സുഡാനിൽ കെ.എസ് റിലീഫ് സെൻറർ ദുരിതാശ്വാസ സഹായം നൽകിയപ്പോൾ
യാംബു: സുഡാനിലെ ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്ക് സഹായമെത്തിക്കുന്നതിനായി സൗദി അറേബ്യയുടെ ചാരിറ്റി ഏജൻസിയായ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻററിെൻറ (കെ.എസ്. റിലീഫ്) നേതൃത്വത്തിൽ മാനുഷിക സഹായ പ്രവർത്തനങ്ങൾ ഊർജിതമാക്കി. 4,590 ഭക്ഷ്യധാന്യക്കുട്ടകളുടെ വിതരണം കഴിഞ്ഞ ദിവസം പൂർത്തിയാക്കിയതായി സെൻറർ വക്താവ് അറിയിച്ചു.
ഖാർത്തൂം സംസ്ഥാനത്തെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ വിതരണം നടക്കുന്നത്. ബഹ്രി പ്രദേശത്തെ ഏറ്റവും ദുർബല വിഭാഗങ്ങളിൽ നിന്നുള്ള 19,714 വ്യക്തികൾക്ക് ഉപകരിക്കുന്ന വിധത്തിൽ സുഡാനിലെ ദുരിതാശ്വാസ കേന്ദ്രത്തിെൻറ സഹകരണത്തോടെ 1,790 ധാന്യമാവ് കിറ്റുകൾ വിതരണം ചെയ്തു. കൂടാതെ, ഖാരി പ്രദേശത്തെ 21,548 വ്യക്തികൾക്കായി 2,800 ധാന്യമാവ് കിറ്റുകളുടെ വിതരണവും പൂർത്തിയായതായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി. ഭക്ഷ്യസുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, ജലം, ശുചിത്വം, പാർപ്പിടം എന്നീ പ്രധാന മേഖലകളിലാണ് കെ.എസ്. റിലീഫ് പ്രത്യേക ശ്രദ്ധ നൽകുന്നത്. സുഡാൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനായി ഇതിനകം നിരവധി പദ്ധതികളാണ് സൗദി അറേബ്യ നടപ്പാക്കിയിട്ടുള്ളത്. ദുർബല സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമായി യു.എൻ സ്ഥാപനങ്ങളുമായും അന്താരാഷ്ട്ര ദുരിതാശ്വാസ സംഘടനകളുമായും കെ.എസ് റിലീഫ് സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള ദരിദ്രരെയും ദുരിതബാധിതരെയും പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ നിരവധി മാനുഷിക പദ്ധതികളാണ് ഏജൻസി നിലവിൽ ആവിഷ്കരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.