റിയാദ്: സൗദി ഗതാഗതരംഗത്തെ സ്വപ്ന പദ്ധതികളിലൊന്നായ വടക്കൻ റെയിൽവേയുടെ മൂന്നാം ഘട്ടത്തിെൻറ ഉദ്ഘാടനം ബുധനാഴ്ച. റിയാദ് ^ അൽജൗഫ് പാതയിൽ ആദ്യ ട്രെയിൻ രാത്രി 9.30ന് ഒാടിത്തുടങ്ങും. ഇതോടെ തുടക്കമാകുന്നത് സൗദിയിലെ ആദ്യത്തെ മുഴുനീള രാത്രികാല ട്രെയിൻ ഗതാഗതത്തിനാണ്. റിയാദിൽ നിന്ന് രാത്രി 9.30ന് പുറപ്പെടുന്ന വണ്ടി ഏഴ് മണിക്കൂറും 50 മിനുട്ടുമുള്ള ദൂരം പിന്നിട്ട് അൽജൗഫിൽ പുലർച്ചെ 5.20നാണ് എത്തുക.
ആഴ്ചയിലൊരു സർവീസാണ് തുടക്കത്തിൽ. ബുധനാഴ്ച രാത്രി പുറപ്പെട്ട് വ്യാഴം പുലർച്ചെ അൽജൗഫിലെത്തി ശനിയാഴ്ച രാത്രി 11.30ന് അവിടെ നിന്ന് തിരിച്ച് ഞായറാഴ്ച പുലർച്ചെ 7.29ന് റിയാദിലെത്തുന്ന വിധമാണ് സർവീസ് ക്രമപ്പെടുത്തിയിരിക്കുന്നത്. അങ്ങോട്ടുമിങ്ങോട്ടും യാത്ര രാത്രിയിലാണ്. പിന്നീട് സർവീസിെൻറ എണ്ണം കൂട്ടുമെന്ന് സൗദി അറേബ്യൻ റെയിൽവേ കമ്പനി (സാർ) അറിയിച്ചിട്ടുണ്ട്. അതോടെ പകലും യാത്രയുണ്ടാവും. ഉദ്ഘാടന സർവീസിലേക്കടക്കം ടിക്കറ്റ് ബുക്കിങ് മുൻകൂട്ടി ആരംഭിച്ചിരുന്നു. വെബ്സൈറ്റിൽ http://booking.sar.com.sa എന്ന വെബ്സൈറ്റ് വഴിയും സ്റ്റേഷനുകളിലെ കൗണ്ടറുകളിൽ നിന്നുമാണ് ബുക്കിങ്ങിന് സൗകര്യം. 920000329 എന്ന നമ്പറിലൂടെയും ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇകണോമിക് ക്ലാസിൽ 220 റിയാലും ബിസിനസ് ക്ലാസ് 315 റിയാലുമാണ് ടിക്കറ്റ് നിരക്ക്. എല്ലാ ബോഗികളിലും ബർത്ത് സൗകര്യമുണ്ട്. 377 യാത്രക്കാരെ ഉൾക്കൊള്ളും. 238 സീറ്റുകൾ ഇകണോമിക് ക്ലാസ് വിഭാഗത്തിലും 43 സീറ്റുകൾ ബിസിനസ് ക്ലാസിലുമായിരിക്കും. രണ്ട് ക്ലാസുകളിലും ഇൻറർനെറ്റും ട്രെയിൻ സംബന്ധിച്ച വിവരങ്ങളുടെ സ്ക്രീൻ ഡിസ്പ്ലേയുമുണ്ടാകും. പുറമെ പാൻട്രി കാറും ആരാധനാസൗകര്യവുമുണ്ടാകും. റിയാദ് ^ അൽജൗഫ് പാതയിൽ ഇടയിൽ മജ്മഅ്, ബുറൈദ, ഹാഇൽ സ്റ്റേഷനുകളാണുള്ളത്. ബുറൈദയിലേക്കും ഹാഇലിലേക്കും എല്ലാ ദിവസവും സർവീസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.