പ്രതീകാത്മക ചിത്രം

വ്യാജ രേഖ ചമക്കൽ, സാമ്പത്തിക തട്ടിപ്പ്, വിശ്വാസ വഞ്ചന: സൗദി പൗരന്മാർ ഉൾപ്പടെ 11 പേർക്ക് 155 വർഷം കഠിന തടവ്

ദമ്മാം: വ്യാജ രേഖ ചമക്കൽ, സാമ്പത്തിക തട്ടിപ്പ്, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങൾക്ക്​ സ്വദേശി പൗരന്മാർ ഉൾപ്പടെയുള്ള 11 പ്രതികൾക്ക് സൗദി കോടതി 155 വർഷം തടവുശിക്ഷ വിധിച്ചു. വിശ്വാസ വഞ്ചന, കവർച്ച, വ്യാജരേഖ ചമയ്ക്കൽ, നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കൽ, കള്ളപ്പണം വെളുപ്പിക്കൽ എന്ന കുറ്റങ്ങൾ സംശയാതീതമായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് എട്ട് സൗദി, മൂന്ന് സുഡാനീസ് പൗരന്മാർക്ക്​ ശിക്ഷ വിധിച്ചത്. വധശിക്ഷക്ക്​ നിയമപരമായ കാരണങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടപ്പെട്ടെങ്കിലും ഓരോ പ്രതിയുടെയും കുറ്റങ്ങളുടെ ഗൗരവം കണക്കിലെടുത്താണ് അപൂർവ രീതിയിൽ ദീർഘകാല തടവുശിക്ഷ വിധിച്ചത്. പ്രതികൾ അപ്പീൽ നൽകിയെങ്കിലും മേൽക്കോടതിയും ശിക്ഷ ശരിവെക്കുകയായിരുന്നു.

വഞ്ചന, വ്യാജ സ്വത്ത് രേഖകൾ, വ്യാജ റിയൽ എസ്​റ്റേറ്റ് ഇടപാടുകൾ, വിശ്വാസ ദുരുപയോഗം, സാമ്പത്തിക തട്ടിപ്പുകൾ എന്നിവയിലൂടെ ഏകദേശം നാല്​ കോടി റിയാൽ കൃത്രിമം കാണിച്ച് തട്ടിയെടുത്ത പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇരകളെ കസ്​റ്റഡിയിലെടുക്കാനും ബലമായി ബാങ്ക് ചെക്കുകൾ നേടാനും സംഘം തോക്ക്​ ഉപയോഗിച്ചതായും കണ്ടെത്തി.

സംഘത്തിന് നേതൃത്വം നൽകിയത് ഒരു ബിസിനസുകാരനും ഭാര്യയായ ഹെയർഡ്രെസ്സറും നിരവധി കൂട്ടാളികളുമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. തട്ടിപ്പിനിരയായവരിൽ മുൻ ദേശീയ ഫുട്ബാൾ ടീം സൂപ്പർവൈസർ, അന്ധയായ സ്ത്രീ, സൗദി ഫുട്ബാൾ ക്ലബ്ബിലെ ഓണററി അംഗം, സൗദി കവി, മറ്റ് വ്യക്തികൾ എന്നിവരും ഉൾപ്പെടുന്നു. വ്യാജ ഉടമസ്ഥാവകാശ രേഖകൾ ഉപയോഗിച്ച് സ്വത്ത് വിൽപ്പന നടത്തി പ്രതികൾ ഇരകളെ വശീകരിച്ചതായി കോടതി രേഖകൾ വ്യക്തമാക്കുന്നു.

ഒരു കേസിൽ ഫുട്ബാൾ ക്ലബ് ഓണററി അംഗം പ്രാർഥിക്കുമ്പോൾ ഒരു സംഘം അയാളുടെ ബാങ്ക് ചെക്ക് മോഷ്​ടിച്ചു. മറ്റൊന്നിൽ, മുൻ ദേശീയ ടീം ഉദ്യോഗസ്ഥയെ കബളിപ്പിച്ച്​ 1.2 കോടി സൗദി റിയാൽ തട്ടിയെടുത്തു. മറ്റൊരു കേസിൽ അന്ധയായ സ്ത്രീയിൽനിന്ന് 60 ലക്ഷം റിയാൽ തട്ടിയെടുത്തു. പ്രതികൾ തട്ടിപ്പിലുടെ നേടിയെടുത്ത പണമുപയോഗിച്ച് ഗ്രൂപ്പിന്റെ നേതാവ് പ്രതിവർഷം 10 ലക്ഷം റിയാൽ വാടക നൽകി വലിയ ബംഗ്ലാവ് വാടകക്കെടുക്കുകയും ആഡംബര വാഹനങ്ങളും പ്രീമിയം ഫോൺ നമ്പറുകൾക്കായി ചെയവഴിക്കുകയും ചെയ്തു. കൂടാതെ തട്ടിപ്പുകൾ സുഗമമാക്കാൻ റിയൽ എസ്​റേററ്റ് ബ്രോക്കറേജ് ഓഫീസുകളെയും ഉപയോഗപ്പെടുത്തി.

