജോലിയിൽ പ്രവേശിച്ച ശേഷമേ പ്രവർത്തനം തുടങ്ങുകയുള്ളൂവെന്ന് ചില ജീവനക്കാർ പറയുന്നു. തെരുവോരങ്ങളിൽ ബംഗാളികളും മറ്റും വിൽക്കുന്ന റെഡിമെയ്ഡ് വസ്ത്ര മേഖലയിൽ വാരാന്ത്യ അവധി നാളുകളിൽ പതിവിൽ കവിഞ്ഞ തിരക്കാണ് അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.