റിയാദ്: സൗദി വിമാനത്താവളങ്ങളുടെ സേവന നിലവാരം മെച്ചപ്പെടുത്താൻ സ്വീകരിച്ച നടപടികൾ തൃപ്തികരമെന്ന് റിപ്പേ ാർട്ട്. രാജ്യത്തെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളെ കുറിച്ച് ഭൂരിപക്ഷം യാത്രക്കാരും സംതൃപ്തി രേഖപ്പെടുത്തി യ റിപ്പോർട്ട് ജനറൽ അതോറിറ്റി ഒാഫ് സിവിൽ ഏവിയേഷൻ (ജി.എ.സി.എ) പുറത്തുവിട്ടു. റിയാദ് കിങ് ഖാലിദ്, ജിദ്ദ കിങ് അബ്ദുൽ അസീസ്, ദമ്മാം കിങ് ഫഹദ്, മദീന അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്തർദേശീയ വിമാനത്താവളങ്ങളെ കുറിച്ച് 73 ശതമാനം യാത്രക്കാരും തൃപ്തികരമെന്ന് അഭിപ്രായപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ജനുവരിയിൽ നടത്തിയ സർവേ റിപ്പോർട്ടാണിത്. ഒരു മാസത്തിനിടെ ആറ് ലക്ഷത്തിലേറെ യാത്രക്കാർ സർവേയിൽ അഭിപ്രായം രേഖപ്പെടുത്തി. ഇവരിൽ 73 ശതമാനം ആളുകളും വിമാനത്താവളങ്ങളുടെ നിലവാരം ഉയർന്നെന്നും സേവനം തൃപ്തികരമായെന്നും അഭിപ്രായപ്പെട്ടു.
വ്യക്തിഗത വിലയിരുത്തലിൽ മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളമാണ് യാത്രക്കാർക്ക് തൃപ്തികരമായ സേവനം നൽകുന്ന കാര്യത്തിൽ മുന്നിൽ, 77 ശതമാനം. രണ്ടാം സ്ഥാനത്ത് 76 ശതമാനവുമായി ദമ്മാമിലെ കിങ് ഫഹദ് വിമാനത്താവളമാണ്. റിയാദ് കിങ് ഖാലിദ് വിമാനത്താവളം 73 ശതമാനവും ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളം 59 ശതമാനവും യാത്രക്കാരുടെ തൃപ്തി പിടിച്ചുപറ്റി. അതോറിറ്റിയുടെ കീഴിലുള്ള ഗുണമേന്മ, ഉപഭോക്തൃ സംരക്ഷണ സമിതിയാണ് മാസാന്ത റിപ്പോർട്ട് തയാറാക്കിയത്. ലോകോത്തര നിലവാരത്തിൽ രാജ്യത്തെ മുഴുവൻ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെയും ഗുണമേന്മയും സേവനവും മെച്ചപ്പെടുത്താൻ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമാണ് പ്രതിമാസ സർവേയും. ‘വിഷൻ 2030’യുടെ പരമാവധി മികവ് എന്ന ലക്ഷ്യത്തിെൻറ ഭാഗമാണ് വിമാനത്താവളങ്ങളുടെ നിലവാരം ലോകോത്തരമാക്കാനുള്ള പദ്ധതികളും.
ഗുണമേന്മ, ഉപഭോക്തൃ സംരക്ഷണ സമിതി ജനറൽ ഡയറക്ടറേറ്റ് കൃത്യമായ ഇടവേളകളിട്ട് വിമാനത്താവളങ്ങൾ സന്ദർശിച്ച് വിലയിരുത്തൽ നടത്തുകയും യാത്രക്കാരുടെ അഭിപ്രായം ചോദിച്ചറിഞ്ഞ് വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നു. വിമാനത്താവളങ്ങളിലെ എട്ട് വിഭാഗങ്ങളുടെ ഗുണമേന്മയും സേവന നിലവാരവും വർദ്ധിപ്പിക്കാൻ നാഷനൽ ഇൻഡസ്ട്രിയൽ ഡവലപ്മെൻറ് ആൻഡ് ലോജിസ്റ്റിക് പ്രോഗ്രാം (എൻ.െഎ.ഡി.എൽ.പി) എന്ന സമഗ്ര പദ്ധതി അടുത്തിടെ നടപ്പാക്കി തുടങ്ങിയിരുന്നു. വിഷൻ 2030െൻറ ഭാഗമാണിത്. വിമാനത്താവള വികസന പ്രവർത്തനങ്ങൾ, എയർ കാർഗോ സർവീസ്, ഏവിയേഷൻ സേഫ്റ്റി, നാവിഗേഷൻ സിസ്റ്റം ഡവലപ്മെൻറ്, വിമാന സർവീസ് ക്രമീകരണം, ആഭ്യന്തര യാത്രാക്കൂലി പുനഃപരിശോധന, ആഭ്യന്തര വിമാനകമ്പനികളുടെ പരിപാലനം, ടെക്നോളജി ആൻഡ് ഇന്നവേഷൻ ഡവലപ്മെൻറ്, യാത്രക്കാരുടെ സേവന വിഭാഗം എന്നിവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള പ്രോഗ്രാമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.