ജിദ്ദ: ആഗോളതലത്തിലുള്ള 370 തുറമുഖങ്ങളിൽ സൗദി അറേബ്യയിലെ തുറമുഖങ്ങൾ ഒന്നാം സ്ഥാനത്ത്. 2021ൽ ആഗോളതലത്തിൽ കണ്ടെയ്‌നർ തുറമുഖങ്ങളുടെ പ്രകടനത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര റിപ്പോർട്ട് പ്രകാരമാണിത്. കിങ് അബ്ദുല്ല തുറമുഖമാണ് ഒന്നാം സ്ഥാനത്തെത്തിയത്. ജിദ്ദ ഇസ്ലാമിക് തുറമുഖത്തിന് ആഗോളതലത്തിൽ എട്ടാം സ്ഥാനവും, പ്രവർത്തനക്ഷമതയുടെ കാര്യത്തിൽ കിങ് അബ്ദുൽ അസീസ് തുറമുഖം പതിനാലാം സ്ഥാനവും നേടിയിട്ടുണ്ട്. വേൾഡ് ബാങ്കും സ്റ്റാൻഡേഡ് ആൻഡ് പുവേഴ്‌സ് ഗ്ലോബൽ മാർക്കറ്റ് ഇൻറലിജൻസുമാണ് ഇത് പ്രസിദ്ധീകരിച്ചത്.

കോവിഡ് പ്രത്യാഘാതങ്ങളുടെ ഫലമായി ലോകം അഭിമുഖീകരിച്ച വെല്ലുവിളികൾക്കിടയിലാണ് സൗദി തുറമുഖങ്ങൾ ഇത്രയും വലിയ നേട്ടങ്ങൾ നേടിയതെന്നത് ശ്രദ്ധേയമാണ്. പൊതു-സ്വകാര്യ മേഖലകളിൽനിന്നുള്ള പങ്കാളികളുമായി പോർട്ട് അതോറിറ്റി നടത്തിയ ശ്രമങ്ങളും രാജ്യത്തെ തുറമുഖങ്ങൾ വികസിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും നടത്തിയ പ്രവർത്തനങ്ങളും നേട്ടങ്ങൾക്ക് കാരണമായതായി വിലയിരുത്തപ്പെടുന്നു. സമുദ്രഗതാഗത ലൈനുകൾ വികസിപ്പിക്കുക, പ്രവർത്തന, ലോജിസ്റ്റിക്കൽ സേവനങ്ങളിലെ നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുക, ഓപറേഷൻ പ്രക്രിയകൾ മെച്ചപ്പെടുത്തുക എന്നിവയും ഇതിനു ആക്കംകൂട്ടിയിട്ടുണ്ട്.

കണ്ടെയ്നർ തുറമുഖങ്ങളിലെ പ്രവർത്തനങ്ങളുടെ കാര്യക്ഷമതയുടെ പ്രകടനത്തിൽ രാജ്യത്തെ തുറമുഖങ്ങൾ നേടിയ അന്താരാഷ്ട്ര ലീഡ് ഈ രംഗത്ത് ആഗോളതലത്തിൽ സൗദിയുടെ മുൻനിര സ്ഥാനം ഉറപ്പിക്കുന്നുവെന്ന് ഗതാഗത ലോജിസ്റ്റിക്സ് മന്ത്രി എൻജിനീയർ സ്വാലിഹ് ബിൻ നാസർ അൽജാസിർ പറഞ്ഞു. ആഗോള ലോജിസ്റ്റിക്‌സ് കേന്ദ്രമായും മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന കേന്ദ്രമായും രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള ദേശീയ ശ്രമങ്ങളുടെ നേട്ടത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.

വിഷൻ 2030 അനുസരിച്ച് ഗതാഗത, ലോജിസ്റ്റിക് സേവനങ്ങൾക്കായുള്ള ദേശീയ തന്ത്രത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സുസ്ഥിരവും ത്വരിതവുമായ നടപടികളോടെയാണ് സമുദ്രഗതാഗത, തുറമുഖ മേഖല മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും നിക്ഷേപം വർധിപ്പിക്കുന്നതിനും ഉൽ‌പാദനക്ഷമത വർധിപ്പിക്കുന്നതിനും ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Saudi ports in first place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.