ജിദ്ദ: അഴിമതി വിരുദ്ധ നടപടിയുടെ ഭാഗമായി സൗദിയില്‍ പിടിയിലായവരെ വിട്ടയച്ചും നഷ്ടം ഈടാക്കിയും നടപടികള്‍ അവസാനിപ്പിച്ചതായി സൗദി റോയൽ കോർട്ട് അറിയിച്ചു. ഒത്തുതീര്‍പ്പിന് വഴങ്ങാത്തവരുടെയും ക്രിമിനല്‍ കുറ്റം ചെയ്തെന്ന് കണ്ടെത്തിയവരുടേയും കേസുകള്‍ കോടതിക്ക് കൈമാറി. പണമായി മാത്രം 107 ശതകോടി ഡോളറാണ് പിടിയിലായവരിൽ നിന്ന് ഈടാക്കിയത് എന്ന് റോയൽ കോർട്ട് വാര്‍ത്താ കുറിപ്പിൽ വ്യക്തമാക്കി. 2017 നവംബറില്‍ ആരംഭിച്ച അഴിമതി വിരുദ്ധ നടപടി ഇതോടെ അവസാനിച്ചു. രാജ കുടുംബം, മന്ത്രിമാര്‍, വ്യവസായികള്‍ എന്നിങ്ങിനെ 300 ലേറെ പേരെ കസ്റ്റഡിയിലെടുത്തിരുന്നു. റിയാദ് റിട്ട്സ് കാൾട്ടണിലായിരുന്നു ഇവരെ പാർപ്പിച്ചിരുന്നത്.
അഴിമതിക്കെതിരായ രാജ്യത്തിെൻറ ശക്തമായ നടപടി ലോകം ശ്രദ്ധിച്ചിരുന്നു. ലോകസമ്പന്നരുടെ പട്ടികയിൽ പെടുന്ന അമീർ വലീദ് ബിൻതലാൽ ഉൾപെടെ പ്രശസ്തർ സാമ്പത്തിക കുറ്റങ്ങളുടെ പേരിൽ തടവിലായിരുന്നു.തലാലിനെയടക്കം പലരെയും തെളിവെടുപ്പിന് ശേഷം വിട്ടയച്ചു. അവശേഷിച്ചത് 200 ഒാളം പേരായിരുന്നു.87 പേര്‍ കുറ്റം സമ്മതിച്ചു. ഒത്തു തീര്‍പ്പിനായി പിഴയും വസ്തുവകളും ഭരണകൂടത്തിന് നല്‍കി.ഇവരില്‍ നിന്നാണ് പണമായി 107 ശതകോടി ഡോളർ ശേഖരിച്ചത്. ഇനി കസ്റ്റഡിയില്‍ ബാക്കിയുള്ളത് 64 പേരാണ്. ഇതില്‍ എട്ടുപേര്‍ ഒത്തു തീര്‍പ്പിന് സന്നദ്ധമല്ല. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറും. ബാക്കിയുള്ള 56 പേരുടെ കേസുകള്‍ ക്രിമിനല്‍ വകുപ്പ് ഉള്‍പ്പെടുന്നതാണ്. ഇവ കോടതിക്ക് കൈമാറി വിവിധ വകുപ്പുകള്‍ക്ക് കൈമാറും. ഇതോടെ ഭരണാധികാരികള്‍ നേരിട്ട് ഇടപെട്ട ഒരു വര്‍ഷത്തിലേറെ നീണ്ട അഴിമതിവിരുദ്ധ നടപടി ക്രമങ്ങളാണ് അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.