ജിദ്ദ: മക്ക ഹറം മത്വാഫ് അണുമുക്തമാക്കുന്ന ജോലികൾ പൂർത്തിയായി. വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് ചുറ്റുഭാഗം അ ടച്ച ശേഷം അണുമുക്തമാക്കൽ ജോലികൾ നടന്നത്. മക്കയിലുള്ളവർക്ക് മത്വാഫ് നമസ്കാരത്തിന് തുറന്നു കൊടുക്കു ന്നതിെൻറ മുന്നോടിയായാണ് ഇതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
വ്യാഴാഴ്ച ഉച്ചക്ക് ശേഷം മത്വാഫിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നതും മത്വാഫ് വിജനമായതുമായ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കോവിഡ് 19 വൈറസിനെതിരെയുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് മത്വാഫിലെ ശുചീകരണവും അണുമുക്തമാക്കലും നടന്നത്. ഉയർന്ന ഗുണനിലവാരമുള്ളതും സുരക്ഷിതവും ദോഷകരമല്ലാത്തതും പരിസ്ഥിതിക്ക് ഇണങ്ങുന്നതുമായ ലായനികൾ ഉപയോഗിച്ചാണ് അണുമുക്തമാക്കൽ നടത്തിയത്. കോവിഡ് 19 ലോകത്ത് പലയിടത്തും റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ,
ഹറമിലെത്തുന്നവരുടെ സുരക്ഷക്കായി ഉംറ തീർഥാടനം താൽക്കാലികമായി നിർത്തലാക്കുന്നതടക്കമുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. സൗദിയിൽ കൂടി റിപ്പോർട്ട് ചെയ്തതോടെ മുൻകരുതൽ നടപടികൾ ഉൗർജിതമാക്കിയിരിക്കുകയാണ്. ഹറമും പരിസരവും കഴുകി വൃത്തിയാക്കുന്നത് പ്രതിദിനം നാലിൽനിന്ന് ആറ് പ്രാവശ്യമായി ഉയർത്തി. ശൗചാലയങ്ങൾ ശുചിയാക്കുന്നതും ആറ് തവണയാക്കി. സംസം കുടിക്കുന്ന സ്ഥലങ്ങളും നമസ്കാര വിരിപ്പുകളും അണുമുക്തമാക്കുന്ന ജോലികളും സംസം പാത്രങ്ങൾ മാറ്റി സ്ഥാപിക്കുന്നതും ഉപയോഗിച്ച ഗ്ലാസുകൾ വേഗം എടുത്തുമാറ്റുന്നതും ദിവസം മുഴുവനും ചെയ്യും. നാല് ഷിഫ്റ്റുകളിലായി സ്ത്രീകളും പുരുഷന്മാരുമായി 2,000ത്തിലധികം ജോലിക്കാർ ഹറമിൽ ശുചീകരണത്തിനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, ഹറമിൽ തീർഥാടകർക്ക് ഒരുക്കിയ മുൻകരുതൽ നടപടികൾ ഇരു ഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.