യാംബു: സൗദി അറേബ്യയുടെ എണ്ണ ഉൽപാദനം എട്ടു മാസത്തിനുള്ളിൽ 20 ശതമാനം വർധിച്ചു. സർക്കാർ പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കിനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തതാണിത്. പ്രതിദിനം 105 ലക്ഷം ബാരലിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് പ്രതിദിനം 1.8 ലക്ഷം ബാരൽ വർധിച്ചു. സൗദി കൈവരിച്ച നേട്ടത്തെ സൂചിപ്പിക്കുന്നതാണിതെന്ന് പ്രാദേശിക പത്രം അഭിപ്രായപ്പെട്ടു. പെട്രോളിയം വ്യവസായ മേഖലയിൽ കൊണ്ടുവന്ന വിവിധ പദ്ധതികളുടെ വിജയവും 'ഒപെക്' പിന്തുണയുമാണ് ഈ കുതിപ്പിന് കാരണമെന്ന് വിദഗ്‌ധർ വിലയിരുത്തുന്നു.2022ൽ യഥാർഥ ജി.ഡി.പി വളർച്ച എട്ട് ശതമാനത്തിലെത്തുമെന്ന് സൗദി അറേബ്യ പ്രതീക്ഷിക്കുന്നു. ഇത് എണ്ണയുൽപാദന മേഖലയിലെ പ്രവർത്തനങ്ങളിലെ യഥാർഥ ജി.ഡി.പി വളർച്ചയും എണ്ണയിതര മേഖലയിലെ പ്രവർത്തനങ്ങളിലെ സുസ്ഥിരമായ വളർച്ചയുമാണ് സൂചിപ്പിക്കുന്നത്.
2022ൽ 5.9 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്ന് നേരത്തേ കണക്കുകൂട്ടിയിരുന്നു. എണ്ണയുടെ ആഗോള ആവശ്യം പരിഗണിച്ച് പ്രതിദിനം 31 ലക്ഷം ബാരൽ വർധന വരുത്തുമെന്നായിരുന്നു സൂചന. അടുത്ത വർഷം എണ്ണയുടെ ആഗോള ആവശ്യം പ്രതിദിനം 27 ലക്ഷം ബാരൽ വർധിച്ച് പ്രതിദിനം 1027.2 ലക്ഷം ബാരലിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ സൂചിപ്പിച്ചു. സാമ്പത്തിക സഹകരണത്തിനും വികസനത്തിനും വേണ്ടിയുള്ള അന്താരാഷ്ട്ര സംഘടനയായ 'ഒ.ഇ.സി.ഡി'യിൽ അംഗങ്ങളല്ലാത്ത ഇതര രാജ്യങ്ങളുടെ വിഹിതമായിരിക്കും 2023ലെ വളർച്ചയുടെ ഏറ്റവും വലിയ ശതമാനമായി കണക്കാക്കുക. അതായത് പ്രതിദിനം ഏകദേശം 21 ലക്ഷം ബാരൽ.
ഈ രാജ്യങ്ങളിലെ സാമ്പത്തിക വീണ്ടെടുക്കൽ, ഗതാഗതം, വ്യവസായം, പെട്രോകെമിക്കൽസ് മേഖലകളിലെ ഇന്ധനത്തിന്റെ ആവശ്യകത എന്നിവ വർധിച്ചതാണ് ഈ വർധനക്ക് കാരണമെന്ന് റിപ്പോർട്ട് പറയുന്നു. ഒപെക് കരാറുകളും നിർദേശങ്ങളും എണ്ണ വിപണിയുടെ സ്ഥിരതയെ പിന്തുണക്കുന്നതിനും കോവിഡ് മഹാമാരിയുടെ ഭീതി മങ്ങിയ ശേഷം എണ്ണയുടെ ആഗോള ആവശ്യം ക്രമേണ വീണ്ടെടുക്കുന്നതിനൊപ്പം വിതരണം സന്തുലിതമാക്കുന്നതിനും സഹായിച്ചതായും ഈ മേഖലയിലെ വിദഗ്‌ധർ വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.