ഇന്ത്യയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണം -ഖാലിദ് അല്‍ മഈന

ജിദ്ദ: ഇന്ത്യ മഹത്തായ രാജ്യമാണെന്നും അതി​​​​െൻറ സൗന്ദര്യം വൈവിധ്യത്തിലാണ് നിലകൊള്ളുന്നതെന്നും പ്രമുഖ സൗദി മാധ്യമ പ്രവര്‍ത്തകന്‍ ഖാലിദ് അല്‍ മഈന. ഹസന്‍ ചെറൂപ്പ രചിച്ച ‘സുലൈമാന്‍ സേട്ട്: ഒരിന്ത്യന്‍ വീരഗാഥ’ പുസ്തക പ്രകാശന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അയ്യായിരം ഭാഷകളുള്ള രാജ്യം നിലകൊള്ളുന്നത് ജനാധിപത്യ മൂല്യങ്ങളിലാണ്. ഇന്ത്യ മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യമാണ്. ഒരു മതേതര രാജ്യത്ത് ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ ഉള്ള സംജ്ഞക്ക് പ്രസക്തിയില്ലന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സുലൈമാന്‍ സേട്ടിനെ കാണാനും അദ്ദേഹവുമായി സംവദിക്കുവാനും അവസരമുണ്ടായിട്ടുണ്ടെന്ന് അല്‍ മഈന അനുസ്മരിച്ചു. ഇന്ത്യന്‍ മുസ്​ലീംകളുടെ അജയ്യനായ നേതാവായിരുന്നു സുലൈമാന്‍ സേട്ട്​ . ഇന്ത്യയിൽ എല്ലാവരും തുല്യരാണെന്നും അവിടെ എല്ലാവര്‍ക്കും വികസിക്കുവാനുള്ള അവസരമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും മാത്രമേ പുരോഗതി കൈവരിക്കാന്‍ കഴിയൂ. ഈ സാധ്യത ഇന്ത്യന്‍ മുസ്​ലീംകള്‍ പരമാവധി പ്രയോജനപ്പെടുത്തണം. സൗദി അറേബ്യയുടെ വികസനത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം അവിസ്മരണീയമാണ്​.

വടക്കേ ഇന്ത്യയില്‍ നിന്ന്​ ഭിന്നമായ സംസ്കാരമാണ് കേരളത്തില്‍. കേരളീയര്‍ പൊതുവെ ശാന്തപ്രിയരാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരെന്ന നിലയില്‍ നിങ്ങള്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ദാരിദ്ര്യം, രോഗം, നിരക്ഷരത എന്നിവക്കെതിരായ പോരാട്ടം ഇന്ത്യക്കാര്‍ ശക്തിപ്പെടുത്തണം. ധാരാളം നന്മകളുള്ള രാജ്യമാണ് ഇന്ത്യ. അവിടെ വളരാനും വികസിക്കാനും ഏറെ സാധ്യതകളുണ്ട്. ‘മിസ്കീന്‍’ മനോഭാവവുമായി ജീവിക്കരുതെന്ന് അദ്ദേഹം ഉണര്‍ത്തി. ഏത് ഉന്നത മേഖലയിലേക്കും ആര്‍ക്കും ഇന്ത്യയില്‍ എത്തിച്ചേരാന്‍ കഴിയും. വിദ്യാഭ്യാസവും കഠിനാധ്വാനവുമാണ് ആവശ്യം. പരാതി കൊണ്ട് ഒരു പ്രയോജനവുമില്ല. ഗുണമേന്മയുള്ളവരാവുകയും രാജ്യത്തെ സമാധാനം നിലനിര്‍ത്തുകയും ചെയ്യേണ്ടത് പുരോഗതിക്ക് അനിവാര്യമാണന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.