ദമ്മാം: കല്യാണം കഴിഞ്ഞ് ഒരുമിച്ച് ജീവിച്ചത് ദിവസങ്ങൾ മാത്രം. തിരികെ വരുമെന്ന വാക്കു കൾക്ക് കാതോർത്തിരുന്ന രാവുകൾക്കൊടുവിൽ തന്നെ തനിച്ചാക്കി പ്രിയതമൻ യാത്രപറഞ്ഞ് അകന്നുപോയ വാർത്ത കേട്ട് സുമതി തളർന്നുവീണതാണ്. അവസാനമായി ആ മുഖമെങ്കിലും ഒന്നു കാണണമെന്ന് പറഞ്ഞ് കരയുന്ന സുമതിയെ ആശ്വസിപ്പിക്കാനാവാതെ നിസ്സഹായരാവുകയാണ് ബന്ധുക്കൾ. മൂന്നു മാസം മുമ്പ് ജുബൈലിലെ വർക്ക്ഷോപ്പിൽ തൂങ്ങിമരിച്ച ഭർത്താവ് ബാലകൃഷ്ണെൻറ മൃതദേഹം നാട്ടിലെത്തുന്നതും കാത്തിരിക്കുകയാണ് സുമതിയും ആ നാടും. പാലക്കാട് പള്ളിപ്പുറം സ്വദേശിയായ ബാലകൃഷ്ണന് കാൽനൂറ്റാണ്ടിലേറെയായി സൗദിയിൽ പ്രവാസിയായിരുന്നു.
നാലുവർഷം മുമ്പ് 46ാമത്തെ വയസ്സിലാണ് സുമതിയെ ജീവിത സഖിയാക്കിയത്. ജോലി ചെയ്തിരുന്ന വർക്ക്ഷോപ്പിെൻറ ഉടമ അസുഖ ബാധിതനായി നാട്ടിൽ പോയിട്ട് തിരിച്ചുവരാതായതോടെ ഒറ്റപ്പെട്ടുപോയ ബാലകൃഷ്ണൻ അവിടെത്തന്നെ തൂങ്ങിമരിക്കുകയായിരുന്നു. അതിന് ഒരു ദിവസം മുമ്പ് ഭാര്യയെ ഫോണിൽ വിളിച്ചിരുന്നു. താൻ അൽപം ജോലിത്തിരക്കിലാെണന്നും ഉടനെയൊന്നും ഇനി വിളിക്കില്ലെന്നും അറിയിച്ച് ഫോൺ കട്ട് ചെയ്തു. പിറ്റേന്ന് ദാരുണമായ മരണവാർത്തയാണ് നാട്ടിലെത്തിയത്.
മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം സുമതിയെ മരണവിവരം അറിയിച്ചു. അതോടെ ആ മുഖമെങ്കിലും ഒരുനോക്ക് കാണാൻ കാത്തിരിക്കുകയാണ് ഹൃദയം നുറുങ്ങുന്ന വേദനയുമായി സുമതി. മൃതദേഹം നാട്ടിലയക്കാൻ എംബാമിങ് ചെയ്യാൻ തയാറാക്കുന്നതിനിടയിലാണ് കോവിഡ് പശ്ചാത്തലത്തിൽ സൗദി അറേബ്യ അന്താരാഷ്ട്ര വിമാനസർവിസ് നിർത്തലാക്കുന്നത്. ഇത് അനിശ്ചിതകാലത്തേക്ക് നീട്ടിയതോടെ മൃതദേഹം എന്ന് നാട്ടിലെത്തിക്കാനാവുമെന്ന് പറയാനാവാത്ത അവസ്ഥയിലാണ് ഇതിനുവേണ്ടി ശ്രമം നടത്തിയ സാമൂഹിക പ്രവർത്തകരും മറ്റും.
സൗദിയിലെ ലുലു ഹൈപ്പർ മാർക്കറ്റുകൾ ശാഖകളിലേക്ക് നാട്ടിൽ നിന്ന് സാധനങ്ങൾ എത്തിക്കാൻ സൗദി എയർൈലൻസുമായി ചർച്ച നടക്കുകയാണന്നും അതിൽ തീരുമാനമുണ്ടായാൽ നാട്ടിലേക്ക് പോകുന്ന വിമാനത്തിൽ മൃതദേഹങ്ങൾ കൊണ്ടുപോകാൻ വേണ്ട ഏർപ്പാട് ചെയ്യാമെന്ന് ലുലു റീജനൽ ഡയറക്ടർ അബ്ദുൽ ബഷീർ സമ്മതിച്ചിട്ടുണ്ടെന്നും സാമൂഹിക പ്രവർത്തകൻ നാസ് വക്കം പറഞ്ഞു.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.