തവക്കൽനയിൽ ഇനി ശമ്പളവിവരങ്ങളും; സർക്കാർ ജീവനക്കാർക്കായി പുതിയ സേവനം

റിയാദ്: സൗദി അറേബ്യയിലെ സർക്കാർ ജീവനക്കാർക്ക് തങ്ങളുടെ ശമ്പളവും മറ്റ് സാമ്പത്തിക അവകാശങ്ങളും ഇനി ‘തവക്കൽന’ ആപ്ലിക്കേഷൻ വഴി നേരിട്ടറിയാം. നാഷനൽ സെൻറർ ഫോർ ഗവൺമെന്റ് റിസോഴ്സ് സിസ്​റ്റംസ് (എൻ.സി.ജി.ആർ) ആണ് ഈ പുതിയ സേവനം പ്രഖ്യാപിച്ചത്. രാജ്യത്തെ സ്വദേശികളും വിദേശികളുമായിട്ടുള്ള ആളുകളുടെ വ്യക്തിഗത സർക്കാർ സേവനത്തിനുള്ള ഡിജിറ്റൽ പ്ലാറ്റ്​ഫോമാണ്​ തവക്കൽന. രാജ്യത്തെ ഡിജിറ്റൽ സേവന രംഗത്തെ സുപ്രധാന ചുവടുവെപ്പായി പുതിയ സേവനം ഉൾപ്പെടുത്തിയത്​ വിലയിരുത്തപ്പെടുന്നു. ശമ്പളവുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകളും സാമ്പത്തിക ആനുകൂല്യങ്ങളും തൽക്ഷണം ആപ്പിലൂടെ പരിശോധിക്കാം.

വിവരങ്ങൾക്കായി സർക്കാർ ഓഫിസുകളെ നേരിട്ട് സമീപിക്കേണ്ട സാഹചര്യം ഇല്ലാതാകുന്നു. ഇത്​ സമയലാഭം നൽകുന്നു. ജീവനക്കാർക്ക് അവരുടെ സാമ്പത്തിക വിവരങ്ങൾ എവിടെയിരുന്നും സുരക്ഷിതമായി നിരീക്ഷിക്കാൻ സാധിക്കും. ഇത്​ സുതാര്യത ഉറപ്പാക്കുന്നു. എപ്പോൾ വേണമെങ്കിലും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഏകീകൃത പ്ലാറ്റ്‌ഫോം. ഇത്​ നടപടിക്രമങ്ങൾ ലളിതമാക്കുന്നു. സർക്കാർ ഡിജിറ്റൽ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും സുതാര്യത ഉറപ്പാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന്​ നാഷനൽ സെൻറർ ഫോർ ഗവൺമെൻറ്​ റിസോഴ്സ് സിസ്​റ്റംസ് അധികൃതർ വ്യക്തമാക്കി.

കോവിഡ്-19 കാലത്ത് ആരോഗ്യ അനുമതികൾക്കായും അണുബാധിരായ ആളുകളുടെ സമ്പർക്ക പട്ടിക (കോൺടാക്റ്റ് ട്രെയ്‌സിങ്) പരിശോനക്കുമായി ആരംഭിച്ച ‘തവക്കൽന’, ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി വളർന്നിരിക്കുകയാണ്. ഡിജിറ്റൽ ഐ.ഡി, ഡ്രൈവിങ് ലൈസൻസ്, യാത്രാരേഖകൾ, നിയമപരമായ അധികാരപത്രങ്ങൾ (പവർ ഓഫ്​ അറ്റോർണി) തുടങ്ങി ഒട്ടനവധി സേവനങ്ങൾ ഉൾക്കൊള്ളുന്ന ഒരു ‘ഡിജിറ്റൽ വാലറ്റാ’യി ഇത് നിലവിൽ പ്രവർത്തിക്കുന്നു. പുതിയ സേവനം കൂടി എത്തിയതോടെ, സൗദിയിലെ പൗരന്മാരുടെയും വിദേശി താമസക്കാരുടെയും ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി തവക്കൽന മാറിക്കഴിഞ്ഞു.

Tags:    
News Summary - Tawakkala; new service for government employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.