ജുബൈൽ: ഒരു വർഷത്തിലേറെയായി ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിൽ കഴിഞ്ഞ 140 ഓളം ഇന്ത്യക്കാർക്ക് നാട്ടിലേക്കു പോകാൻ വഴിയൊരുങ്ങി. ജുബൈൽ റോയൽ കമ്മീഷനിലെ നിർമ്മാണ പ്രവർത്തനങ്ങൾ ചെയ്തിരുന്ന ഖോബാർ ആസ്ഥാനമായ കമ്പനിയുടെ തൊഴിലാളികൾക്കാണ് മാസങ്ങൾ നീണ്ട നിയമയുദ്ധത്തിനൊടുവിൽ എക്സിറ്റും വിമാന ടിക്കറ്റും ലഭിച്ചത്. ഇന്ത്യൻ എംബസിയുടെയും ജുബൈലിലെ സന്നദ്ധ പ്രവർത്തകരുടെയും നിരന്തര ഇടപെടലിനെ തുടർന്നാണ് തൊഴിലാളികൾക്ക് നാട്ടിലേക്കുള്ള നാട്ടിൽ പോകാൻ നടപടിയായത്.
2015 ഡിസംബർ മുതലാണ് 140 ഇന്ത്യക്കാരുൾപ്പടെ 350 തൊഴിലാളികൾ ജോലി ചെയ്തിരുന്ന കമ്പനിയിൽ ശമ്പളം മുടങ്ങിയത്. തുടർന്ന് തൊഴിലാളികൾ ക്യാമ്പ് ബഹിഷ്കരിച്ചു കൂട്ടമായി പുറത്തിറങ്ങി നിന്നു. മേലധികാരികൾ ഇടപെട്ട് രണ്ടുമാസത്തെ ശമ്പളം നൽകാമെന്ന് ഉറപ്പു നൽകി. അത് പാലിക്കപ്പെടാതെ വന്നപ്പോൾ കമ്പനിയുടെ ജർമുഡയിലുള്ള വെയർഹൗസിൽ എത്തി അധികൃതരെ തടഞ്ഞുവെച്ചു. ഒടുവിൽ പൊലീസും തൊഴിൽ വകുപ്പ് അധികൃതരും ഇടപെട്ടു നടപടിയെടുക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് പിരിഞ്ഞു പോവുകയായിരുന്നു.
അതും ഫലം കാണാതെ വന്നപ്പോൾ തൊഴിലാളികൾ ഒന്നടങ്കം ഖോബാറിലുള്ള ഹെഡ് ഓഫീസിൽ പോയി ജനറൽ മാനേജരെ കണ്ടിരുന്നു. അവിടെയും നീതി ലഭിക്കാതെ ആയതോടെ ലേബർ ഓഫീസിൽ പരാതി നൽകി. വർഷം നീണ്ട നിയമ നടപടികൾക്കിടയിൽ തൊഴിലാളികളുടെ കുടുംബം പട്ടിണിയിലായി. ഇവിടെയും ഭക്ഷണത്തിനു വകയില്ലാതെ തൊഴിലാളികൾ വിഷമിച്ചു. ഇഖാമയും ഇൻഷുറൻസും ഇല്ലാത്തതിനാൽ പുറത്തിറങ്ങുവാനും ചികിത്സക്കും വകയില്ലാതായി. എംബസിയുടെയും കിംസ് ആശുപത്രിയുടെയും സഹായത്തോടെ സന്നദ്ധ പ്രവർത്തകർ മെഡിക്കൽ ക്യാമ്പ് ഒരുക്കി നൽകി. യൂത്ത് ഇന്ത്യ ജുബൈൽ ഘടകം ക്യാമ്പ് രണ്ടിലെ അന്തേവാസികൾക്ക് ലുലുവിെൻറ സഹകരണത്തോടെ ഭക്ഷണവും എത്തിച്ചു.
പൊതുമാപ്പിൽ നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു പലരും. അപ്പോഴാണ് കമ്പനി ടിക്കറ്റ് നൽകാൻ തയ്യാറായത്. കഴിഞ്ഞ ദിവസം 36 പേർ നാട്ടിലേക്ക് പോയി. നാളെ നാല് മലയാളികൾ ഉൾപ്പടെ 60 പേർ യാത്രയാകും. കുറച്ചു പേർ നേരത്തെ കമ്പനി മാറിയിരുന്നു. ബാക്കിയുള്ളവർ തുടർന്നുള്ള ദിവസങ്ങളിൽ നാട്ടിലേക്ക് പോകും.
ശമ്പള കുടിശ്ശിക ഇന്ത്യൻ എംബസി ഇടപെട്ടു വാങ്ങി നൽകുമെന്ന പ്രതീക്ഷയിലാണ് നാട്ടിൽ പോകുന്ന തൊഴിലാളികൾ. ഇന്ത്യൻ എംബസി ജീവനക്കാരൻ രതീഷ്, സന്നദ്ധപ്രവർത്തകരായ ഷാജി മതിലകം, ജയൻ തച്ചമ്പാറ, സൈഫുദീൻ പൊറ്റശ്ശേരി, ഷാജിദ്ദിൻ നിലമേൽ തുടങ്ങിയവരാണ് തൊഴിലാളികളെ സഹായിക്കാൻ രംഗത്തുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.