റിയാദ്: സൗദിയിൽ 2025ലെ ദേശീയ വനവത്കരണ സീസൺ ഞായറാഴ്ച രാജ്യത്തുടനീളം ആരംഭിക്കും. ‘ദേശീയ വനവത്കരണ പരിപാടി’യുടെ ആഭിമുഖ്യത്തിൽ ‘ഒരു കൈ നടുന്നു, ഒരു നാട് തളിർക്കുന്നു’ മുദ്രാവാക്യത്തിലാണ് ഈ വർഷത്തെ സീസൺ സംഘടിപ്പിക്കുന്നത്. സൗദി ഗ്രീൻ ഇനിഷ്യേറ്റീവിന്റെ ലക്ഷ്യങ്ങൾ നേടുന്നതിന് സംഭാവന നൽകുക, സസ്യജാലങ്ങളുടെ വളർച്ച ഉറപ്പാക്കുക, മണ്ണിന്റെ ശോഷണം കുറയ്ക്കുക, രാജ്യമൊട്ടാകെ മരംനടൽ സംസ്കാരം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
പ്രാദേശികവും പരിസ്ഥിതി സൗഹൃദപരവുമായ സസ്യങ്ങൾ വളർത്തുന്നതിന്റെ പ്രാധാന്യം ഈ സീസൺ എടുത്തുകാണിക്കുന്നു. സൗദി പരിസ്ഥിതിക്ക് അനുയോജ്യമായ നാടൻ സസ്യങ്ങൾ നടേണ്ടതിന്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കുക, മോശം പാരിസ്ഥിതിക പ്രവർത്തനങ്ങളുടെ സ്വാധീനത്തെക്കുറിച്ച് അവബോധം വളർത്തുക, പരിസ്ഥിതി മേഖലയിൽ സന്നദ്ധപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, സർക്കാർ, സ്വകാര്യ, ലാഭരഹിത മേഖലകളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നിവയാണ് ഈ വർഷത്തെ ദേശീയ മരം നടൽ സീസണിലൂടെ പരിപാടി ലക്ഷ്യമിടുന്നതെന്ന് സംഘാടകർ വിശദീകരിച്ചു.
കഴിഞ്ഞ വർഷം നടന്ന ആദ്യ ദേശീയ മരം നടൽ സീസൺ രാജ്യത്തുടനീളം വലിയ നേട്ടങ്ങൾ കൈവരിച്ചതായി ദേശീയ വനവത്കരണ പരിപാടി ചൂണ്ടിക്കാട്ടി. നട്ടുപിടിപ്പിച്ച മരങ്ങളുടെ എണ്ണം വർധിപ്പിക്കുക, നശിച്ച ഭൂമിയെ പുനഃസ്ഥാപിക്കുക, സാമൂഹിക പങ്കാളിത്തത്തിന്റെ വ്യാപ്തി വികസിപ്പിക്കുക, സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും പാരിസ്ഥിതിക അവബോധം വർധിപ്പിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഇത് പാരിസ്ഥിതിക സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന് കാര്യമായ സംഭാവന നൽകി. സുസ്ഥിരത എന്ന ആശയം ഏകീകരിക്കുകയും സസ്യജാലങ്ങളെ സംരക്ഷിക്കുന്നതിലും വികസിപ്പിക്കുന്നതിലും എല്ലാ മേഖലകളുടെയും സമൂഹത്തിലെ അംഗങ്ങളുടെയും പങ്ക് ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരു പാരിസ്ഥിതിക, സാമൂഹിക മുന്നേറ്റമാണ് ദേശീയ മരം നടൽ സീസൺ. ഇത് വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.