പുരാതന അറബി ലിപിയിൽ മലയാളി തീർത്ത സൃഷ്ടികൾക്ക് സൗദി മ്യൂസിയത്തിൽ പ്രദർശനാനുമതി
ജിദ്ദ: പുരാതന അറബി ലിപിയായ ‘അൽ മുസ്നദ്’ ശൈലിയിൽ രചിച്ച പ്രവാസി മലയാളിയുടെ സൃഷ്ടികൾക്ക് സൗദി അറേബ്യയിലെ പ്രമുഖ മ്യൂസിയത്തിൽ പ്രദർശനാനുമതി. തൃശൂർ കൈപ്പമംഗലം ചെന്ത്രാപ്പിന്നി സ്വദേശിയായ മുസ്തഫ യൂസുഫിെൻറ സൃഷ്ടികളാണ് ജിദ്ദയിലെ പ്രശസ്തമായ അൽ ത്വയ്യിബാത്ത് ഇൻറർനാഷനൽ മ്യൂസിയം ഫോർ കൾച്ചറൽ ആൻഡ് സയൻസിൽ ഇടംപിടിച്ചത്.
‘അൽ മുസ്നദ്’ ലിപിയിലെ അക്ഷരങ്ങൾ, ഈ രീതിയിൽ തയ്യാറാക്കിയ സ്വാഗതവാചകം, ലിഖിതകലയെക്കുറിച്ചുള്ള അറബിക്-ഇംഗ്ലീഷ് വിവരണം എന്നിവയടങ്ങുന്ന നാല് ഫലകങ്ങളാണ് മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നത്. മുസ്തഫയുടെ അപൂർവ കഴിവ് പരിഗണിച്ച് മ്യൂസിയം അധികൃതർ പാരിതോഷികം നൽകി ആദരിച്ചു. ഫലകങ്ങൾ സന്ദർശകർക്കായി അനുയോജ്യമായ സ്ഥലത്ത് സ്ഥാപിക്കുമെന്ന് മ്യൂസിയം ഡയറക്ടർ പ്രഫ. മുഹമ്മദ് ഖാലിദ് അബ്ദുൽ റഊഫ് ഹസൻ അറിയിച്ചു. ഒന്നര പതിറ്റാണ്ടായി സൗദിയിലുള്ള മുസ്തഫ മുൻപ് ജിദ്ദയിലും ത്വാഇഫിലും സ്വകാര്യ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്നു. നിലവിൽ റിയാദിലാണ് ജോലി ചെയ്യുന്നത്.
ചെറുപ്പം മുതലേ നാണയ-സ്റ്റാമ്പ് ശേഖരണത്തിൽ താല്പര്യമുള്ള ഇദ്ദേഹത്തിെൻറ പക്കൽ 70-ഓളം രാജ്യങ്ങളിലെ കറൻസികളുണ്ട്. യു.എ.ഇയിലെ വിവിധ മ്യൂസിയങ്ങൾ സന്ദർശിച്ചതാണ് അറബി എഴുത്തുകലയോട് ആകർഷണം തോന്നാൻ കാരണം. തുടർന്ന് ത്വാഇഫിലെ ശരീഫ് മ്യൂസിയം സന്ദർശനവേളയിലാണ് ‘അൽ മുസ്നദ്’ ശൈലി പഠിച്ചെടുക്കാൻ തീരുമാനിച്ചതെന്ന് മുസ്തഫ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ക്രിസ്തുവിന് മുൻപ് 900-നും 300-നും ഇടയിൽ അറബികൾ ഉപയോഗിച്ചിരുന്ന എഴുത്തുരീതിയാണിത്. സൗദിയുടെ തെക്കുകിഴക്കൻ ഭാഗങ്ങളിലെ പുരാതന ശിലകളിലും ഉദ്ഖനന മേഖലകളിലും ഇത്തരം ലിഖിതങ്ങൾ കണ്ടുവരുന്നുണ്ട്. ഏതാനും വർഷങ്ങൾക്ക് മുൻപ് ബഹുഭാഷാപണ്ഡിതനായ ഇഖ്ബാൽ ആസാമിൽ നിന്നാണ് മുസ്തഫ ഇതിെൻറ പ്രാഥമിക തത്വങ്ങൾ പഠിച്ചത്. നിരന്തര പരിശ്രമത്തിലൂടെ ലിപി ആയത്തമാക്കുകയായിരുന്നു.
പ്രകൃതിയെയും ജീവജാലങ്ങളെയും കുറിച്ച് ആഴത്തിൽ അറിവുള്ള ഇദ്ദേഹം മികച്ചൊരു വായനാപ്രിയൻ കൂടിയാണ്. മക്കയിലും മദീനയിലുമെത്തുന്ന തീർത്ഥാടകർക്ക് പരിഭാഷകനായും ചരിത്രപ്രദേശങ്ങളിൽ ഗൈഡായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഇത്യോപ്യ, എറിത്രിയ തുടങ്ങിയ രാജ്യങ്ങളിൽ ഉപയോഗിക്കുന്ന ‘അംഹാരിക്’ എന്ന പുരാതന ഭാഷ പഠിക്കാനുള്ള ശ്രമത്തിലാണിദ്ദേഹം. ചെന്ത്രാപ്പിന്നി പള്ളിപ്പറമ്പിൽ യൂസുഫ്-സുബൈദ ദമ്പതികളുടെ മകനാണ്. ആലിയ ആണ് ഭാര്യ. ഉമർ, ബിലാൽ, മറിയം എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.