ജിദ്ദ: നഗരത്തിലെ പൊതുഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്ന് വിഭാഗം യാത്രക്കാർക്ക് ബസ് ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ജിദ്ദ ട്രാൻസ്പോർട്ട് കമ്പനി. മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, വിദ്യാർഥികൾ എന്നിവർക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് അധികൃതർ അറിയിച്ചു.
സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ യാത്ര സുഗമമാക്കുന്നതിനും കുറഞ്ഞ ചെലവിൽ യാത്ര സൗകര്യം ഉറപ്പാക്കുന്നതിനുമാണ് കമ്പനിയുടെ ഈ പുതിയ നീക്കം.
ഈ ഇളവ് പ്രയോജനപ്പെടുത്തുന്നതിനായി ഗുണഭോക്താക്കൾ ജിദ്ദ ട്രാൻസ്പോർട്ട് കമ്പനിയുടെ ഇലക്ട്രോണിക് സിസ്റ്റം വഴി അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. അപേക്ഷയോടൊപ്പം അർഹത തെളിയിക്കുന്ന അനുബന്ധ രേഖകളും അറ്റാച്ചുചെയ്യണം. അപേക്ഷകൾ ഉദ്യോഗസ്ഥർ പരിശോധിച്ച് അംഗീകാരം നൽകിക്കഴിഞ്ഞാൽ ഉപഭോക്താവിന് കാർഡ് അനുവദിക്കും.
തുടർന്ന് ആക്ടിവേഷൻ കോഡ് ലഭിക്കുന്ന മുറയ്ക്ക് ബന്ധപ്പെട്ട വകുപ്പ് വഴി കാർഡ് സജീവമാക്കി ഉപഭോക്താവിന് കൈമാറുന്നതാണ് നടപടിക്രമം. ഇതോടെ നിശ്ചിത വിഭാഗത്തിലുള്ളവർക്ക് ജിദ്ദയിലെ പൊതുഗതാഗത ബസുകളിൽ യാത്ര ചെയ്യുമ്പോൾ ടിക്കറ്റ് നിരക്കിലെ കിഴിവ് നേരിട്ട് പ്രയോജനപ്പെടുത്താനാകുമെന്ന് കമ്പനി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.