ജിദ്ദ: സൗദിയിൽ തൊഴിലാളികളുടെ ശമ്പളവും ആനുകൂല്യങ്ങളും വൈകിച്ചാൽ വൻപിഴ. സ്ത്രീ ജീവനക്കാർക്ക് സൗകര്യങ്ങളൊരുക്കിയില്ലെങ്കിലും 25,000 റിയാൽ വരെ പിഴ ഉണ്ടാവും. ശമ്പളം നിശ്ചിത സമയത്ത് നൽകാത്ത സ്ഥാപനത്തിനും തൊഴിലുടമക്കും ഒരു തൊഴിലാളിക്ക് 3000 റിയാൽ വീതമാണ് പിഴ.
തൊഴിലാളികളുടെ ശമ്പളം തടഞ്ഞു വെക്കുന്നതും രസീതില്ലാതെ ശമ്പളം കുറച്ചു നൽകിയാലും പിഴയുണ്ടാകും. ജോലിക്കിടെ പരിക്കേൽക്കുന്ന തൊഴിലാളികൾക്ക് ചികിത്സ നൽകാതിരിക്കുന്നത് ശിക്ഷാർഹമാണ്.
ജോലിയിൽനിന്ന് വിരമിച്ചാൽ ഒരാഴ്ചക്കുള്ളിൽ ശമ്പളവും ആനുകൂല്യങ്ങളും തൊഴിലുടമ നൽകിയിരിക്കണം. കരാർ കലാവധി തീർന്നാൽ രണ്ടാഴ്ചക്കിടയിൽ വേതനവും ആനുകൂല്യവും നൽകിയിരിക്കണം. ഇതു വൈകിയാൽ 10,000 റിയാൽ പിഴ നൽകണമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു. സ്ത്രീകൾ ജോലി ചെയ്യുന്ന സ്ഥാപനമാണെങ്കിൽ അവർക്ക് അനുയോജ്യമായ സൗകര്യമൊരുക്കിയിരിക്കണം. അല്ലാത്ത സ്ഥാപനങ്ങൾക്ക് 25,000 റിയാലായിരിക്കും പിഴ. മതിയായ സുരക്ഷ ജീവനക്കാരെയോ, ഇലക്ട്രോണിക് സുരക്ഷ സംവിധാനങ്ങളോ ഒരുക്കാതിരുന്നാൽ 20,000 റിയാലായിരിക്കും പിഴ. സ്ത്രീകളായ ജോലിക്കാർക്ക് നമസ്കാരത്തിനും വിശ്രമത്തിനും അംഗ ശുചീകരണത്തിനും പ്രത്യേക സ്ഥലവും ഒരുക്കിയിരിക്കണം. പ്രത്യേക ഇരിപ്പിടമൊരുക്കിയില്ലെങ്കിൽ പിഴ 5000 റിയാലായിരിക്കും. ഒരു ഷിഫ്റ്റിൽ രേണ്ടാ അതിൽ കൂടുതലോ സ്ത്രീകളെ നിയോഗിക്കണം.
ഒരു സ്ത്രീ മാത്രമോ പുരുഷനോടൊപ്പം തനിച്ചോ ജോലിക്ക് വെച്ചാൽ 25,000 റിയാൽ പിഴ ഉണ്ടാവും. സ്ഥാപനങ്ങൾ നിശ്ചിത സുരക്ഷ ചട്ടങ്ങൾ പാലിച്ചിരിക്കണം. അതു ലംഘിച്ചാലുള്ള പിഴകളും വർധിപ്പിച്ചിട്ടുണ്ട്. അഗ്നിശമന സംവിധാനങ്ങളും എമർജൻസി എക്സിറ്റുകളും നടപ്പാതകളും ഒരുക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ 15,000 റിയാലായിരിക്കും. നേത്തേ ഇത് 10,000 റിയാലായിരുന്നു. ലിഖിത തൊഴിൽ കരാറുണ്ടാക്കാതെ തൊഴിലാളിയെ ജോലിക്ക് നിയമിച്ചാൽ ഒരോ തൊഴിലാളിക്കും 1000 റിയാൽ വീതം പിഴ നൽകേണ്ടിവരും. വാരാന്ത്യ ലീവ് അനുവദിക്കാതിരിക്കുക, കൂടുതൽ സമയം ജോലിയെടുപ്പിക്കുക, വ്യവസ്ഥ പ്രകാരമുള്ള ലീവ് നൽകാതിരിക്കുക എന്നിവക്ക് ഒരു തൊഴിലാളിക്ക് 10,000 റിയാൽ വീതം തൊഴിലുടമക്ക് പിഴയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.