യാംബു: സൗദി സമ്പദ് വ്യവസ്ഥയിലെ ആഭ്യന്തര ലിക്വിഡിറ്റി ശ്രദ്ധേയമായ വാർഷിക വളർച്ച കൈവരിച്ചതായി റിപ്പോർട്ട്. ഈ വർഷം ജൂലൈ അവസാനത്തോടെ 8.4 ശതമാനം വർധിച്ച് 3.1 ട്രില്യൺ റിയാലിലെത്തിയതായി സൗദി സെൻട്രൽ ബാങ്ക് (സമ) പുറത്തിറക്കിയ പ്രതിമാസ സ്റ്റാറ്റിസ്റ്റിക്കൽ ബുള്ളറ്റിൻ വെളിപ്പെടുത്തി. 239.97 ബില്യൺ റിയാലിന്റെ (8.4 ശതമാനം) വളർച്ചയാണ് രേഖപ്പെടുത്തിയത്.
2024ലെ ഇതേ കാലയളവിൽ ഏകദേശം 2,869,788 മില്യൺ റിയാലുമായി താരതമ്യം ചെയ്യുമ്പോൾ, ലിക്വിഡിറ്റി 239,973 മില്യൺ റിയാലിന്റെ വർധനവ് ആണ് ചൂണ്ടിക്കാട്ടിയത്. 3,109,761 മില്യണിലധികം എത്തിയതായി സാമ റിപ്പോർട്ട് വ്യക്തമാക്കി. ലിക്വിഡിറ്റിയിലെ ഈ വളർച്ച പണവിതരണത്തിന്റെ വിശാലമായ ആശയത്തെ പ്രതിഫലിപ്പിക്കുന്നു. ഇത് ത്രൈമാസ അടിസ്ഥാനത്തിൽ 64.14 ബില്യൺ റിയാലായി അല്ലെങ്കിൽ 2.1 ശതമാനം വർധിച്ച് ഈ വർഷത്തെ രണ്ടാം പാദത്തിന്റെ അവസാനത്തോടെ 3.12 ട്രില്യണിലെത്തി. അതേ വർഷം ആദ്യ പാദത്തിന്റെ അവസാനത്തോടെ 3.05 ട്രില്യൺ റിയാലായിരുന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഒരു ആസ്തിയുടെ മൂല്യം നിലനിർത്തിക്കൊണ്ട് പണമായി പരിവർത്തനം ചെയ്യാനുള്ള കഴിവിനെയാണ് 'ലിക്വിഡിറ്റി' എന്ന് പറയുന്നത്. വേഗത്തിൽ വിൽക്കാൻ കഴിയുന്ന പണവും സ്റ്റോക്കുകളും ലിക്വിഡ് ആസ്തികൾക്ക് ഉദാഹരണങ്ങളാണ്. പണവിതരണത്തിന്റെ ഘടകങ്ങൾ വിശകലനം ചെയ്യുമ്പോൾ, 'ഡിമാൻഡ് ഡെപ്പോസിറ്റുകൾ' ഒന്നാം സ്ഥാനത്തെത്തി. 46.5 ശതമാനം സംഭാവനയും 1.44 ട്രില്യൺ റിയാൽ മൂല്യവും തുടർന്ന് 36.1 ശതമാനം സംഭാവനയുമായി 1.1 ട്രില്യൺ റിയാൽ മൂല്യമുള്ള ‘ടൈം ആൻഡ് സേവിങ്സ് ഡെപ്പോസിറ്റുകൾ’ രണ്ടാം സ്ഥാനത്തെത്തി. പണവിതരണത്തിൽ ഡിമാൻഡ് ഡെപ്പോസിറ്റുകൾക്കുപുറമെ ബാങ്കുകൾക്ക് പുറത്ത് പ്രചാരത്തിലുള്ള പണവും ഉൾപ്പെടുന്നു.
സൗദി സമ്പദ് വ്യവസ്ഥ ഈ വർഷത്തേക്കാൾ മികച്ച വളർച്ച അടുത്തവർഷം രേഖപ്പെടുത്തുമെന്ന് ലോകബാങ്കിന്റെ അവലോകന റിപ്പോർട്ട് നേരത്തേ പുറത്തുവന്നിരുന്നു. സൗദിയുടെ എണ്ണയിതര മേഖലകളുടെ വളർച്ചയെ പിന്തുണക്കുന്നതിനായുള്ള വൈവിധ്യവത്കരണ ശ്രമങ്ങൾ രാജ്യത്ത് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.