ജിദ്ദ: കേരളത്തിലെ മുസ്ലിം സംഘടനകൾക്കിടയിൽ ഐക്യമുണ്ടാവുന്നതിന് പൊതുപെരുമാറ്റച്ചട്ടം അനിവാര്യമാണെന്നും ഇ രു വിഭാഗം സുന്നികൾക്കിടയിലുള്ള ഐക്യശ്രമങ്ങൾക്ക് തുടക്കം കുറിച്ചതായും സുന്നി എ.പി വിഭാഗം വക്താവും കേരള മുസ് ലീം ജമാഅത്ത് സെക്രട്ടറിയുമായ അഡ്വ. ഇസ്മായിൽ വഫ. ഹ്രസ്വ സന്ദർശനാർഥം ജിദ്ദയിലെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ ത് തോട് സംസാരിക്കുകയായിരുന്നു. ഇരുസുന്നി വിഭാഗങ്ങൾ തമ്മിലുള്ള ഐക്യസംഭാഷണം പുരോഗമിച്ച് വരികയാണ്. കേരളത്തിലെ മുസ്ലിംകൾക്കിടയിൽ ഐക്യം സാധ്യമാവാൻ പൊതുപെരുമാറ്റച്ചട്ടത്തിന് രൂപം കൊടുക്കുന്നത് അനിവാര്യമാണ്. സുന്നി സംഘടനകൾക്കിടയിലെ ഐക്യചർച്ചയുടെ ആദ്യഘട്ടം പൂർത്തിയായിട്ടുണ്ട്. രണ്ടാം ഘട്ട ഐക്യ ചർച്ച അടുത്തുതന്നെ നടക്കുമെന്നാണ് പ്രതീക്ഷ. കോഴിക്കോട് മെഡിക്കൽ കോളജിലെ ഒരു പ്രഫസറുടെ മേൽനോട്ടത്തിലാണ് ഐക്യചർച്ച പുരോഗമിക്കുന്നത്.
കേരളത്തിൽ പല പള്ളികളും ഇരുവിഭാഗം സുന്നികൾ തമ്മിലുള്ള തർക്കത്തിെൻറ പേരിൽ അടഞ്ഞുകിടക്കുന്നത് നിർഭാഗ്യകരമാണ്. ഇരുവിഭാഗവും ഇസ്ലാമിക മൂല്യങ്ങളിലേക്ക് തിരിച്ചുവരിക, പരസ്പരമുള്ള രൂക്ഷ വിമർശനങ്ങൾ ഒഴിവാക്കുക, പരിപാടികൾക്ക് ക്ഷണിക്കുന്നതിൽ ഉദാരസമീപനം സ്വീകരിക്കുക, വിട്ടുവീഴ്ചക്ക് തയാറാവുക തുടങ്ങിയവ പൊതു പെരുമാറ്റച്ചട്ടത്തിൽ ഉൾപ്പെടുത്തുന്നത് ഫലപ്രദമായിരിക്കും. സർവ്വോപരി രാഷ്ട്രീയ വിഷയങ്ങളിൽ തീവ്രമായ സംഘടനാ പക്ഷപാതിത്വം കൈവെടിയുന്നത് ഐക്യശ്രമത്തെ ത്വരിതപ്പെടുത്തും. ഇരുവിഭാഗത്തിനും ഇഷ്ടമുള്ള രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ സ്വാതന്ത്ര്യമുണ്ടായിരിക്കേണ്ടതാണ്. കാരണം എ.പി വിഭാഗം സുന്നികൾ സന്ദർഭോചിത രാഷ്്ട്രീയ നിലപാടുകളാണ് സ്വീകരിക്കുന്നതെങ്കിൽ ഇ.കെ വിഭാഗം സുന്നികളിൽ ഭൂരിഭാഗവും മുസ്ലിം ലീഗനുകൂല നിലപാട് സ്വീകരിക്കുന്നവരാണ്. ഇത്തരം കാര്യങ്ങളിൽ കടുത്ത നിലപാട് ഗുണകരമാവില്ല. മഹല്ലു കമ്മിറ്റികളിൽ ആനുപാതിക പ്രാതിനിധ്യവും സുന്നികൾ തമ്മിലുള്ള ഐക്യശ്രമത്തെ ശക്തിപ്പെടുത്തും.
മനുഷ്യ ജീവിതത്തിെൻറ മുഖ്യ ലക്ഷ്യം സന്തോഷമാണെങ്കിലും ആ ലക്ഷ്യം കൈവരിക്കുന്നതിൽ ഭൗതിക പ്രത്യയശാസ്ത്രങ്ങളും രാഷ്ട്രങ്ങൾ പോലും തികഞ്ഞ പരാജയമാണെന്ന് കൗൺസലിങ് വിദഗ്ധൻ കൂടിയായ ഇസ്മായിൽ വഫ പറഞ്ഞു. ഇക്കാര്യത്തിൽ ഭൂട്ടാനും യു.എ.ഇ യും കൈവരിച്ച പുരോഗതി ശ്ലാഘനീയമാണ് . ഇരു രാഷ്ട്രങ്ങളിലും പൗരന്മാരുടെ സന്തോഷത്തിന് പ്രത്യേക മന്ത്രാലയവും വകുപ്പുകളും രൂപവത്കരിച്ചിട്ടുണ്ട്. ഇസ്ലാം മനുഷ്യെൻറ സന്തോഷ ജീവിതത്തിന് കൃത്യമായ സിദ്ധാന്തങൾ ആവിഷ്കരിച്ചിട്ടുണ്ട്. അത് നടപ്പാക്കുന്നതിലൂടെ ഇരുലോക വിജയം കരസ്ഥമാക്കാം. അതിൽ ഏറ്റവും പ്രധാനം നിലവിലുള്ള അവസ്ഥയിൽ സന്തുഷ്ടനായിരിക്കുക, മനുഷ്യ ബന്ധങ്ങൾ കാത്തുസൂക്ഷിക്കുക, എല്ലാവർക്കും മാപ്പ് കൊടുക്കുക തുടങ്ങിയവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.