റിയാദ് അൽ-യമാമ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ സൽമാൻ രാജാവ് അധ്യക്ഷത വഹിക്കുന്നു

കിങ് സൽമാൻ വിമാനത്താവള പ്രഖ്യാപനത്തിന് മന്ത്രിസഭയുടെ പ്രശംസ

റിയാദ്: പുതിയ രാജ്യാന്തര വിമാനത്താവള പ്രഖ്യാപനത്തിന് സൗദി മന്ത്രിസഭാ യോഗത്തിന്റെ പ്രശംസ. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ റിയാദ് അൽ-യമാമ കൊട്ടാരത്തിൽ ചേർന്ന യോഗം പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. കിരീടാവകാശിയും പ്രധാനമന്ത്രിയും പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാനാണ് ലോകത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളുടെ പട്ടികയിലിടം നേടാൻ പോകുന്ന റിയാദ് കിങ് സൽമാൻ രാജ്യാന്തര വിമാനത്താവളത്തിന്റെ മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ചത്.

വ്യോമ ഗതാഗത രംഗത്ത് വിപ്ലവകരമായ മുന്നേറ്റത്തിന് വഴിവെക്കുകയും ആഗോള ചരക്ക് നീക്കത്തിന് വേഗത വർധിപ്പിക്കുകയും ചെയ്യുന്ന പുതിയ വിമാനത്താവളം ലോക ഭൂപടത്തിൽ റിയാദിന്റെ സ്ഥാനം ഉയർത്തുമെന്ന് മന്ത്രിസഭ യോഗം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഗതാഗതം, വ്യാപാരം, വ്യവസായം, വിനോദ സഞ്ചാരം എന്നീ മേഖലകളെ പുതിയ വിമാനത്താവളം ഉത്തേജിപ്പിക്കുമെന്നും കിഴക്കിനെ പടിഞ്ഞാറുമായി ബന്ധിപ്പിക്കുന്ന പാലമായി റിയാദിനെ മാറ്റുമെന്നും മന്ത്രിസഭാംഗങ്ങൾ പറഞ്ഞു. സമഗ്ര പരിവർത്തന പദ്ധതിയായ 'വിഷൻ 2030'-ന് ഇത് സംഭാവന നൽകും. സൗദിയുടെ തലസ്ഥാന നഗരിക്ക് ലോകത്തിലെ ഏറ്റവും മികച്ച നഗര സമ്പദ്‌ വ്യവസ്ഥകളുടെ പട്ടികയിൽ ഇടം നേടാൻ ഇത് അവസരമൊരുക്കും.

ലോക രാഷ്ട്രങ്ങളുമായുള്ള ബന്ധങ്ങൾ വിപുലപ്പെടുത്തുന്നതിനും അന്താരാഷ്ട്ര സമൂഹവുമായും സംഘടനകളുമായും സഹകരണം ശക്തിപ്പെടുത്തുന്നതിനും മന്തിമാരും ഉദ്യോഗസ്ഥരും നടത്തുന്ന ശ്രമങ്ങളെയും കൂടിക്കാഴ്ചകളെയും കാബിനറ്റ് അഭിനന്ദിച്ചു. ലോകമെമ്പാടും വികസനവും സമൃദ്ധിയും സമാധാനവും കൈവരണമെന്ന് സൗദി അറേബ്യ ആഗ്രഹിക്കുന്നു. വിവിധ സംസ്‌കാരങ്ങൾക്കിടയിൽ ആശയവിനിമയ സംസ്‌കാരം പ്രചരിപ്പിക്കുന്നതിനും സഹകരണത്തിന്റെ പാലങ്ങൾ നിർമിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് സൗദിയുടെ ഉറച്ച പിന്തുണയുണ്ടാകും. സുരക്ഷിതത്വവും സ്ഥിരതയും നിലനിൽക്കുന്ന ഒരു ലോകത്തിനായി ജനങ്ങൾക്കിടയിൽ സൗഹാർദവും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് കാബിനറ്റ് ചൂണ്ടിക്കാട്ടി.

അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തി ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ അവരുടെ സംഭാവന വർധിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ മന്ത്രിസഭ ചർച്ച ചെയ്തു. രാജ്യത്തെ എല്ലാ നഗരങ്ങളുടെയും പ്രവിശ്യകളുടെയും സമഗ്ര വികസനത്തിന് ഭരണകൂടം നൽകുന്ന ശ്രദ്ധയും കാബിനറ്റ് അവലോകനം ചെയ്തു. സാമ്പത്തിക പ്രവർത്തനങ്ങളും വിനോദസഞ്ചാര സാധ്യതകളും വികസിപ്പിക്കുന്നതിലൂടെ, പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുക, 'വിഷൻ 2030' പ്രോഗ്രാമുകളുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി അവരുടെ നിക്ഷേപ സംരഭങ്ങളെ പരമാവധി ഉപയോഗിക്കുക എന്നിവ യോഗം ചർച്ച ചെയ്തു.

സമ്പദ്‌ വ്യവസ്ഥയുടെ വർത്തമാന സ്ഥിതി വിവരങ്ങളും കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് എണ്ണയിതര ഉൽപന്നങ്ങളുടെ കയറ്റുമതിയിലുണ്ടായ 13 ശതമാനം വർധനയും അവലോകനം ചെയ്തു. മന്ത്രിസഭ യോഗത്തിന് ശേഷം സൗദി പ്രസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ യു.എൻ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ അധ്യക്ഷപദവിയിലേക്ക് സൗദി അറേബ്യ തെരഞ്ഞെടുക്കപ്പെട്ടത് യോഗത്തിൽ ചർച്ചയായ വിവരം ആക്ടിങ് മീഡിയ സഹമന്ത്രിയും ശൂറ കൗൺസിൽ കാബിനറ്റ് അംഗവുമായ ഡോ. ഇസ്സാം ബിൻ സഅദ് ബിൻ സഈദ് വെളിപ്പെടുത്തി. ആഗോള വിനോദ സഞ്ചാര മേഖലയുടെ സുസ്ഥിരവും സമഗ്രവുമായ വികസനത്തിന് വേണ്ടതെല്ലാം സൗദി അറേബ്യ ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Saudi Cabinet praises King Salman International Airport masterplan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.