ജുബൈൽ: സെപ്റ്റംബർ 11 ഭീകരാക്രമണത്തിെൻറ 20ാം വാർഷികത്തിൽ സൗദി അറേബ്യ അമേരിക്കൻ ജനതയോടും അതിെൻറ നേതൃത്വത്തോടും ഐക്യദാർഢ്യം പ്രകടിപ്പിച്ചു. വാഷിങ്ടണിലെ സൗദി എംബസി വക്താവ് ഫഹദ് നാസർ തെൻറ ഔദ്യോഗിക ട്വിറ്ററിലാണ് ഐക്യദാർഢ്യ സന്ദേശം കുറിച്ചത്. സെപ്റ്റംബർ 11ന് അമേരിക്കയിൽ ആക്രമണം നടത്തിയ ഭീകരർ സൗദിയിലെ ജനങ്ങളെയും നേതൃത്വത്തെയും സൈനിക ഉദ്യോഗസ്ഥരെയും മാത്രമല്ല മക്ക, മദീന തുടങ്ങിയ പുണ്യസ്ഥലങ്ങളെ പോലും പലതവണ ലക്ഷ്യം വെച്ചിട്ടുണ്ട്.
അൽഖാഇദയെയും മറ്റു തീവ്രവാദ ഗ്രൂപ്പുകളെയും നേരിടാൻ സൗദി അറേബ്യയും അമേരിക്കയും പതിറ്റാണ്ടുകളായി ഒരുമിച്ചു പ്രവർത്തിച്ചുവരികയാണ്. ഭീകരവാദത്തിെൻറ വേരുകൾ ഇല്ലാതാകുന്നതുവരെ തങ്ങൾ പോരാട്ടം തുടരും. ദുരന്തത്തെ ചുറ്റിപ്പറ്റിയുള്ള സുതാര്യതക്കായി രാജ്യം എപ്പോഴും വാദിച്ചു. അമേരിക്കക്കെതിരായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ പുറത്തുവിട്ടതിനെ യു.എസിലെ സൗദി എംബസി സ്വാഗതം ചെയ്തിരുന്നു.
9/11 കമീഷനും '28 പേജുകൾ' എന്ന് വിളിക്കപ്പെടുന്ന രേഖകളും ഉൾപ്പെടെയുള്ള മുൻകാല അന്വേഷണങ്ങൾ സൗദി ഭരണകൂടത്തിനോ ഉദ്യോഗസ്ഥർക്കോ ഭീകരാക്രമണത്തെക്കുറിച്ച് മുൻകൂർ അറിവുണ്ടായിരുന്നുവെന്നോ അതിൽ പങ്കെടുത്തിരുന്നുവെന്നോ ഉള്ളതായി തെളിവുകളൊന്നുമില്ലെന്ന് വ്യക്തമാക്കിയിരുന്നു.
ആക്രമണത്തിെൻറ ആസൂത്രണത്തിലോ നിർവഹണത്തിലോ ഏതെങ്കിലും വിധത്തിൽ പങ്കുള്ളതായും തെളിയിക്കപ്പെട്ടിട്ടില്ല. തീവ്രവാദ ധനസഹായം തടയുന്നതിനുള്ള ശ്രമങ്ങൾ, പൊതുമേഖലയിലും ഓൺലൈനിലും തീവ്രവാദ ആശയങ്ങളെ ചെറുക്കാനുള്ള സമഗ്രമായ തന്ത്രങ്ങൾ, മേഖലയിലുടനീളമുള്ള ഭീകര സംഘടനകളുടെ തോൽവി എന്നിവയിൽ രാജ്യം അഭിമാനിക്കുന്നു. അമേരിക്കയുടെ തീവ്രവാദവിരുദ്ധ പങ്കാളിയാണ് സൗദി.
രണ്ടു രാജ്യങ്ങളും ഒരുമിച്ച് ഇറാഖിലും സിറിയയിലും ഐ.എസിനെ പ്രതിരോധിച്ചു. അറേബ്യൻ ഉപദ്വീപിലെ അൽഖാഇദക്കും യമനിൽ ഐ.എസിനും കനത്ത തിരിച്ചടി നൽകി. 20 വർഷത്തിനിടയിൽ തീവ്രവാദ ഗൂഢാലോചന തടസ്സപ്പെടുത്താനും ഇല്ലാതാക്കാനുമുള്ള സൗദിയുടെയും അമേരിക്കയുടെയും ഏകോപിത പ്രവർത്തനം ആയിരക്കണക്കിന് സൗദികളുടെയും അമേരിക്കക്കാരുടെയും ജീവൻ രക്ഷിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.