ജിദ്ദയിൽ 1988 ൽ നടന്ന ടൂർണമെന്റിൽ അൽ അഹ്‌ലി ക്ലബ്ബ് ജേഴ്‌സി അണഞ്ഞു മറഡോണ ടീമംഗളോടൊപ്പം.
ജിദ്ദ: ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബാൾ കളിക്കാരൻ ഡീഗോ മറഡോണയുടെ വിയോഗത്തിൽ ദുഃഖാർത്ഥരായിരിക്കുകയാണ് സൗദിയിലെ ഫുട്ബാൾ പ്രേമികൾ. വർഷങ്ങൾക്ക് മുമ്പ് ജിദ്ദയിൽ കളിക്കാനെത്തിയപ്പോൾ അദ്ദേഹത്തെ നേരിൽ കാണാൻ ഭാഗ്യമുണ്ടായ സൗദി ആരാധകർക്കാണ് അദ്ദേഹത്തിന്റെ മരണത്തിൽ ഏറെ ദുഃഖമുള്ളത്. 1986 ൽ മെക്സിക്കോയിൽ നടന്ന ലോകകപ്പിൽ അർജന്റീനയെ വിജയത്തിലേക്ക് നയിച്ചതു മുതലാണ് മറഡോണ അന്താരാഷ്ട്രതലത്തിൽ കാര്യമായും അറിയപ്പെട്ടു തുടങ്ങിയത്.
അതുകഴിഞ്ഞു രണ്ടു വർഷത്തിനകം തന്നെ 1988 ൽ അദ്ദേഹം സൗദിയിലെത്തി. ജിദ്ദയിൽ അൽ അഹ്ലി ക്ലബ്ബിന് വേണ്ടിയായിരുന്നു മറഡോണയുടെ ബൂട്ടണിയൽ. അൽ അഹ്ലി ക്ലബ്ബിന്റെ 50 ആം വാർഷികത്തോടനുബന്ധിച്ചു നടന്ന പ്രദർശന മത്സരത്തിൽ ഡെൻമാർക്കിന്റെ ബ്രോണ്ട്ബി ക്ലബ്ബിനെതിരായി കളിക്കാനായിരുന്നു മറഡോണ അൽ അഹ്ലി ജേഴ്‌സി അണിഞ്ഞത്. യൂറോപ്യൻ എതിരാളികളായ ബ്രോണ്ട്ബി ക്ലബ്ബിനെ 5-2 എന്ന സ്കോറിന് പരാജയപ്പെടുത്താൻ അന്ന് അൽ അഹ്ലി ക്ലബ്ബിന് സാധിച്ചു.
ഇതിൽ രണ്ട് ഗോളുകൾ മറഡോണ നേരിട്ടാണ് നേടിയത്. കളിക്കിടെ പരിക്കേൽക്കുമെന്ന് ഭയപ്പെടുത്തിയും മറ്റും താൻ കളിക്കുന്ന ക്ലബ്ബിൽ നിന്നും നിരവധി എതിർപ്പുകൾ ഉണ്ടായിട്ടും അന്ന് അതിനെയെല്ലാം അവഗണിച്ചുകൊണ്ടാണ് അദ്ദേഹം സൗദിയിലെത്തിയത്. ലോക ഫുട്ബാൾ ഇതിഹാസ താരം മറഡോണക്ക് ജിദ്ദയിലെ സ്റ്റേഡിയത്തിൽ നിന്ന് നൽകിയ ഹർഷാരവത്തിന്റെ ഓർമകളിൽ ഇന്ന് മൂന്ന് പതിറ്റാണ്ടിനിപ്പുറം അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരത്തോടുള്ള ആദരാഞ്ജലികൾ അർപ്പിക്കുകയാണ് സൗദിയിലെ ഫുട്ബാൾ പ്രേമികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.