ഗസ്സയിലേക്ക് സൗദിയുടെ 49 -ാമത് ദുരിതാശ്വാസ വിമാനം ഈജിപ്തിലെ അൽ അരീഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോൾ
യാംബു: ഗസ്സയിലെ ദുരിതബാധിതരായ ഫലസ്തീനികൾക്കുള്ള സഹായവസ്തുക്കൾ നൽകുന്നത് തുടർന്ന് സൗദി അറേബ്യ. സൗദിയുടെ 49ാമത് ദുരിതാശ്വാസ വിമാനം ചൊവ്വാഴ്ച ഈജിപ്തിലെ അൽ അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. സൗദി പ്രതിരോധ മന്ത്രാലയവുമായിഏകോപിപ്പിച്ച് സൗദിയുടെ സഹായ ഏജൻസിയായ കിംങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെ.എസ്.റിലീഫ്) ആണ് ദുരിതാശ്വാസ വിമാനമയച്ചത്. ഇസ്രായേൽ അക്രമണങ്ങളിൽ ജീവിതം ദുസ്സഹമായ ജനതക്കുള്ള ഭക്ഷ്യവസ്തുക്കൾ അടങ്ങുന്ന കൊട്ടകളാണ് ഇത്തവണ ദുരിതാശ്വാസ വിമാനത്തിലയച്ചതെന്ന് അധികൃതർ പറഞ്ഞു. സൗദിയിൽനിന്ന് ഈജിപ്തിലെത്തുന്ന സഹായ വസ്തുക്കൾ സൗദി സഹായ ഏജൻസിയായ കെ.എസ്.റിലീഫ് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് ഗസ്സയിലേക്കെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഗസ്സയിൽ യുദ്ധം അവസാനിപ്പിക്കാനും മാനുഷിക സഹായങ്ങൾ കൂടുതലെത്തിക്കാനും സൗദിയുടെ നേതൃത്വത്തിൽ തീവ്രമായ ശ്രമം തുടരുന്നതിനിടെയാണ് പല ഘട്ടങ്ങളിലായി ദുരിതാശ്വാസ സഹായങ്ങളെത്തിക്കുന്നത്. 2023 ഒക്ടോബർ 7 മുതൽ ഗസ്സയിൽ ഇസ്രായേൽ നടത്തിയ തീവ്രമായ ബോംബാക്രമണത്തിൽ ദുരിതത്തിലായ ഗസ്സയിലെ ഫലസ്തീനികൾക്ക് സൗദി വിവിധ രീതിയിൽ സഹായങ്ങൾ നൽകി വരുന്നുണ്ട്. ഫലസ്തീനികളെ എന്നും സഹായിക്കുക എന്ന രാജ്യത്തിന്റ പ്രഖ്യാപിത നയത്തിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്.റിലീഫ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗദി കൂടുതൽ സഹായങ്ങൾ നൽകിവരുന്നതെന്ന് സെന്റർ വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കി. പ്രതിസന്ധികൾക്കും ദുരിതങ്ങൾക്കും ഇടയിൽ ഫലസ്തീനികൾക്കൊപ്പം ഉറച്ചുനിന്ന സൗദിയുടെ നിരവധി സാമ്പത്തിക , ജീവകാരുണ്യ സഹായങ്ങൾ ആഗോള തലത്തിൽ തന്നെ ശ്രദ്ധേയമായതാണ്.
അതേസമയം ഇസ്രായേൽ ദുരിതാശ്വാസ സാധനങ്ങൾ റഫയിൽ തടയുന്ന അവസ്ഥ തുടരുന്നതായും റിപ്പോർട്ടുണ്ട്. ജീവകാര്യണ്യ സംവിധാനങ്ങളുടെ പരിരക്ഷ ഉറപ്പാക്കുന്ന അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനങ്ങൾ നടത്തുന്ന ഇസ്രായേലിനെതിരെ ഇതിനകം ലോക രാഷ്ട്രങ്ങളുടെ പ്രതിഷേധവും ഇപ്പോൾ ശക്തമായിരിക്കുകയാണ്. നീണ്ടകാലമായി തുടരുന്ന യുദ്ധത്തിന്റെ ഇരകളായി മാറിയ സാധാരണക്കാർക്ക് സാന്ത്വനം പകരാനുള്ള നീക്കങ്ങൾക്കെതിരെ നടക്കുന്ന ശ്രമങ്ങൾക്കെതിരെ വിവിധ രാഷ്രങ്ങളിലെ നായകന്മാർ അപലപിച്ചിട്ടുണ്ട്. ഗസ്സയിൽ അടിയന്തിര വെടിനിർത്തൽ അനിവാര്യമാണ്. സാധാരണക്കാരെയും സന്നദ്ധ സംഘടനകളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ചു കൊണ്ടുള്ള നടപടികളിൽ നിന്ന് ഇസ്രായേൽ പിന്മാറണമെന്ന് സൗദി അടക്കമുള്ള രാഷ്ട്രങ്ങൾ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗസ്സയിലേക്ക് തടസ്സം കൂടാതെ സഹായം വിതരണം ചെയ്യുന്നത് ഉറപ്പാക്കാൻ അടിയന്തര നടപടി വേണ്ടതുണ്ടെന്നും യു.എൻ അടക്കമുള്ള സന്നദ്ധ സംഘടനകളും ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.