സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ
റിയാദ്: പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധാന്തരീക്ഷം ഒഴിവാക്കാൻ സൈനിക നടപടികൾക്ക് പകരം ചർച്ചകൾക്ക് മുൻഗണന നൽകണമെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ആവശ്യപ്പെട്ടു. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി ഞായറാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മേഖലയിലെ നിലവിലെ അടിയന്തര സാഹചര്യങ്ങളും, അത് ലോകരാജ്യങ്ങളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ഇരുനേതാക്കളും സംസാരിച്ചു. കൂടാതെ സൗദിയും അമേരിക്കയും തമ്മിലുള്ള ബന്ധവും സഹകരണവും കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും അവർ ചർച്ച ചെയ്തു.
ഒരു വൻ യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ അത് ലോകത്തിെൻറ മൊത്തം സമാധാനത്തെയും സുരക്ഷയെയും ബാധിക്കുമെന്ന് സൗദി കിരീടാവകാശി മുന്നറിയിപ്പ് നൽകി. പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാവരും ഒരുമിച്ച് നിന്ന് സമാധാന ചർച്ചകൾക്ക് വഴി തുറക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇറാനെതിരെ നടത്താനിരുന്ന സൈനിക ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി പ്രസിഡൻറ് ഡോണൾഡ് ട്രംപ് ശനിയാഴ്ച അറിയിച്ചിരുന്നു. ഇറാെൻറയും മേഖലയിലെ മറ്റ് സൗഹൃദ രാജ്യങ്ങളുടെയും അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനം. എന്നാൽ എത്രയും പെട്ടെന്ന് ഒരു സമാധാന കരാറിൽ എത്തണം എന്ന നിബന്ധനയോടെയാണ് അമേരിക്ക തൽക്കാലം ആക്രമണത്തിൽ നിന്ന് പിന്നോട്ട് പോയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.