പ്രവാസി പെൻഷൻ വിതരണത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട്​ സൗദി കെ.എം.സി.സി ഭാരവാഹികൾ

പ്രവാസി പെൻഷൻ: അടിയന്തര നടപടി സ്വീകരിച്ച സർക്കാരിന് നന്ദി അറിയിച്ച് സൗദി കെ.എം.സി.സി

റിയാദ് / കോഴിക്കോട്: ഓണാഘോഷത്തിന് മുമ്പായി പ്രവാസികളുടെ മുടങ്ങിക്കിടക്കുന്ന പെൻഷൻ വിതരണം ചെയ്യുന്നതിനായി അടിയന്തര നടപടികൾ സ്വീകരിച്ച സംസ്ഥാന സർക്കാരി​െൻറ നടപടിയെ സൗദി കെ.എം.സി.സി സ്വാഗതം ചെയ്തു.

ഓണത്തിന് മുമ്പായി പെൻഷൻ കൊടുത്തുതുടങ്ങണമെന്ന കെ.എം.സി.സിയുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കാൻ മുന്നോട്ട് വന്ന സർക്കാരിനോടുള്ള പ്രവാസികളുടെ കടപ്പാട് സൗദി നാഷനൽ കമ്മിറ്റി നേതാക്കൾ വാർത്താക്കുറിപ്പിൽ രേഖപ്പെടുത്തി. നേരത്തെ മറ്റു പെൻഷനുകളോടൊപ്പം പ്രവാസികളുടെ പെൻഷനും കാലതാമസം കൂടാതെ വിതരണം ചെയ്യാൻ തീരുമാനിച്ചിരുന്നു.

എന്നാൽ മുൻ സർക്കാരി​െൻറ കാലത്ത് പദ്ധതി തുക വകമാറ്റി ചെലവഴിച്ചതിനെത്തുടർന്ന് വിതരണം മുടങ്ങുകയും മൂന്ന് മാസത്തെ കുടിശ്ശിക ബാക്കിയാവുകയുമായിരുന്നു. ഇതുമൂലം സാധാരണ പ്രവാസികളും മുൻപ്രവാസികളും അവരുടെ കുടുംബങ്ങളും അനുഭവിക്കുന്ന കടുത്ത പ്രതിസന്ധി നിവേദനത്തിലൂടെയും നേരിട്ടും കെ.എം.സി.സി നേതാക്കൾ ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് സർക്കാരി​െൻറ ഭാഗത്തുനിന്ന് അടിയന്തര നടപടിയുണ്ടായത്.

 

ഇതുസംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ, വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലികുട്ടി എന്നിവർക്ക് സൗദി കെ.എം.സി.സി ഭാരവാഹികൾ അടിയന്തര നിവേദനം സമർപ്പിച്ചിരുന്നു. ഭാരവാഹികളായ കെ.പി. മുഹമ്മദ്‌കുട്ടി, അഷ്‌റഫ് വേങ്ങാട്ട്, അഹമ്മദ് പാളയാട്ട് എന്നിവർ വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലികുട്ടിയെ നേരിൽ കണ്ട് പെൻഷൻ ലഭിക്കാത്തത് മൂലം പ്രവാസി സമൂഹവും മുൻപ്രവാസികളും നേരിടുന്ന പ്രയാസങ്ങൾ വിശദീകരിക്കുകയും ഓണത്തിന് മുമ്പേ പെൻഷൻ നൽകാനുള്ള നടപടികൾ വേണമെന്ന് ഉണർത്തുകയും ചെയ്തു.

കൂടാതെ സംസ്ഥാന മുസ്​ലിംലീഗ് ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാമിനെയും കണ്ട ഭാരവാഹികൾ ഓണത്തിന് മുമ്പായി വിതരണം പരമാവധി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനുപിന്നാലെ, ഉച്ചയോടെ തന്നെ പെൻഷൻ വിതരണത്തിനായി 32 കോടി രൂപ അനുവദിച്ചതായി ധനകാര്യ വകുപ്പി​െൻറ അറിയിപ്പുണ്ടായി.

തുക ഓണത്തിന് മുമ്പ് തന്നെ അർഹരായ പ്രവാസികളുടെ അക്കൗണ്ടുകളിലെത്തിക്കാനാണ് ശ്രമിക്കുന്നത്. ബാക്കി കുടിശ്ശികയുടെ കാര്യത്തിലും വേഗത്തിൽ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ടെന്നും വിഷയം സർക്കാരി​െൻറ സജീവ ശ്രദ്ധയിലുണ്ടെന്നും മന്ത്രി പി.കെ. കുഞ്ഞാലികുട്ടി വ്യക്തമാക്കി.

പ്രവാസി പെൻഷൻ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനെയും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലികുട്ടിയെയും സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി മുഖ്യ രക്ഷാധികാരിയും വേൾഡ് കെ.എം.സി.സി പ്രസിഡൻറുമായ കെ.പി. മുഹമ്മദ്‌കുട്ടി, നാഷനൽ കമ്മിറ്റി പ്രസിഡൻറ്​ കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്, ട്രഷറർ അഹമ്മദ് പാളയാട്ട്, ചെയർമാനും വേൾഡ് കെ.എം.സി.സി സെക്രട്ടറിയുമായ ഖാദർ ചെങ്കള എന്നിവരും മറ്റ് നാഷനൽ കമ്മിറ്റി നേതാക്കളും അഭിനന്ദിച്ചു.

Tags:    
News Summary - Saudi KMCC Expresses Gratitude to Government for Prompt Action on Expat Pension

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.