സൗദി കപ്പ് കുതിരയോട്ട മത്സര സമ്മാന വിതരണ ചടങ്ങിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. ഏറ്റവും വേഗമേറിയ സീനോർ
പെസ്കഡോർ കുതിരയുടെ ഉടമ ശറഫ് ഹരീരിയും പരിശീലകൻ ഹമദ്
അൽറാഷിദും ട്രോഫികളുമായി സമീപം
റിയാദ്: ലോകത്തിലെ ഏറ്റവും ചെലവേറിയ കുതിരയോട്ട മത്സരമായ ‘സൗദി കപ്പ് 2024’ മത്സരം റിയാദിൽ സമാപിക്കുമ്പോൾ കാഴ്ചക്കാരനായി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും. വെള്ളിയാഴ്ച റിയാദിലെ കിങ് അബ്ദുൽ അസീസ് ഇക്വസ്ട്രിയൻ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരം കാണാനെത്തിയ അദ്ദേഹം വിജയികളെ കിരീടമണിയിച്ചാണ് മടങ്ങിയത്. മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ, മന്ത്രി സഭാംഗം അമീർ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ്, ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ്, നാഷനൽ ഗാർഡ് മന്ത്രി അമീർ അബ്ദുല്ല ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ്, സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ എന്നിവരും കിരീടാവകാശിയോടൊപ്പം കുതിരയോട്ട മത്സര വേദിയിലെത്തിയിരുന്നു.
കിങ് അബ്ദുൽ അസീസ് ഇക്വസ്ട്രിയൻ മൈതാനത്തെത്തിയ കിരീടാവകാശിയെ ഇക്വസ്ട്രിയൻ അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനും കുതിരപ്പന്തയ ക്ലബ്ബിന്റെ ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ ബന്ദർ ബിൻ ഖാലിദ് ബിൻ ഫൈസൽ, റിയാദ് മേഖല ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ്, കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ, കുതിരപ്പന്തയ ക്ലബ്ബ് ഡയറക്ടർ ബോർഡ് അംഗവും സാങ്കേതിക സമിതികളുടെ ചെയർമാനുമായ അമീർ അബ്ദുല്ല ബിൻ ഖാലിദ് ബിൻ സുൽത്താൻ എന്നിവർ സ്വീകരിച്ചു.
ഫൈനൽ റൗണ്ടിൽ മത്സരിക്കുന്ന കുതിരകൾ
കലാശ മത്സരമായ ഒമ്പതാം റൗണ്ട് മുഴുവൻകണ്ട കിരീടാവകാശി കുതിരയോട്ടക്കാരെ അഭിവാദ്യം ചെയ്തു. മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തിയ സീനോർ പെസ്കഡോർ കുതിരയുടെ ഉടമ ശറഫ് ഹരീരിയെ കിരീടമണിയിച്ചു. ജേതാവിനെയും കുതിരയുടെ പരിശീലകനായ ഹമദ് അൽറാഷിദിനെയും കുതിരസവാരിക്കാരൻ ജൂനിയർ അൽവാർഡോയെയും കിരീടാവകാശി അഭിനന്ദിച്ചു. അവർക്കൊരു കുതിര രൂപവും ഒരു ഫാൻറസി ഹെൽമെറ്റും സമ്മാനിച്ചു.
മുവായിരം മീറ്റർ മത്സരം ഒരു മണിക്കൂർ 49 മിനിറ്റ് 494 സെക്കൻഡ് സമയത്തിലാണ് സീനോർ പെസ്കഡോർ കുതിര ഓടിയെത്തി ഒന്നാം സ്ഥാനം നേടിയത്. ഒരു മണിക്കൂർ 49 മിനിറ്റ് 509 സെക്കൻഡ് സമയംകൊണ്ട് ഓട്ടം പൂർത്തിയാക്കിയ ജപ്പാന്റെ ഒഷ്ബ സുറുവ് രണ്ടാം സ്ഥാനവും ഒരു മണിക്കൂർ 49 മിനിറ്റ് 648 സെക്കൻഡ് സമയത്തിൽ ഓട്ടം പൂർത്തിയാക്കിയ ഫൈസൽ അൽഖഹ്താനി സ്റ്റേബിൾസിന്റെ ഉടമസ്ഥതയിലുള്ള ‘സൗദി ക്രൗൺ’ കുതിര മൂന്നാം സ്ഥാനവും നേടി. സൗദി കപ്പ് എന്ന ഈ സുപ്രധാന അന്താരാഷ്ട്ര കുതിരയോട്ട മത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനത്തുക ആകെ രണ്ട് കോടി ഡോളറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.