‘എബോള’ വൈറസ്: കെനിയയിലേക്കുള്ള യാത്രക്ക് സൗദി താൽകാലിക വിലക്കേർപ്പെടുത്തി

റിയാദ്: എബോളയെ ചെറുക്കാൻ കെനിയയിലേക്കുള്ള യാത്രക്കും അവിടെ നിന്നുള്ള വരവിനും സൗദി അറേബ്യ താൽക്കാലിക വിലക്കേർപ്പെടുത്തി. രോഗവ്യാപന സാഹചര്യത്തെക്കുറിച്ച് ബന്ധപ്പെട്ട ആരോഗ്യ കേന്ദ്രങ്ങൾ നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ‘എബോള’ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറയ്ക്കുന്നതിന് സൗദി കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.

ഇതിന്റെ ഭാഗമായി പൗരന്മാർ കെനിയയിലേക്ക് യാത്ര ചെയ്യുന്നത് താൽക്കാലികമായി വിലക്കുകയും കെനിയയിൽ നിന്നുള്ളവർക്ക് എല്ലാ തരത്തിലുമുള്ള വിസകൾ നൽകുന്നത് നിർത്തിവെക്കുകയും രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്തു. ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കെനിയയിൽ നിന്നോ അല്ലെങ്കിൽ സൗദിയിലെത്തുന്നതിന് മുമ്പുള്ള 21 ദിവസത്തിനുള്ളിൽ രോഗവ്യാപനമുണ്ടായ മറ്റ് രാജ്യങ്ങളിലോ താമസിച്ച ശേഷം മറ്റ് രാജ്യങ്ങൾ വഴി സൗദിയിലെത്തുന്നവർക്കും ഈ നിയന്ത്രണം ബാധകമായിരിക്കും.

2019 ജൂലൈ മുതൽ രാജ്യം നടപ്പിലാക്കാൻ തുടങ്ങിയതും എബോള വൈറസ് ബാധിക്കാൻ സാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 2026 മേയിൽ കൂടുതൽ കർശനമാക്കിയതുമായ പ്രതിരോധ നടപടികളുടെ തുടർച്ചയായാണ് ഈ പുതിയ തീരുമാനങ്ങൾ.

കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിലേക്കുള്ള പൗരന്മാരുടെ യാത്രയും അവിടെ നിന്നുള്ളവരുടെ വരവും സൗദി അറേബ്യ 2026 ജൂണിൽ താൽക്കാലികമായി നിരോധിച്ചിരുന്നു. ഇതിനൊപ്പം രോഗവ്യാപന മേഖലകളോട് ചേർന്നുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കായി പരിശോധനകളും കൂടുതൽ ശക്തിപ്പെടുത്തിയിരുന്നു. പ്രവേശന കവാടങ്ങളിലെ ആരോഗ്യ പരിശോധന, മഹാമാരി നിരീക്ഷണം മുൻകൂട്ടിയുള്ള ആരോഗ്യ പ്രതികരണ സംവിധാനങ്ങൾ സജീവമാക്കൽ എന്നിവയും നടത്തിയിരുന്നു.

അതേ സമയം, രാജ്യത്തെ ആരോഗ്യ സാഹചര്യം തൃപ്തികരമാണെന്നും അത് കൃത്യമായും തുടർച്ചയായും നിരീക്ഷിച്ചുവരികയാണെന്നും പൊതുജനാരോഗ്യ അതോറിറ്റിയായ ‘വിഖായ’ വ്യക്തമാക്കി. പ്രാദേശികമായും അന്തർദേശീയതലത്തിലുമുള്ള മഹാമാരിയുടെ പുതിയ മാറ്റങ്ങൾ രാജ്യാന്തര-പ്രാദേശിക തലങ്ങളിലെ ബന്ധപ്പെട്ട ഏജൻസികളുമായി ഏകോപിപ്പിച്ച് നിരീക്ഷിക്കുന്നത് തുടരുമെന്നും അതോറിറ്റി പറഞ്ഞു. കൂടാതെ, സ്ഥിതിഗതികളുടെ മാറ്റങ്ങൾക്കനുസരിച്ച് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്നും ഇത് ആരോഗ്യ പ്രതികരണ സജ്ജമാക്കൽ ശക്തിപ്പെടുത്തുകയും എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുകയും ചെയ്യുമെന്നും അതോറിറ്റി പറഞ്ഞു.

Tags:    
News Summary - Saudi Arabia Temporarily Bans Travel to Kenya Due to Ebola Virus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.