ആഗോള വിമാനത്താവള റാങ്കിങ്ങിൽ വൻ കുതിപ്പുമായി ജിദ്ദ; ലോകതലത്തിൽ മൂന്നാം സ്ഥാനം

ജിദ്ദ: ആഗോള വിമാനത്താവളങ്ങളുടെ പട്ടികയിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് ജിദ്ദയിലെ കിങ് അബ്​ദുൽ അസീസ് അന്താരാഷ്​ട്ര വിമാനത്താവളം. പ്രതിവർഷം 50 മുതൽ 60 ദശലക്ഷം വരെ യാത്രക്കാർക്ക് സേവനം നൽകുന്ന വലിയ വിമാനത്താവളങ്ങളുടെ വിഭാഗത്തിലാണ് ജിദ്ദ ലോകതലത്തിൽ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. സ്കൈട്രാക്സിന്‍റെ 2026ലെ റാങ്കിങ് പ്രകാരമാണ് ഈ നേട്ടം. ലണ്ടനിൽ നടന്ന പാസഞ്ചർ ടെർമിനൽ എക്‌സ്‌പോയിലാണ് പുതിയ റാങ്കിങ് പ്രഖ്യാപിച്ചത്.

ലോകത്തിലെ ഏറ്റവും വികസിതമായ വിമാനത്താവളങ്ങളിൽ അഞ്ചാം സ്ഥാനത്തും, ആഗോളതലത്തിലെ മികച്ച നൂറ് വിമാനത്താവളങ്ങളുടെ പട്ടികയിൽ 27-ാം സ്ഥാനത്തുമാണ് നിലവിൽ ജിദ്ദ വിമാനത്താവളം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 27-ാം സ്ഥാനത്തേക്ക് എത്തിയത് 17 സ്ഥാനങ്ങളുടെ വലിയ മുന്നേറ്റത്തോടെയാണ്. സേവനങ്ങളുടെ ഗുണനിലവാരം, യാത്രക്കാരുടെ അനുഭവം, പ്രവർത്തനക്ഷമത എന്നിവയിൽ വിമാനത്താവളം കൈവരിച്ച ദ്രുതഗതിയിലുള്ള പുരോഗതിയുടെ തെളിവാണ് ഈ അംഗീകാരം.

യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും പ്രവർത്തന മികവ് വർദ്ധിപ്പിക്കുന്നതിനുമായി 2026-ലെ ലക്ഷ്യങ്ങൾ മുൻനിർത്തി ജിദ്ദ എയർപോർട്ട്സ് കമ്പനി നടത്തിവരുന്ന തുടർച്ചയായ ശ്രമങ്ങൾ ഈ നേട്ടത്തിന് പിന്നിലുണ്ട്. സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തരമായ പ്രതിബദ്ധതയുടെ ഫലമാണ് ഈ പുരോഗതിയെന്ന് ജിദ്ദ വിമാനത്താവള കമ്പനി സി.ഇ.ഒ മാസിൻ ജൗഹർ പറഞ്ഞു.

വിമാനത്താവളത്തിനുള്ളിലെ സംയോജിത ശ്രമങ്ങളുടെയും മികച്ച ടീം വർക്കി​െൻറയും ഫലമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. വിഷൻ 2030-ന്‍റെ ലക്ഷ്യങ്ങൾക്കനുസൃതമായി യാത്രക്കാർക്ക് അസാധാരണമായ യാത്രാനുഭവം നൽകുന്നതിനും, പ്രാദേശിക-ആഗോള കേന്ദ്രമെന്ന നിലയിൽ വിമാനത്താവളത്തി​െൻറ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കമ്പനി തുടർന്നും പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Jeddah makes a huge jump in global airport rankings; ranks third in the world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.