സൗദി റെയിൽവേയിൽ ചരിത്രമുന്നേറ്റം: കഴിഞ്ഞ മൂന്ന്​ മാസത്തിനുള്ളിൽ 4.6 കോടി യാത്രക്കാർ

റിയാദ്: സൗദി അറേബ്യയുടെ ഗതാഗത ചരിത്രത്തിൽ റെക്കോഡ് നേട്ടവുമായി റെയിൽവേ മേഖല. 2025-​ന്റെ അവസാന പാദത്തിൽ (ഒക്ടോബർ മുതൽ ഡിസംബർ വരെ) രാജ്യത്തെ വിവിധ റെയിൽവേ സേവനങ്ങളെ ആശ്രയിച്ചത് 4.6 കോടിയിലധികം യാത്രക്കാരാണ്. മുൻവർഷത്തെ അപേക്ഷിച്ച് 199 ശതമാനത്തി​ന്റെ അമ്പരപ്പിക്കുന്ന വളർച്ചയാണ് ഈ മേഖലയിൽ രേഖപ്പെടുത്തിയതെന്ന് പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി (ടി.ജി.എ) അറിയിച്ചു.

റിയാദ് മെട്രോയിൽ വൻ തിരക്ക്

നഗരങ്ങൾക്കുള്ളിലെ റെയിൽ ഗതാഗതത്തിലാണ് ഏറ്റവും വലിയ കുതിച്ചുചാട്ടം ഉണ്ടായത്. ആകെ യാത്രക്കാരിൽ 3.2 കോടി പേരും യാത്ര ചെയ്തത് റിയാദ് മെട്രോയിലാണ്. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിലും പൊതുജനങ്ങൾക്ക് സുഗമമായ യാത്രയൊരുക്കുന്നതിലും മെട്രോ നിർണായക പങ്കുവഹിച്ചുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ജിദ്ദ കിങ് അബ്​ദുൽ അസീസ് വിമാനത്താവളത്തിലെ ഓട്ടോമേറ്റഡ് ട്രാൻസ്‌പോർട്ട് സംവിധാനത്തെ ആശ്രയിച്ചത്​ 1.06 കോടി യാത്രക്കാർ.

റിയാദിലെ അമീറ നൂറ ബിൻത് അബ്​ദുറഹ്​മാൻ സർവകലാശാല കാമ്പസിനുള്ളിലെ മെട്രോ സർവിസ്​ ഉപയോഗിച്ചത്​ 9.82 ലക്ഷം യാത്രക്കാർ. വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സർവിസുകളിൽ ഹറമൈൻ അതിവേഗ റെയിൽവേ ഒന്നാമതെത്തി. തീർഥാടകരും വിനോദസഞ്ചാരികളും ഉൾപ്പെടെ 23 ലക്ഷം പേരാണ് ഈ പാതയിൽ യാത്ര ചെയ്തത്. കിഴക്കൻ റെയിൽവേയിൽ (ദമ്മാം-റിയാദ്​) 3.67 ലക്ഷം പേരും നോർത്തേൻ റെയിൽവേയിൽ (റിയാദ്​-അൽജൗഫ്​) 2.34 ലക്ഷം പേരും മൂന്ന്​ മാസത്തിനിടെ യാത്ര ചെയ്​തു.

കുതിച്ചുയർന്ന് ചരക്ക് ഗതാഗതവും

യാത്രക്കാർക്ക് പുറമെ രാജ്യത്തി​ന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ ചരക്ക് നീക്കത്തിലും റെയിൽവേ വൻ നേട്ടമുണ്ടാക്കി. 40.9 ലക്ഷം ടൺ ധാതുക്കളും വിവിധ ചരക്കുകളും റെയിൽവേ വഴി ലക്ഷ്യസ്ഥാനത്ത്​ എത്തിച്ചു. 2.27 ലക്ഷം കണ്ടയ്‌നറുകളും റെയിൽവേ വഴി ലക്ഷ്യസ്ഥാനത്തെത്തിച്ചു. സൗദി അറേബ്യയുടെ ദേശീയ ഗതാഗത, ലോജിസ്​റ്റിക് തന്ത്രത്തി​ന്റെ ഭാഗമായുള്ള വികസന പ്രവർത്തനങ്ങൾ ഫലം കാണുന്നതി​ന്റെ തെളിവാണ് ഈ കണക്കുകൾ.

രാജ്യത്തി​ന്റെ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിൽ റെയിൽവേ നിർണായക ശക്തിയായി മാറിക്കഴിഞ്ഞു എന്നും പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി വാർത്തകുറിപ്പിൽ വ്യക്തമാക്കി. സൗദി വിഷൻ 2030-​ന്റെ ഭാഗമായി ഗതാഗത മേഖലയിൽ നടപ്പാക്കുന്ന പരിഷ്കാരങ്ങൾ വരുംവർഷങ്ങളിൽ റെയിൽവേയെ കൂടുതൽ ജനകീയമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Historic breakthrough in Saudi Railways

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.