ജിദ്ദ: പുതിയ പ്രസിഡൻറ് ജോ ബൈഡെൻറ നേതൃത്വത്തിലുള്ള അമേരിക്കയുമായി മികച്ച ബന്ധമുണ്ടാകുമെന്നതിൽ സൗദി അറേബ്യക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ബൈഡെൻറ ഭരണനിർവഹണ തലത്തിലെ നിയമനങ്ങൾ അദ്ദേഹത്തിെൻറ രാജ്യതന്ത്രജ്ഞതയിലെ പാടവത്തെയും ഗ്രാഹ്യത്തെയും വെളിപ്പെടുത്തുന്നതാണെന്നും അൽ അറബിയ ചാനലിനോട് സംസാരിക്കവേ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. അമേരിക്കയുമായി സൗദി അറേബ്യക്ക് ചരിത്രപരമായ ബന്ധമുണ്ട്. റിപ്പബ്ലിക്കന്മാരുടെയും ഡെമോക്രാറ്റുകളുടെയും ഭരണനിർവഹണവുമായി സൗദി മികച്ച രീതിയിൽ ഇടപെട്ടിട്ടുണ്ട്. അമേരിക്കയുമായുള്ള ബന്ധം അടിയുറച്ചതാണ്. തങ്ങളുടെ പൊതുതാൽപര്യങ്ങൾ മാറിയിട്ടില്ല.
ഇറാനുമായുള്ള കരാർ സംബന്ധിച്ച് അമേരിക്കയുമായി ആലോചിക്കും. അതിന് ശക്തമായ അടിത്തറയുണ്ടാകുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. െതഹ്റാനുമായി പഴയ കരാറിൽ പോരായ്മകളുണ്ടെന്ന് യൂറോപ്യൻ രാജ്യങ്ങൾ മനസ്സിലാക്കുന്നു. ഇറാനുമായുള്ള മുൻ കരാറുകളുടെ ദുർബലത മേഖലയിലെ രാജ്യങ്ങളുമായുള്ള ഏകോപനത്തിെൻറ അഭാവമാണ്. ഇറാനിയൻ ഭരണകൂടം മനസ്സുമാറ്റി ജനങ്ങളുടെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇറാനുമായി സമാധാനത്തിലേക്ക് തങ്ങൾ കൈ നീട്ടിയിരുന്നു. പക്ഷേ, ഇറാൻ അതിെൻറ കരാറുകൾ പാലിക്കുന്നില്ല. സംഭാഷണത്തിനുള്ള ഇറാെൻറ ആഹ്വാനം ലക്ഷ്യമിടുന്നത് കാര്യങ്ങൾ നീട്ടിവെക്കാനും പ്രതിസന്ധികളിൽനിന്ന് രക്ഷപ്പെടാനുമാണ്.
റിയാദ് കരാർ യമൻ പ്രതിസന്ധിക്കുള്ള സമഗ്രമായ പരിഹാരമാണെന്ന് യമൻ പ്രശ്നത്തെ പരാമർശിച്ച് വിദേശകാര്യ മന്ത്രി പറഞ്ഞു. യമെൻറ താൽപര്യമാണ് ഏറ്റവും പ്രധാനമെന്ന് ഹൂതികൾ തീരുമാനിക്കുകയാണെങ്കിൽ അത് പ്രശ്നപരിഹാരത്തിലെത്താൻ സഹായിക്കും. വാഷിങ്ടൻ ഹൂതികളെ തീവ്രവാദ സംഘടനയിലുൾപ്പെടുത്തിയത് അതിന് അവർ അർഹരായതിനാലാണ്. യമനിലെ സ്ഥിതികളെ സംബന്ധിച്ചുള്ള തങ്ങളുടെ നിലപാടുകളും ലക്ഷ്യങ്ങളും ബൈഡൻ ഭരണകൂടം മനസ്സിലാക്കുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
ഇറാഖിലെ സ്ഥിരത പ്രാദേശിക സ്ഥിരതക്കും അറബ് സുരക്ഷക്കും അനിവാര്യ ഘടകമാണ്. സൗദിക്കും ഇറാഖിനുമിടയിൽ സംയോജനത്തിന് അവസരങ്ങളുണ്ട്. സുരക്ഷയും സാമ്പത്തികവും സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിൽ നിരന്തരമായ ഏകോപനമുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ഇറാഖി സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിന് മുസ്തഫ അൽകാദിമി ഭരണകൂടം ശക്തമായ പ്രവർത്തനം നടത്തുന്നുണ്ട്. ഇറാക്കുമായുള്ള സാമ്പത്തിക, ഉഭയകക്ഷി ബന്ധങ്ങൾ വർധിപ്പിക്കാൻ രാജ്യത്തിന് അതീവ താൽപര്യമുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. സിറിയൻ വിഷയത്തിൽ തങ്ങളുടെ നിലപാട് സ്ഥിരമാണ്. അത് സമാധാനപരമായ പരിഹാരത്തിലെത്താനുള്ള ശ്രമങ്ങളെ പിന്തുണക്കലാണ്. രാഷ്ട്രീയ പരിഷ്കരണമില്ലാതെയും ഹിസ്ബുല്ല സായുധ സംഘങ്ങളെ ഉപേക്ഷിക്കാതെയും ലബനാനിൽ അഭിവൃദ്ധിയുണ്ടാകില്ല. ലബനാനിൽ വിജയത്തിനുള്ള ഘടകങ്ങളുണ്ട്. പക്ഷേ, അതിനു പരിഷ്കരണം ആവശ്യമാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.