പ്രവാസികളുടെ പരാതികൾ കേട്ട് ഇന്ത്യൻ അംബാസഡർ; പരിഹാരത്തിന് നേരിട്ടുള്ള ഇടപെടൽ
റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികളുടെ പ്രശ്നങ്ങളും പരാതികളും നേരിട്ടറിയാനും പരിഹാരനടപടികൾ വേഗത്തിലാക്കാനുമായി ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഓപ്പൺ ഹൗസിൽ അംബാസഡരുടെ സജീവ സാന്നിധ്യം ശ്രദ്ധേയം.
ഒക്ടോബർ 29ന് എംബസി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഇന്ത്യൻ പൗരന്മാരുടെ പരാതികൾ അംബാസഡറും മുതിർന്ന എംബസി ഉദ്യോഗസ്ഥരും നേരിട്ട് കേട്ടു. തൊഴിൽപരമായ തർക്കങ്ങൾ, ശമ്പള കുടിശ്ശിക, സാമ്പത്തിക പ്രശ്നങ്ങൾ, സർവീസ് ആനുകൂല്യങ്ങൾ, തൊഴിൽ നഷ്ടം, നിയമപരമായ തടസ്സങ്ങൾ തുടങ്ങി പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങളാണ് ഓപ്പൺ ഹൗസിൽ ഉന്നയിക്കപ്പെട്ടത്.
പലവിധ കാരണങ്ങളാൽ പ്രതിസന്ധിയിലായവരും ദീർഘകാലമായി പരിഹാരം കാത്തിരിക്കുന്നവരും തങ്ങളുടെ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി.ഓരോരുത്തരുടെയും പരാതി ശ്രദ്ധയോടെ കേട്ട അംബാസഡർ, വിഷയത്തിന്റെ സ്വഭാവമനുസരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നേരിട്ട് നിർദേശങ്ങൾ നൽകുകയും തുടർനടപടികൾ സ്വീകരിക്കാൻ ചുമതലപ്പെടുത്തു കയും ചെയ്തു.
പ്രവാസികളുടെ വ്യക്തിപരവും തൊഴിൽപരവുമായ പരാതികൾക്ക് നേരിട്ട് ശ്രദ്ധ ലഭിക്കുന്നു എന്നതാണ് ഓപ്പൺ ഹൗസിന്റെ പ്രധാന പ്രത്യേകത.സാധാരണ നടപടിക്രമങ്ങളിലൂടെ പരിഹാരം കണ്ടെത്താൻ പ്രയാസപ്പെടുന്നവർക്ക് അംബാസഡറുടെ മുന്നിൽ നേരിട്ട് പ്രശ്നങ്ങൾ അവതരിപ്പിക്കാനും ആവശ്യമായ ഇടപെടൽ തേടാനും ഇതിലൂടെ അവസരം ലഭിക്കുന്നു.
പരാതികൾ കേൾക്കുന്നതിൽ മാത്രം ഒതുങ്ങാതെ പരിഹാരം കാണുന്നതിനുള്ള തുടർനടപടികൾക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്ന രീതിയും പ്രവാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. സൗദിയുടെ വിവിധ മേഖലകളിൽ കഴിയുന്ന ഇന്ത്യൻ സമൂഹത്തിന് എംബസിയുമായുള്ള നേരിട്ടുള്ള ആശയ വിനിമയത്തിനും തങ്ങളുടെ അവകാശങ്ങളും പ്രശ്നങ്ങളും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും ഇത്തരം ഓപ്പൺ ഹൗസുകൾ സഹായകമാകുന്നു. ഇന്ത്യൻ പൗരന്മാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനും മുൻഗണന നൽകുന്ന എംബസിയുടെ നിരന്തരമായ ഇടപെടലുകളുടെ ഭാഗമായാണ് ഓപ്പൺ ഹൗസ് സംഘടിപ്പിച്ചത് വരുന്നത്.
ഈ മാസമായ ആദ്യവാരം നടന്ന ഓപ്പൺ ഹൗസിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു, മുൻകൂട്ടി റജിസ്റ്റർ ചെയ്താണ് ഓപ്പൻ ഹൗസിലേക്ക് എത്തേണ്ടതെന്ന് എംബസി വൃത്തങ്ങൾ ഓർമിപ്പിച്ചു.
ഇന്ത്യൻ എംബസി നടത്തി വരുന്ന ഓപ്പൺ ഹൗസ് ഇടനിലക്കാരില്ലാതെ എംബസിയിൽ എത്താനും അംബാസഡർ ഉൾപ്പടെയുള്ളവരെ നേരിട്ട് കാണാനുമുള്ള അപൂർവ അവസരമാണ്. ഓപ്പൺ ഹൗസിൽ പങ്കെടുത്ത് പരാതി നൽകിയവരുടെ കേസുകളിലെല്ലാം സാധ്യമായ രീതിയിൽ എംബസി ഇടപെട്ട് പരിഹാരം കാണുന്നത് പ്രവാസികൾക്കിടയിൽ പുതിയ പ്രതീക്ഷയുണ്ടാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.