ജിദ്ദ: സൗദിയിൽ നിലനിൽക്കുന്ന നിയന്ത്രണങ്ങളിൽ ചില പ്രവർത്തന മേഖലകൾക്കുള്ള നിയന്ത്രണങ്ങൾ നീട്ടേണ്ടതില്ലെന്ന് സൗദി അറേബ്യ തീരുമാനിച്ചു. റെസ്റ്റോറന്റുകൾ, കഫേകൾ മുതലായവയിൽ പാർസൽ മാത്രമാക്കിയത് ഒഴിവാക്കി ഇവിടങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം. സിനിമാശാലകൾ, റെസ്റ്റോറന്റുകളിലും ഷോപ്പിംഗ് മാളുകളിലും പ്രവർത്തിക്കുന്ന വിനോദ, കായിക കേന്ദ്രങ്ങൾ, ജിംനേഷ്യം തുടങ്ങിയവ പ്രവർത്തിക്കാവുന്നതാണ്. ഇളവുകൾ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
എന്നാൽ ചില പ്രവർത്തന മേഖലകൾക്ക് നേരത്തെയുള്ള നിയന്ത്രണങ്ങൾ തുടരും. മണ്ഡപത്തിലോ, ഹോട്ടലിനു കീഴിലോ ഉള്ള ഹാളുകളിലോ, ഇസ്തിറാഹകളിലോ നടക്കുന്ന ഇവൻറുകൾ, പാർട്ടികൾ, കല്ല്യണങ്ങൾ, കോർപറേറ്റ് മീറ്റിങുകൾ എന്നിവക്കുള്ള നിയന്ത്രണങ്ങൾ അതേപടി തുടരും. സാമൂഹിക പരിപാടികളിൽ ആളുകളെ എണ്ണം 20 ൽ പരിമിതപ്പെടുത്തിയ തീരുമാനവും തുടരും. ഖബറടക്ക ചടങ്ങുകളിൽ നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണങ്ങളിലും മാറ്റമില്ല. ഖബറടക്ക ചടങ്ങിൽ കൂടുതൽ ആളുകൾ ഒരുമിച്ചുകൂടാൻ പാടില്ല. ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറക്കുന്നതിനായി മുഴുസമയവും ഖബറടക്കത്തിനും ആളുകൾക്ക് നമസ്കരിക്കാനും സൗകര്യമൊരുക്കുക. ജനാസ നമസ്കാരത്തിന് കൃത്യമായ സ്ഥലം വേർതിരിക്കുക. ഒരേസമയം ഒന്നിലധികം ഖബറടക്കം നടക്കുമ്പോൾ ഇരു ഖബറുകൾ തമ്മിലുള്ള അകലം 100 മീറ്ററെങ്കിലും ഉണ്ടായിരിക്കുകയും ചടങ്ങിൽ പങ്കെടുക്കുന്നവർ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങിയവയെല്ലാം അതേപടി നിലനിൽക്കും.
രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വർധിച്ചു വരുന്നത് കണക്കിലെടുത്ത് കഴിഞ്ഞ മാസം മൂന്ന് മുതലാണ് ചില മേഖലകളിൽ ആഭ്യന്തര മന്ത്രാലയം നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. സൗദിയിലേക്ക് വിവിധ രാജ്യങ്ങളിൽ നിന്നും നിലനിൽക്കുന്ന യാത്രാവിലക്കിനെ സംബന്ധിച്ച് പുതിയ അറിയിപ്പിൽ ഒന്നും തന്നെ പറയുന്നില്ല. മുഴുവനാളുകളും ആരോഗ്യ മുൻകരുതൽ നിർബന്ധമായും പാലിക്കണം. ആരോഗ്യ മുൻകരുതൽ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ പരിശോധന വർധിപ്പിക്കും. നിയമലംഘകൾക്ക് പിഴയുണ്ടാകും. തീരുമാനങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ വിലയിരുത്തലിന് വിധേയമാകുമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.