റിയാദ്: അവശ്യസാധനങ്ങൾ പൂഴ്ത്തിവെക്കുകയോ വില അനാവശ്യമായി കൂട്ടി വിൽക്കുകയോ ചെയ്താൽ ഒരു കോടി റിയാൽ വരെ പിഴശിക്ഷ ചുമത്തുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ. അസ ാധാരണമായ സന്ദർഭങ്ങളിൽ ഏറ്റവും അത്യാവശ്യമായ സാധനങ്ങളും സേവനങ്ങളും യഥേഷ്ടം ലഭ്യമാക്കാതെ പൂഴ്ത്തിവെക്കുകയോ വിലകൂട്ടുകയോ ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടാൽ ഉത്തരവാദികൾക്കെതിരെ കടുത്ത നടപടി തന്നെയുണ്ടാകുമെന്ന് പബ്ലിക് പ്രോസിക്യൂഷനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. വാണിജ്യ, വ്യവസായിക, കാർഷിക ഉൽപന്നങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ മേഖലകളിലും ഇത്തരത്തിൽ നിയമലംഘനം നടത്തുകയും അനാവശ്യ മത്സരം സൃഷ്ടിക്കുകയും ചെയ്യുന്നവർക്കെതിരെയാണ് നടപടി.
ഇൗ രംഗങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഉൽപന്നങ്ങൾ പൂഴ്ത്തിവെക്കുന്നതും സേവനങ്ങൾ നൽകാതിരിക്കുന്നതും വലിയ നിയമലംഘനമായി കണക്കാക്കും; പ്രത്യേകിച്ചും രാജ്യത്ത് അസാധാരണ സാഹചര്യങ്ങളോ ആഗോള സംഭവങ്ങളോ ഉണ്ടാകുന്ന പരിതസ്ഥിതിയിൽ. വിലകൂട്ടാനോ കുറക്കാനോ ഉപജാപകം നടത്തുന്നതും ഗുരുതര കുറ്റമാണ്. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ മെഡിക്കൽ ഉപകരണങ്ങൾക്കും മറ്റും വിപണിയിൽ വലിയ ആവശ്യമുണ്ടാകുകയും എന്നാൽ പലതിനും ഒരിക്കലുമുണ്ടാകാത്ത രീതിയിൽ വില വർധിപ്പിക്കുകയോ ദൗർലഭ്യം സൃഷ്ടിക്കുന്നതിനുവേണ്ടി പൂഴ്ത്തിവെക്കുകയോ ചെയ്യുന്ന പ്രവണത ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പബ്ലിക് പ്രോസിക്യൂഷെൻറ മുന്നറിയിപ്പ്. മുൻകരുതലിെൻറ ഭാഗമായി സാനിറ്റൈസർ, ഫേസ് മാസ്കുകൾ എന്നിവക്കായി ആളുകൾ സൂപ്പർമാർക്കറ്റുകളെയും ഫാർമസികളെയും വൻതോതിൽ ആശ്രയിക്കുന്ന സ്ഥിതിവിശേഷം രാജ്യത്താകെയുണ്ട്.
എന്നാൽ, ഇൗ ഉൽപന്നങ്ങൾ മനഃപൂർവം പൂഴ്ത്തിവെച്ച് ദൗർലഭ്യമാണ് എന്ന അവസ്ഥ സൃഷ്ടിച്ച് അസാധാരണമായി വിലകൂട്ടി വിൽക്കാനുള്ള ഉപജാപകശ്രമങ്ങൾ നടക്കുന്നതായി വ്യാപകമായി ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഫേസ്മാസ്കിനൊക്കെ മുെമ്പങ്ങും കേട്ടുകേൾവിയില്ലാത്തവിധം ഞെട്ടിക്കുന്ന രീതിയിൽ വിലയുയർത്തി വിൽക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും പരാതികളുണ്ടായി. ഫേസ്മാസ്കുകളും സാനിറ്റൈസറും കിട്ടാനില്ല എന്ന ഒരു പ്രതീതി സൃഷ്ടിക്കാനും ശ്രമങ്ങൾ നടന്നു. വിപണിമത്സരം സംബന്ധിച്ച നിയമാവലിയിലെ ആർട്ടിക്കിൾ ഒന്ന് പ്രകാരം വൻനഷ്ടസാധ്യത സൃഷ്ടിച്ച് വിപണിയെ തകർക്കുക എന്ന ലക്ഷ്യത്തോടെ യഥാർഥ വിലയെക്കാൾ കുറഞ്ഞ തുകക്ക് ഉൽപന്നങ്ങൾ വിൽക്കുകയോ സേവനങ്ങൾ നൽകുകയോ ചെയ്യുന്നതും കുറ്റകരമാണ്. ചില സ്ഥാപനങ്ങളെ കൃത്യമായി ലക്ഷ്യംവെച്ച് ഇത്തരം അനാരോഗ്യ മത്സരാന്തരീക്ഷം സൃഷ്ടിക്കുന്നതും നിയമലംഘനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.