മറ്റൊരു സംഭവത്തിൽ, റിയൽ എസ്​റ്റേറ്റ് ബ്രോക്കറെ തട്ടിക്കൊണ്ട് വന്ന് തങ്ങളുടെ കേന്ദ്രത്തിൽ എത്തിച്ച് കണ്ണുകൾ കെട്ടി, കൈകൾ വിലങ്ങിട്ട്, ഭീഷണി മുനമ്പിൽനിർത്തി ബാങ്ക് ചെക്ക് വാങ്ങി പണമാക്കുന്നത് വരെ തടവിൽ വെച്ചു. ഡിജിറ്റൽ രേഖകൾ, കുറ്റസമ്മതങ്ങൾ, സാമ്പത്തിക രേഖകൾ എന്നിവയുൾപ്പെടെ ഏകദേശം 250 തെളിവുകൾ പ്രോസിക്യൂട്ടർമാർ ഹാജരാക്കി. ഇതിന്​ നേതൃത്വം കൊടുത്തയാൾ സ്ഥിരം കുറ്റവാളിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വഞ്ചന, മയക്കുമരുന്ന് കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ മറച്ചുവെക്കാൻ തന്നെ ഉപയോഗിച്ചതായി തട്ടിപ്പ് സംഘത്തിലൊരാളുടെ ഭാര്യ കോടതിയിൽ പറഞ്ഞു.

അന്ധയായ സ്ത്രീയെ സംഘം പവർ ഓഫ് അറ്റോർണി നൽകാൻ പ്രേരിപ്പിക്കുകയും അതുവഴി അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ അവരെ പ്രേരിപ്പിക്കുകയും ഇരയെ മണിക്കൂറുകളോളം തടങ്കലിൽ വെച്ച് തോക്കിന് മുനയിൽ നിർത്തി 50 ലക്ഷം റിയാൽ ചെക്ക് ബലമായി നേടിയെടുക്കുകയും ചെയ്ത കേസുകളും പ്രോസിക്യൂട്ടർമാർ വിശദമായി വിവരിച്ചു. സംഘത്തലവനെ കോടതി 25 വർഷം തടവിനും 25 വർഷത്തെ യാത്രാവിലക്കിനും വിധിച്ചു. ഭാര്യക്ക് 13 വർഷം തടവും അതിനനുസരിച്ചുള്ള യാത്രാവിലക്കും ഒരു ലക്ഷം റിയാൽ പിഴയും വിധിച്ചു.

നിയമവിരുദ്ധമായ തടങ്കൽ, വൈദ്യുത പീഡനം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയിൽ പങ്കെടുത്തതിന് ഒരു സുഡാൻ നിവാസിക്ക് 18 വർഷം തടവും നാടുകടത്തലും വിധിച്ചു. മറ്റ് പ്രതികൾക്ക് എട്ട് മുതൽ 18 വർഷം വരെ തടവും, ലക്ഷം സൗദി റിയാൽ പിഴയും യാത്രാ വിലക്കുകളും, സൗദി പൗരന്മാരല്ലാത്തവർക്ക് നാടുകടത്തൽ ശിക്ഷയും വിധിച്ചു. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ഒരു സർക്കാർ ജീവനക്കാരന് 10 വർഷം തടവും, കള്ളപ്പണം വെളുപ്പിക്കൽ, വഞ്ചന എന്നീ കുറ്റങ്ങൾക്ക് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അയാളുടെ സഹോദരിക്ക് 12 വർഷം തടവും, യാത്രാ വിലക്കും, പിഴയും വിധിച്ചു. പിടിച്ചെടുത്ത എല്ലാ ഫണ്ടുകളും മൊബൈൽ ഉപകരണങ്ങളും കുറ്റകൃത്യങ്ങളിൽ ഉപയോഗിച്ച സിം കാർഡുകളും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട തുല്യമായ സ്വത്തുക്കളും സംഘം ഉപയോഗിച്ച തോക്കും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

Tags:    
News Summary - Forgery, financial fraud, and breach of trust: 11 people, including Saudi citizens, sentenced to 155 years in prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.