റിയാദ്: സൗദി അറേബ്യയിൽ എൻജിനീയറിങ്, പ്രൊക്യുർമെൻറ് മേഖലകളിൽ സ്വദേശിവത്കരണ നിരക്ക് വർധിപ്പിക്കാൻ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. പുതിയ ഉത്തരവ് പ്രകാരം എൻജിനീയറിങ് തസ്തികകളിൽ 30 ശതമാനവും പ്രൊക്യുർമെൻറ് തസ്തികകളിൽ 70 ശതമാനവുമാണ് സ്വദേശിവത്കരണ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
കൂടാതെ, എൻജിനീയറിങ് മേഖലയിലെ സ്വദേശികൾക്ക് കുറഞ്ഞ വേതനം 8,000 റിയാലായി ഉയർത്താനും മന്ത്രാലയം തീരുമാനിച്ചു. മുനിസിപ്പൽ ഗ്രാമീണകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. അഞ്ചോ അതിലധികമോ എൻജിനീയർമാരുള്ള സ്ഥാപനങ്ങളിൽ 30 ശതമാനം സ്വദേശികളായിരിക്കണം. പ്രൊക്യുർമെൻറ് മേഖലയിൽ 70 ശതമാനമാണ് സ്വദേശിവത്കരണം. എൻജിനീയർമാർക്ക് കുറഞ്ഞ പ്രതിമാസ ശമ്പളം 8,000 റിയാലാണ്. 46 എൻജിനീയറിങ് തസ്തികകളും 12 പ്രൊക്യുർമെൻറ് തസ്തികകളും പുതിയ നിബന്ധനയുടെ പരിധിയിൽ വരും.
1. എൻജിനീയറിങ് (46 തസ്തികകൾ): സിവിൽ, ആർക്കിടെക്റ്റ്, മെക്കാനിക്കൽ, പവർ ജനറേഷൻ, ഇൻഡസ്ട്രിയൽ, ഇലക്ട്രോണിക്സ്, ഓട്ടോമോട്ടീവ്, മറൈൻ, സാനിറ്ററി എൻജിനീയർമാർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ ഇതിൽ ഉൾപ്പെടും. ഇവർക്ക് സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്സിന്റെ (എസ്.സി.ഇ) അംഗീകാരം നിർബന്ധമാണ്.
2. പ്രൊക്യുർമെൻറ് (12 തസ്തികകൾ): പർച്ചേസിങ് മാനേജർ, പർച്ചേസിങ് ഏജൻറ്, കോൺട്രാക്ട് മാനേജർ, വെയർഹൗസ് മാനേജർ, ലോജിസ്റ്റിക്സ് മാനേജർ, വെയർഹൗസ് മാനേജർ, ടെണ്ടർ സ്പെഷലിസ്റ്റ്, പ്രൊക്യുർമെൻറ് സ്പെഷലിസ്റ്റ്, ഇ-കൊമേഴ്‌സ് സ്പെഷലിസ്റ്റ്, മാർക്കറ്റ് റിസർച് സ്പെഷലിസ്റ്റ്, ഇൻവെൻററി സ്പെഷ്യലിസ്റ്റ്, വെയർഹൗസ് സ്പെഷ്യലിസ്റ്റ്, പ്രൈവറ്റ് ലേബൽ സോഴ്‌സിങ് സ്പെഷലിസ്റ്റ് തുടങ്ങിയ തസ്തികകളിലാണ് 70 ശതമാനം സ്വദേശിവത്കരണം ഏർപ്പെടുത്തുന്നത്.
സ്വദേശി യുവതീയുവാക്കൾക്ക് കൂടുതൽ മികച്ച തൊഴിലവസരങ്ങൾ ഉറപ്പാക്കാനും സ്വകാര്യ മേഖലയിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കാനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. തൊഴിൽ വിപണിയിലെ പഠനങ്ങൾക്ക് ശേഷമാണ് ഈ മാറ്റങ്ങൾ കൊണ്ടുവരുന്നത്. തീരുമാനം ഔദ്യോഗികമായി പുറപ്പെടുവിച്ച് ആറ് മാസത്തിന് ശേഷം പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. സ്ഥാപനങ്ങൾക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ അനുവദിച്ചിട്ടുള്ള ‘ഗ്രേസ് പീരിയഡ്’ പ്രയോജനപ്പെടുത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. നടപടിക്രമങ്ങൾ സംബന്ധിച്ച ഗൈഡ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.